Image

ട്രംപിന് ജര്‍മനിയില്‍ ഊഷ്മള സ്വീകരണം

Published on 06 July, 2017
ട്രംപിന് ജര്‍മനിയില്‍ ഊഷ്മള സ്വീകരണം

ബെര്‍ലിന്‍: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ജര്‍മനിയില്‍ ഊഷ്മള സ്വീകരണം. അമേരിക്കന്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.54 ന് ഹാംബുര്‍ഗിലെ ഹെല്‍മുട്ട് ഷ്മിഡ്റ്റ് വിമാനത്താവളത്തിലെത്തിയ ട്രംപിനൊപ്പം ഭാര്യ മെലാനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 

ജൂലൈ ഏഴ് എട്ട് തീയതികളില്‍ ഹാംബുര്‍ഗാണ് ജി 20 ഉച്ചകോടിക്ക് വേദിയാകുന്നത്. പോളണ്ട് പ്രസിഡന്റ് അന്ദ്രെ ഡുഡെയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും കൂടിക്കണ്ടതിനുശേഷമാണ് ട്രംപ് ജര്‍മനിയിലെത്തിയത്.

ജി20 ഉച്ചകോടിക്കു വേദിയാകുന്ന ഹാംബുര്‍ഗില്‍ എല്ലാ മേഖലകളിലും തയാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ നഗരത്തിലെ കുപ്രസിദ്ധമായ ചുവന്ന തെരുവും ഉള്‍പ്പെടുന്നു. രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും പ്രക്ഷോഭകരും അടക്കമുള്ളവര്‍ക്ക് ഒരുപോലെ സ്വാഗതമോതുന്ന ഇവിടെ ചിലര്‍ക്കു മാത്രം പ്രതിഷേധസൂചകമായും പ്രതീകാത്മകമായും നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നു. 

കനത്ത സുരക്ഷാ സന്നാഹമാണ് ഹാംബുര്‍ഗില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരം മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാണ്. 20,000 പോലീസുകാരാണ് സുരക്ഷാ സംവിധാനം നിയന്ത്രിക്കുന്നത്. റോഡ് വായു ജലഗതാഗതം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണ്. ഹാംബുര്‍ഗിനു മേലുള്ള വ്യോമഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

ജി 20 ഉച്ചകോടിക്കെതിരെ ശക്തമായ പ്രതിഷേധം ജര്‍മനിയില്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ഒരുതരത്തിലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിനോ മറ്റു സംഘടനകള്‍ക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരാണ് മെര്‍ക്കല്‍ ഭരണകൂടത്തിന് ഇപ്പോള്‍ തലവേദന. ഇവരുടെ മറവില്‍ എന്തെങ്കിലും ഭീകരാക്രമണ ഉണ്ടാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. സകല പഴുതും അടച്ചുള്ള കനത്ത സുരക്ഷാ സന്നാഹം ജര്‍മനിയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക