Image

മാതാപിതാക്കളെ കൊന്ന്‌ കിണറ്റില്‍ തള്ളി; മകന്‍ അറസ്റ്റില്‍

Published on 07 July, 2017
മാതാപിതാക്കളെ കൊന്ന്‌ കിണറ്റില്‍ തള്ളി; മകന്‍ അറസ്റ്റില്‍
പന്തളം : പെരുമ്പുളിക്കല്‍ പടുകോട്ടുക്കലില്‍ അച്ഛനെയും അമ്മയെയും മകന്‍ തലയ്‌ക്കടിച്ച്‌ കൊന്ന്‌ മൃതദേഹങ്ങള്‍ വീടിന്‌ പിന്നിലുളള പൊട്ടക്കിണറ്റില്‍ തളളി. സംഭവം നടന്ന്‌ പത്ത്‌ ദിവസത്തിനു ശേഷം മകന്‍ പൊലീസ്റ്റേഷനിലെത്തി കീഴടങ്ങി. 

പന്തളം തെക്കേക്കര പെരുമ്പുളിക്കലിന്‌ സമീപം പടുകോട്ടുക്കല്‍ കാഞ്ഞിരവിളയില്‍ ജോണി എന്ന്‌ വിളിക്കുന്ന കെ എം ജോണ്‍ (70), ഭാര്യ ലീലാമ്മ (63) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. മകന്‍ മജോ എന്ന്‌ വിളിക്കുന്ന മാത്യൂസ്‌ ജോണിനെ (33) പന്തളം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പൊലീസ്‌ സംഭവത്തെക്കുറിച്ച്‌ പറയുന്നതിങ്ങനെ:

 25ന്‌ പകല്‍ 2ന്‌ വീടിന്റെ മുകള്‍ നിലയിലെ കുളിമുറിയില്‍ പൈപ്പ്‌ നന്നാക്കുകയായിരുന്ന മജോ അച്ഛനുമായി വഴക്കിട്ടു. മജോയുടെ മകളെക്കുറിച്ച്‌ മോശമായി സംസാരിച്ചതിനാണ്‌ വഴക്കിട്ടത്‌. വാക്കേറ്റത്തിനിടയില്‍ ജോണിന്റെ തലയില്‍്‌ മജോ ഇടിച്ചു. ഇടിയേറ്റ ജോണ്‍ തറയില്‍ വീണു. മജോ വെളിയില്‍പോയി കനമുളള കമ്പുമായി വന്ന്‌ ജോണിന്റെ തലയ്‌ക്ക്‌ വീണ്ടും അടിച്ച്‌ മരണം ഉറപ്പാക്കി.

ഈ സമയം അമ്മ ലീലാമ്മ വീട്ടിലില്ലായിരുന്നു. വൈകീട്ട്‌ നാലിന്‌ വീട്ടിലെത്തിയ ലീലാമ്മ ജോണിന്റെ മൃതദേഹം കണ്ട്‌ നിലവിളിച്ചു. മജോ ഇതേ കമ്പുപയോഗിച്ച്‌ ലീലാമ്മയുടെയും തലയ്‌ക്കടിച്ച്‌ വീഴ്‌ത്തി മരണം ഉറപ്പാക്കി. 

അന്ന്‌ രാത്രി വീട്ടില്‍ കഴിഞ്ഞ മജോ 26ന്‌ ഉച്ചയ്‌ക്ക്‌ കനത്ത മഴയായതിനാല്‍ മൃതദേഹങ്ങള്‍ വെവ്വേറെ ചാക്കുകളില്‍ കയറ്റി വരിഞ്ഞുകെട്ടി കാറില്‍ രണ്ട്‌ തവണയായി വീടിന്റെ പിന്നിലുളള പുരയിടത്തിലെത്തിച്ച്‌ പൊട്ടക്കിണറ്റിലിട്ടു. ഇവരുടെ വസ്‌ത്രങ്ങളും കിണറ്റിലെറിഞ്ഞു. വീടിനുളളിലെ രക്തക്കറയും കഴുകി വൃത്തിയാക്കി.

മാലിന്യമിട്ടിരുന്ന കിണറായിരുന്നു ഇത്‌. റബര്‍ വെട്ടുകാരന്‍ കിണറ്റില്‍നിന്ന്‌ ദുര്‍ഗന്ധം വരുന്നെന്ന്‌ പറഞ്ഞപ്പോള്‍ ജൂലൈ ഒന്നിന്‌്‌ ജെസിബി വിളിച്ച്‌ കിണര്‍ മൂടി. മാലിന്യം കിടക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ കിണര്‍ മൂടുകയാണെന്നുമാണ്‌ ജെസിബി ഓപ്പറേറ്ററോട്‌ പറഞ്ഞത്‌. എന്നാല്‍ കിണറ്റില്‍ മണ്ണ്‌ വീഴുന്നതിനിടയില്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നത്‌ കണ്ട മജോ പണി മതിയാക്കി ജെസിബിക്കാരനെ പറഞ്ഞ്‌ വിട്ടു.

ഭാര്യ നിഷയും കുട്ടിയും 20 ദിവസമായി അവരുടെ വീട്ടില്‍ പോയിരുക്കുകയാണ്‌. ഞാറാഴ്‌ച ജോണും ഭാര്യയും പളളിയില്‍ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജോണിന്റെ ഖത്തറിലുള്ള മൂത്തമകന്‍ ലിജോ ജോണ്‍ വ്യാഴാഴ്‌ച രാവിലെ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ്‌ വീട്ടിലെത്തി അന്വേഷണം ആരംഭിച്ച സമയത്ത്‌ തന്നെ മജോ സ്റ്റേഷനിലെത്തി കീഴടങ്ങി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക