Image

മിത്രാസിന്റെ കേളികൊട്ടുയരുന്നു; ഇത്തവണ ഷോര്‍ട്ട് ഫിലിം അവാര്‍ഡും

Published on 05 July, 2017
മിത്രാസിന്റെ കേളികൊട്ടുയരുന്നു; ഇത്തവണ ഷോര്‍ട്ട് ഫിലിം അവാര്‍ഡും
ഓരോ വര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന മിത്രാസ് ഫെസ്റ്റിവല്‍ ഇത്തവണ നൂറില്‍പ്പരം പ്രതിഭകളെയാണ് ഓഗസ്റ്റ് 12-ന് മോണ്ട് ക്ലയര്‍ യൂണിവേഴ്സിറ്റി ആര്‍ട്സ് സെന്ററില്‍ അവതരിപ്പിക്കുക. 35 കലാകാരന്മാരില്‍ തുടങ്ങി കഴിഞ്ഞവര്‍ഷം അത് 88-ല്‍ എത്തി. ട്രൈസ്റ്റേറ്റിനു പുറമെ അറ്റ്ലാന്റാ, ഒറിഗണ്‍, പെന്‍സില്‍വേനിയ എന്നിവടങ്ങളില്‍ നിന്നും മറ്റും കലാകാരന്മാര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് കലാപ്രകടനത്തിന് എത്തുന്നു.

'കളേഴ്സ്' എന്നു പേരിട്ട നാലാമത് വര്‍ണ്ണോത്സവത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമുകള്‍ക്ക് (മലയാളം മാത്രം) ആറ് അവാര്‍ഡുകളും നല്‍കുന്നു. നടന്‍, നടി, സംവിധായകന്‍, ഫിലിം, ഗായകന്‍, മ്യൂസിക് ഡയറക്ടര്‍ തുടങ്ങിയവ.

അമേരിക്കയിലുള്ളവര്‍ക്ക് മാത്രമാണ് അവാര്‍ഡുകള്‍ നല്‍കുകയെന്ന് മിത്രാസ് രാജന്‍ ചീരന്‍ പറഞ്ഞു. ഇവിടെ നിന്നുള്ളവര്‍ നാട്ടില്‍ പോയി ഫിലിം എടുത്താല്‍ നാട്ടിലെ അഭിനേതാക്കളെ കണക്കിലെടുക്കില്ല. 25-ല്‍പ്പരം ഫിലിമുകള്‍ ലഭിച്ചതില്‍ 15 എണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. വിജയികളെ തീരുമാനിക്കുന്നത് പ്രശസ്ത നടി മന്യ, സംവിധായകന്‍ അജയന്‍ വേണുഗോപാല്‍, സംവിധായകന്‍ ജയന്‍ മുളങ്ങാട്, നടനും പ്രൊഡ്യൂസറുമായ ടോം കോലത്ത്, ഗായകന്‍ മിഥുന്‍ ജയരാജ് തുടങ്ങിയവരാണ്.

ഏതു തത്വത്തിന്റെ അടിസ്ഥാനത്തിലാണോ മിത്രാസ് രൂപംകൊണ്ടത് അതു ഷോര്‍ട്ട് ഫിലിമിന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. അതായത് ഇവിടുത്തെ കലാകാരന്മാര്‍ക്കുള്ള വേദിയാണിത്. അവരെ അംഗീകരിക്കാനുള്ള വേദി. ഫിലിമിന്റെ കാര്യത്തിലും അതിനു മാറ്റമില്ല.

നൃത്തം, ഗാനം, സ്‌കിറ്റുകള്‍ എന്നിവയാണ് കലാപരിപാടികള്‍. റിഹേഴ്സല്‍ തകൃതിയായി നടക്കുന്നു. ഡിട്രോയിറ്റില്‍ ഹിന്ദു സമ്മേളനത്തിനു പോയപ്പോള്‍ പോലും ഒരുപറ്റം കലാകാരികള്‍ റിഹേഴ്സല്‍ മുടക്കിയില്ലെന്നു പറയുമ്പോള്‍ അര്‍പ്പണബോധം വ്യക്തമാകും.

നൃത്തത്തിലും സംഗീതത്തിലും ശുദ്ധ ക്ലാസിക്കലാണ് അവതരിപ്പിക്കപ്പെടുന്നതില്‍ മുഖ്യം. ഇവിടെ ജനിച്ചു വളര്‍ന്നവര്‍ അവരില്‍ നല്ലൊരു പങ്കുണ്ട്. നാട്ടില്‍ നിന്നു വരുന്ന ഏക കലാകാരന്‍ ഗായകന്‍ ഫ്രാങ്കോ ആണ്. പക്ഷെ ഫ്രാങ്കോ അമേരിക്കന്‍ മലയാളി തന്നെ.

യാതൊരു ലാഭവും ലക്ഷ്യം വെച്ചല്ല പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാജന്‍ ചീരന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ജനങ്ങളുടെ അംഗീകാരവും, കലാകാരന്മാര്‍ക്ക് വേദിയൊരുക്കുന്ന സന്തോഷവുമാണ് തന്നേയും മിത്രാസ് പ്രസിഡന്റ് ഡോ. ഷിറാസിനേയും നയിക്കുന്നത്. സാമ്പത്തിക പിന്തുണയുടെ കുറവാണ് ഏറ്റവും വലിയ പ്രശ്നം. എങ്കിലും ക്രമേണ അതില്ലാതാകുമെന്ന പ്രതീക്ഷയുണ്ട്.

ഓരോ പരിപാടിക്കും പ്രത്യേകം ഡയറക്ടര്‍മാരുണ്ട്. സംഗീതത്തിന് ജെംസണ്‍ കുര്യാക്കോസ്, ശാലിനി, നൃത്തത്തിന് പ്രവീണ മേനോന്‍, സ്മിത ഹരിദാസ്, സ്‌ക്രിപ്റ്റ്- രഞ്ജി തോമസ്, മിത്രാസ് രാജന്‍.

ഇതാദ്യമായി ജൂണിയര്‍ മ്യൂസിക് ടീമിനേയും അവതരിപ്പിക്കുന്നു. വസ്ത്രങ്ങളെല്ലാം നാട്ടില്‍ തയാറായി വരുന്നു.

ഫ്ളവേഴ്സ് ചാനലാണ് ടിവി പാര്‍ട്ട്ണര്‍. മീഡിയ ലോജിസ്റ്റികസ്് ശബ്ദവും വെളിച്ചവും. 20 അടിയുള്ള എല്‍.ഇ.ഡി സ്‌ക്രീനില്‍ പരിപാടികള്‍ കാണാം. 
ഇത്തരമൊരു മാമങ്കം സംഘടിപ്പിക്കുന്നതിനു പിന്നിലെ വ്യക്തമായ കാഴ്ചപ്പാട് രാജന്‍ വിശദീകരിക്കുകയും ചെയ്തു. അവാര്‍ഡ് കൊടുക്കാനുള്ള തങ്ങളുടെ യോഗ്യത എന്തെന്ന് ചോദ്യം വരാമെന്നു രാജന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മലയാളി ആയിരിക്കുന്നു എന്നതാണ് യോഗ്യത. ഇവിടെയുള്ള കലാകാരന്മാരെ നാട്ടില്‍ വിളിച്ചുകൊണ്ടുപോയി ആരും ഒരു അവാര്‍ഡുംനല്‍കാന്‍ പോകുന്നില്ല. അവരെ നമ്മള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ആര് അംഗീകരിക്കും?

നാട്ടില്‍ നിന്നു വരുന്ന കലാകാരന്മാര്‍ക്ക് സെലിബ്രിറ്റി എന്ന ലേബലുണ്ട്. പക്ഷെ അവരേക്കാള്‍ മികച്ചവരോ, തുല്യരായവരോ ഒക്കെയുള്ളവര്‍ ഇവിടെ സുലഭമായുണ്ട്. നാട്ടില്‍ കലാരംഗത്ത് തിളങ്ങി നിന്നവര്‍ പലരും ഇവിടെ അജ്ഞാതരായി കഴിയുന്നു. താരപ്പൊലിമ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് അംഗീകാരമില്ല. വേദികള്‍ കിട്ടാറുമില്ല. ഈ കുറവ് നികത്താനുള്ള എളിയ ശ്രമമാണ് മിത്രാസ് നടത്തിവരുന്നത്. ഒരു വര്‍ഷത്തില്‍ ഒരു ദിനം ഇവിടുത്തെ കലാകാരന്മാര്‍ക്കായി നീക്കിവെയ്ക്കുക. അതിനായുള്ള എളിയ ദൗത്യം.

ഇവിടെ കലാകാരന്മാരുണ്ട്. അവര്‍ക്ക് അര്‍പ്പണബോധമുണ്ട്. അവരെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയുമെന്നും മിത്രാസ് തെളിയിച്ചു. ഇനി വേണ്ടത് ഇതൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ്.

അര്‍പ്പണബോധത്തിന്റെ തെളിവും രാജന്‍ നിരത്തി. പുലര്‍ച്ചെ ദൂരെ നിന്ന് വണ്ടി ഓടിച്ചുവന്ന് രാവിലെ ആറര മുതല്‍ ഒമ്പതുവരെ പ്രാക്ടീസ് നടത്തിയവര്‍ നിരവധി. ആരും ഒരു പരാതിയും പറഞ്ഞില്ലെന്നതു തന്നെതെളിവ്. പല സ്ഥലങ്ങളിലായാണ് പ്രാക്ടീസ് നടന്നത്.

കഴിഞ്ഞ വര്‍ഷം പല സംഘങ്ങള്‍ ആലപിച്ച പാട്ടുകള്‍ തെരഞ്ഞെടുത്തതു രാജനാണ്. വിവിധ നൃത്ത സ്‌കൂളുകളില്‍ നിന്നുള്ളവരെ ഏകോപിപ്പിച്ചുള്ള നൃത്തങ്ങളും രൂപകല്‍പ്പന ചെയ്തു. ഒരുമിച്ചുള്ള പ്രാക്ടീസിനു എല്ലാവരുമെത്തി. എല്ലാവര്‍ക്കും അതൊരു ആവേശം തന്നെയായി മാറി. വ്യത്യസ്ഥത പുലര്‍ത്തിയ വസ്ത്രങ്ങള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് അളവിനനുസരിച്ച് തയ്ച്ച് കൊണ്ടുവന്നതാണ്.

നാട്ടില്‍ നിന്നു വലിയ അംഗീകാരങ്ങളും പരിശീലനവും നേടിയ നര്‍ത്തകികളും ഗായകരും ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ ദുഖമുണ്ടെന്നു രാജന്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ നിന്നുള്ള ഷോകള്‍ വരുമ്പോള്‍ കാണാന്‍ പോകുമായിരുന്നു. അതുപോലെ എത്രയോ നല്ല കലാകാരന്മാര്‍ ഇവിടെയും ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മിത്രാസ് പിറന്നത്.

മിത്രാസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമായി സമീപിച്ചത് അനിയന്‍ ജോര്‍ജിനേയും ദിലീപ് വര്‍ഗീസിനേയും ആയിരുന്നുവെന്ന് രാജന്‍ പറഞ്ഞു. ഇരുവരും അന്നുമുതല്‍ തങ്ങളുമായി സഹകരിക്കുന്നു.

വിദ്യാര്‍ത്ഥിയായിരിക്കെ കലാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള രാജന്‍ നാട്ടില്‍ അഡ്വക്കേറ്റായിരുന്നു. ഇവിടെ ബ്ലൂഷില്‍ഡ് ബ്ലൂക്രോസില്‍ ജോലി ചെയ്യുന്നു. ഷിറാസ് ഫിസിഷ്യനാണ്. 
മിത്രാസിന്റെ കേളികൊട്ടുയരുന്നു; ഇത്തവണ ഷോര്‍ട്ട് ഫിലിം അവാര്‍ഡും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക