Image

അമ്മ എന്ന സത്യം (അനുഭവക്കുറിപ്പ്: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 05 July, 2017
അമ്മ എന്ന സത്യം (അനുഭവക്കുറിപ്പ്: സി.ജി. പണിക്കര്‍ കുണ്ടറ)
“അന്ധകാരമാം ഈ ലോക യാത്രയില്‍ ബന്ധുവായി വന്നു വഴി കാട്ടീടണമേ” ഒരു ക്രിസ്തീയ ഗാനത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും എന്റെ “അമ്മായിഅമ്മ” തിരഞ്ഞു പിടിച്ചു പാടിയ വരികള്‍. ലീവ് കഴിഞ്ഞ് എന്റെ മടക്കയാത്രയ്ക്ക് മുന്‍പുള്ള കൂട്ട പ്രാര്‍ത്ഥനയായിരുന്നു രംഗം. എന്റെ മനസ്സൊന്നു പിടഞ്ഞു. എന്തേ അവര്‍ ഈ വരികള്‍ തന്നെ പാടിയത്. മനസ്സില്‍ ഒരായിരം അമിട്ടിന് ഒരുമിച്ച് തിരികൊളുത്തിയതു പോലെ, കര്‍ണ്ണപുടങ്ങള്‍ പൊട്ടിത്തെറിച്ചതുപോലെ.. ഗാനശകലങ്ങള്‍ അകലങ്ങളില്‍ നിന്നും ഒഴുകി വന്നതുപോലെ, ജീവിതം കീറിപ്പറിഞ്ഞ ഒരു പഴന്തുണിയായി മാറിയതുപോലെ എനിക്ക് തോന്നി

ഒരിക്കലും കെടാത്ത ഒരു നെയ്ത്തിരിനാളം ആരോ എന്റെ മനസ്സില്‍ കൊളുത്തി. കണ്ണീരാകുന്ന എണ്ണയില്‍ മനസ്സാക്ഷി അങ്ങനെ എരിഞ്ഞടങ്ങുന്നു. തിരിഞ്ഞ് നോക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഈറനണിഞ്ഞ നയനങ്ങളോട് എപ്പോഴും എന്നിലെ എന്നെ വശ്യമായ പുഞ്ചിരിയോട് തളയ്ക്കാറുള്ള എന്റെ പ്രിയ വധു, സുഖനിദ്രയില്‍ മയങ്ങുന്ന കുഞ്ഞുങ്ങള്‍ ശരീരത്തിന് ഭാരം കുറയുന്നതു പോലെ ആത്മാവ് എന്നെ വിട്ട് പറന്നതു പോലെ. ധൈര്യം സംഭരിച്ച് ഞാന്‍ യാത്രാമൊഴി ചൊല്ലി സഹോദരന്റെ സ്കൂട്ടറില്‍ മുന്നോട്ടു നീങ്ങി. എന്നേയും വഹിച്ച് സ്കൂട്ടറില്‍ സഹോദരന്‍ റയില്‍വേ സ്റ്റേഷനിലേക്ക് പായുകയായിരുന്നു. പുതിയ സ്കൂട്ടര്‍ ഒരു ദീര്‍ഘ ദൂര യാത്ര ചെയ്യുവാന്‍ അവന് കിട്ടിയ അവസരം മണിക്കൂറില്‍ 50-60, 70- എന്ന ക്രമത്തില്‍ കിലോമീറ്റര്‍ സ്പീഡ് കൂടിക്കൊണ്ടിരുന്നു. പിന്നിലിരുന്ന ഞാന്‍ ഇതൊന്നും അിറയുന്നില്ല കാരണം അപ്പോഴും എന്റെ മനസ്സ് അങ്ങകലെ സഹധര്‍മ്മിണിയോട് യാത്ര പറയുകയായിരുന്നു.

പെട്ടന്നായിരുന്നു അത് സംഭവിച്ചത്. സ്കൂട്ടര്‍ മറിഞ്ഞു. വായുവിലൂടെ ഞാനെന്ന മനുഷ്യ ജീവി പറന്നു ദൂരെ തെറിച്ചു വീണു. അപ്പോഴും എന്റെ ലതര്‍ ബോക്‌സ് (leather box) ഞാന്‍ മുറുകെ പിടിച്ചിരുന്നു. വീഴ്ച ശക്തമായിരുന്നു എങ്കിലും നിസ്സാരമായ പരുക്കു മാത്രം. വീണപ്പോള്‍ തല ഇടിച്ചത് പിടിവിടാതിരുന്ന ലതര്‍ ബോക്‌സില്‍ ആയതിനാല്‍ ശിരസ്സ് ഭദ്രം പാര്‍ശ്വത്തില്‍ തന്നെ സഹോദരനും പക്ഷേ സ്കൂട്ടര്‍ അവന്റെ മുകളിലായിരുന്നു. ഭൂമി പിളര്‍ന്ന് എഴുന്നേറ്റു വരുന്ന ഒരു അമാനുഷനെപോലെ അവന്‍ എഴുന്നേറ്റു വരുന്നു. അപ്പോഴേയ്ക്കും പട്ടിണി കിടന്ന വ്യാഘ്രത്തിന്റെ ആക്രമണമേറ്റപോലെ അവന്റെ വസ്ത്രങ്ങള്‍ പാറക്കഷണങ്ങള്‍ ചവച്ചു തിന്നിരുന്നു.

ഞാന്‍ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഞെട്ടിത്തെറിച്ചുപോയി. തൊട്ടു.. തൊട്ടില്ല എന്ന മട്ടില്‍ സഡന്‍ ബ്രേക്കിട്ടു വന്നു നില്‍ക്കുന്ന ഒരു മാരുതി കാര്‍. ഡ്രൈവര്‍ കൈകള്‍ കൂപ്പി അവന്റെ ദൈവത്തെ വിളിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ എന്റെ കാല്‍ മുട്ടോളം മാരുതി വണ്ടിയുടെ അടിയില്‍. എനിക്ക് ഒന്നും പറ്റിയില്ല. പെട്ടെന്ന് എന്റെ മനസ്സില്‍ അമ്മായിയമ്മ പാടിയ ആ വരികള്‍ ഉയര്‍ന്നു വന്നു.

“അന്ധകാരമാം ഈ ലോക യാത്രയില്‍ ബന്ധുവായി വന്നു വഴി കാട്ടീടണമേ”.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക