Image

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹാംബൂര്‍ഗില്‍

ജോര്‍ജ് ജോണ്‍ Published on 07 July, 2017
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹാംബൂര്‍ഗില്‍
ഹംബൂര്‍ഗ് (ജര്‍മ്മനി): ലോകനേതാക്കള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹംബൂര്‍ഗില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഇന്ന് തുടങ്ങുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദോഗാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി ലോകത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നു.

പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക എന്ന സന്ദേശവുമായി നടക്കുന്ന ഈ സമ്മേളനത്തില്‍ ഭീകരത നേരിടല്‍, സാമ്പത്തികപരിഷ്‌കാരങ്ങള്‍, കാലാവസ്ഥ വ്യതിയാനം, ലോകവ്യാപാരം എന്നിവയാണ് മുഖ്യഅജണ്ട. ഇതിനുപുറമെ കുടിയേറ്റം, സുസ്ഥിരവികസനം തുടങ്ങിയവയും ചര്‍ച്ചയാകും.

കാലാവസ്ഥവ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം, തുറന്ന വ്യാപാരം എന്നീ വിഷയങ്ങളിലെ ട്രംപിന്റെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം പാരീസ് ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനാണ് ഇന്ത്യ അടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ തീരുമാനം.ജി20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളുടെ യോഗവും ചേരുന്നുണ്ട്. അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, മെക്‌സിക്കോ, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തും.

അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി. ഉച്ചകോടിക്കെതിരെ വിവിധ കൂട്ടായ്മകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹംബൂര്‍ഗിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. 15,000 പൊലീസുകാരെയാണ് സമ്മേളനവേദിയിലും പരിസരങ്ങളിലുമായി സുരക്ഷക്ക് നിയോഗിച്ചിരിക്കുന്നത്. കൂടാതെ വിമാനത്താവള, ട്രെയിന്‍ സുരക്ഷക്കായി 4000 പൊലീസുകാരെയും ജര്‍മനി നിയോഗിച്ചിട്ടുണ്ട്.



ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹാംബൂര്‍ഗില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക