Image

സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തെ തളളിപ്പറഞ്ഞ്‌ മുന്‍ ഡിജിപി സെന്‍കുമാര്‍

Published on 07 July, 2017
സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തെ തളളിപ്പറഞ്ഞ്‌ മുന്‍ ഡിജിപി  സെന്‍കുമാര്‍

സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തെ തളളിപ്പറഞ്ഞ്‌ മുന്‍ ഡിജിപി സെന്‍കുമാര്‍. വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.താന്‍ പറഞ്ഞത്‌ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ല. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്‌ത ദിവസം തെളിവില്ലെന്നായിരുന്നു പറഞ്ഞത്‌. തെളിവുകള്‍ ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടിയിരുന്നത്‌. 

അഭിമുഖം തുടങ്ങുന്നത്‌ പോലും നിങ്ങള്‍ ആദ്യം എഴുതിയിരിക്കുന്നത്‌ തെറ്റാണെന്ന്‌ പറഞ്ഞിട്ടാണ്‌. അതൊന്നും കൊടുത്തിട്ടില്ല. ഒന്നര മണിക്കൂര്‍ ഒരാള്‍ അവിടെ വന്നിരുന്ന്‌ ആകെ ഒരു പേജേ ഉണ്ടാകുവെന്നത്‌ വിശ്വസിക്കാന്‍ പാടില്ലല്ലോ. 

ആ സമയത്ത്‌ തനിക്ക്‌ 15 ഓളം ഫോണ്‍ കോള്‍സ്‌ വന്നിരുന്നു. അതുപോലെ വേറെ ഒരാള്‍ അവിടെ ഉണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇതിന്‌ വേണ്ടി വന്നതല്ല സമകാലിക മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്‍. ഞാന്‍ 55 ദിവസം എന്ത്‌ ചെയ്‌തുവെന്ന്‌ അറിയാന്‍ വേണ്ടി വന്നതാണ്‌.

 ഇത്‌ മറ്റുളളവരോട്‌ താന്‍ ഫോണില്‍ സംസാരിച്ച എന്തങ്കിലും കാര്യങ്ങള്‍ ആയിരിക്കും റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍. എന്നോട്‌ പറയാതെയാണ്‌ റെക്കോഡ്‌ ചെയ്‌തത്‌. ഇന്നലെ എന്നെ വിളിച്ച്‌ പറഞ്ഞു, സാറിനോട്‌ റെക്കോഡ്‌ ചെയ്യുമെന്ന കാര്യം. റെക്കോഡ്‌ ചെയ്യുകയാണെങ്കില്‍ നമുക്ക്‌ അറിയുമല്ലോ അതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

സാധിക്കുന്ന തെളിവുകള്‍ ശേഖരിക്കേണ്ടതാണ്‌. നേരത്തെ ചെയ്യണമായിരുന്നു. കേസില്‍ കോ ഓഡിനേഷന്‍ താന്‍ കണ്ടില്ലെന്നത്‌ ബോധ്യമായ കാര്യമാണ്‌. അല്ലാതെ ഒരു ടീമിന്റെ ലീഡര്‍ ഇല്ലാതെ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നടക്കുമോ.

 ദിനേന്ദ്രകശ്യപിന്‌ അറിയാത്ത കാര്യങ്ങള്‍ വന്നു. എന്തുകൊണ്ട്‌ അദ്ദേഹത്തെ ചോദ്യം ചെയ്യലിന്‌ വിളിച്ചില്ല. അദ്ദേഹത്തെ വിളിച്ചുവെന്ന്‌ അല്ലേല്‍ ആരെങ്കിലും പറയട്ടെ. അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ്‌ തനിക്ക്‌ അറിയാന്‍ കഴിഞ്ഞിരിക്കുന്നതെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഈ രണ്ടു മാസവും ഡോക്ടര്‍ സന്ധ്യ ഈ കേസില്‍ എന്നല്ല മറ്റൊരു കേസിലും തന്നെ ബ്രീഫ്‌ ചെയ്‌തിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ തെളിവും സംശയവും രണ്ട്‌ ഭാഗങ്ങളാണ്‌. ആ കേസില്‍ ആ ദിവസം വരെ ഒരാളെ പ്രതിയാക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു. 

തീര്‍ച്ചയായും സംശയങ്ങള്‍ ഉണ്ടായിരിക്കാം. ഇപ്പോള്‍ ടീം ലീഡര്‍ അറിഞ്ഞാണ്‌ പ്രവര്‍ത്തനം നടക്കുന്നതെന്നത്‌ വളരെ സന്തോഷമുളള കാര്യമാണ്‌. അന്വേഷണ സംഘത്തിലുളളവര്‍ തന്നെ പറഞ്ഞത്‌ നമുക്ക്‌ കോടതിയില്‍ കൊടുക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല എന്നാണ്‌. വേറെ സംശയങ്ങളുണ്ട്‌ എന്നാണ്‌.

 ദിലീപിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയിട്ടില്ല. സംശയിക്കുന്നയാളെ അനുകൂലിക്കുന്ന സാഹചര്യമാണ്‌ പറഞ്ഞത്‌. എതിരഭിപ്രായങ്ങളും പറഞ്ഞു. എന്നാല്‍ അതെന്ത്‌ കൊണ്ടാണ്‌ പ്രിന്റ്‌ ചെയ്യാത്തതെന്ന്‌ തനിക്കറിയില്ലെന്നും അഭിമുഖത്തിനായി വന്നയാള്‍ റെക്കോഡ്‌ ചെയ്യുമെന്ന്‌ തന്നോട്‌ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക