Image

മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തിയ മലയാള സിനിമ (അനില്‍ കെ പെണ്ണുക്കര)

Published on 06 July, 2017
മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തിയ മലയാള സിനിമ (അനില്‍ കെ പെണ്ണുക്കര)
ആരംഭകാലം തൊട്ടേ സിനിമ വിവാദ മേഖലയാണ് . അത് നിക്ഷിപ്ത താല്പര്യക്കാരുടെ കൈകളിലുമാണ് .  ന്യൂ യോര്‍ക്കില്‍ നിന്നു അമേരിക്കന്‍ സിനിമാ നിര്‍മ്മാണം ഹോളിവുഡിലേക്ക് മാറിയതിനെക്കുറിച്ചു വായിച്ചത് ഓര്‍ക്കുന്നു. 

കൂടുതല്‍ വെളിച്ചമുള്ള ഇടമായതല്ല ,മെക്‌സിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന കൊച്ചു പ്രദേശമായതിനാലാണ് ഹോളിവുഡിനെ സ്വീകാര്യമാക്കിയത് . ധനപ്രവാഹവും വിനിയോഗവും ചോദ്യരഹിതമായി നിര്‍വ്വഹിക്കുവാന്‍ ഇത്തരമൊരു സ്ഥലം ഉപകരിക്കുമെന്നും കണക്കു കൂട്ടിയിട്ടുണ്ടാകും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക വികസിപ്പിച്ച മനഃശാസ്ത്ര അധിനിവേശ പരമ്പരകളുടെ പരീക്ഷണങ്ങള്‍ ഇവിടെവച്ചാണ് നടന്നത്. അതിനൊഴുക്കിയ ഡോളറുകള്‍ വലിയൊരു മാഫിയാ വ്യവസായ കൂട്ടുകെട്ടിനും വഴി തെളിച്ചു . വന്‍കിട മാധ്യമ ശ്രിംഖലകളും വിനോദ വ്യവസായ സംരംഭങ്ങളും അതിനോടൊപ്പം ഉണ്ടായിത്തുടങ്ങി. പണക്കൊഴുപ്പിന്റെ പകരം വയ്ക്കാനില്ലാത്ത മേഖലയായി ഹോളിവുഡും മാറി. 

ഇന്ത്യയിലേക്ക് വരുമ്പോള്‍ സിനിമകളുടെ ഈറ്റില്ലമാണ്, അധോലോക സാധ്യതകളുടെ നഗരമാണ് സിനിമാ കേന്ദ്രമായി വളര്‍ന്നത് . ബോളിവുഡ് തുടക്കം മുതല്‍ അധമ വാസനകളുടെ പിന്നാമ്പുറം കാത്തു പോന്നിട്ടുണ്ട് . കള്ളപ്പണക്കാരുടെ കേന്ദ്രമായിരുന്നു അത് .

മലയാള സിനിമ കൊച്ചിയിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ കാരണവും ഈ അധോലോക ബന്ധങ്ങള്‍ അല്ലാതെ മറ്റെന്താണ് . അവിടെ കുമിഞ്ഞു കൂടുന്ന പണം തന്നെയാണ് കുറ്റകൃത്യത്തെ പ്രഖ്യാപിക്കുന്നതു . പ്രേക്ഷകരുടെ ഷെയര്‍ കൂടിയാണ് സിനിമാ വ്യവസായത്തിന്റെ നിക്ഷേപമെങ്കിലും അക്കാര്യം ആരും ഓര്‍ക്കാറില്ല. അടിമത്തത്തിന്റെ ആനന്ദമാണ് പല തിയേറ്ററുകളിലും കയ്യടികളാകുന്നത് .

ദീര്‍ഘകാലം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പ്രേം നസീര്‍ . എന്നാല്‍, വലിയൊരു വിഭാഗം മലയാളികള്‍ നസീറിനെ ഇന്നും ആദരവോടെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ അധോലോക ബന്ധങ്ങള്‍ കൊണ്ടല്ല . അദ്ദേഹം മലയാളികളുടെ മനസ്സില്‍ കോറിയിട്ട വയ്ക്തിത്വം കൊണ്ടാണ് . ഒരു മനുഷ്യന് അതിനേക്കാള്‍ വലിയ സമ്പാദ്യമെന്തിന്. പണമല്ലല്ലോ മനുഷ്യന്റെ യഥാര്‍ഥസമ്പത്ത്.

കലയ്ക്കുവേണ്ടി ജീവിതമര്‍പ്പിച്ച അവരെയൊന്നും പണം പ്രലോഭിപ്പിച്ചിരുന്നില്ല. നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ റോളിലേക്ക് ആദ്യം നിശ്ചയിച്ചതു ശങ്കരാടിയെയായിരുന്നു. എന്നാല്‍, അതു തന്നേക്കാള്‍ നന്നായി ചെയ്യാന്‍ സാധിക്കുക പി.ജെ ആന്റണിക്കാണെന്നു പറഞ്ഞ് ആന്റണിയോട് റോള്‍ സ്വീകരിക്കാന്‍ ശങ്കരാടി അഭ്യര്‍ഥിച്ചു. മലയാളത്തിന് ആദ്യമായി ഭരത് അവാര്‍ഡ് വാങ്ങിത്തന്ന റോള്‍ കൈയില്‍ വന്നിട്ടും അതു സഹപ്രവര്‍ത്തകനു വച്ചു നീട്ടിയ മനസിന്റെ വലുപ്പം മാത്രമല്ല, താന്‍ അഭിനയിച്ചില്ലെങ്കിലും സിനിമ കൂടുതല്‍ മെച്ചപ്പെടണമെന്ന തികഞ്ഞ കലാകാരന്റെ ആഗ്രഹം കൂടി ആ ത്യാഗത്തില്‍നിന്നു വായിച്ചെടുക്കാനാകും. അത്രയധികം നന്മനിറഞ്ഞതായിരുന്നു മലയാള സിനിമ.
അതൊക്കെ പഴങ്കഥ. 

പുതിയ മലയാള സിനിമാ ലോകം അങ്ങനെയല്ല. അധാര്‍മിക സമ്പത്തും ക്രിമിനലിസവും അധോലോക താല്‍പര്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന വൃത്തികെട്ട ഇടമാണ്. പണം വാരിയെടുക്കാന്‍ എന്തു നെറികേടും കാട്ടാന്‍ മടിക്കാത്ത താരങ്ങള്‍, ഫാന്‍സ് അസോസിയേഷനെന്ന പേരില്‍ ക്രിമിനലുകളുള്‍പ്പെട്ട സംഘത്തെ തീറ്റിപ്പോറ്റി കൃത്രിമ ഇമേജ് പൊലിപ്പിച്ചെടുക്കുകയും അവരെക്കൊണ്ടു സഹ പ്രവര്‍ത്തകരുടെ സിനിമ കൂക്കിവിളിച്ചും പോസ്റ്റര്‍ കീറിച്ചും തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്റ്റാറുകള്‍, സിനിമാ, രാഷ്ട്രീയ മേഖലകളുടെ അഹിത ബന്ധങ്ങള്‍.
അത്തരമൊരു ദൂഷിതലോകത്തു സ്വാഭാവികമാണു നടി ആക്രമിക്കപ്പെട്ടതുപോലുള്ള സംഭവങ്ങള്‍. ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്നു നേരും നെറിയും പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണു ഈ ദിവസങ്ങളില്‍ നാം ബഹുമാനിക്കുന്ന പലരില്‍ നിന്നും കണ്ടത് . കൃത്രിമമായി ഉണ്ടാക്കിയെടുത്ത സുന്ദരമുഖങ്ങളുമായി താരങ്ങളെന്നു പറഞ്ഞു നടക്കുന്ന ക്രിമിനല്‍ മനസുള്ളവ
ര്‍   മലയാള സിനിമയെ നയിക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.

പ്രേക്ഷകര്‍ തിയറ്ററുകളില്‍ നല്‍കുന്ന പണം കുമിഞ്ഞു കൂടിയാണു സിനിമാ രംഗത്തെ അധാര്‍മികതയ്ക്കു വളമാകുന്നത്. ഈ താരങ്ങളെ അവഗണിച്ച് അര്‍പ്പണ ബോധത്തോടെ കഷ്ടപ്പെട്ടു പണം സ്വരൂപിച്ചു സിനിമയെടുക്കുന്ന സാധാരണക്കാരായ സിനിമാ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചു മലയാളി സഹൃദയ ലോകം ആലോചിക്കേണ്ട സമയമാണിത്. കലാകാരനെന്ന നാമത്തിനു പിന്നില്‍ കൊള്ളമുതലിന്റെ ഉടമയെന്ന സ്വകാര്യ വിലാസം ഒളിഞ്ഞു കിടക്കുന്നത് കാണാതിരുന്നു കൂടാ.
മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തിയ മലയാള സിനിമ (അനില്‍ കെ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക