Image

വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ ബന്ധുക്കളും ഗ്രാമവാസികളും

Published on 07 July, 2017
വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍  നടുക്കം മാറാതെ ബന്ധുക്കളും  ഗ്രാമവാസികളും

പന്തളം : വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍   നടുക്കം മാറാതെ ബന്ധുക്കളും  ഗ്രാമവാസികളും. നാട്ടില്‍ സമ്പത്തും സ്വത്തുക്കളും ഏറെയുളള  പ്രമുഖവീട്ടിലെ വൃദ്ധ ദമ്പതികളെ മകന്‍ കൊലചെയ്യാനിടയായ സാഹചര്യത്തിലെ ദുരൂഹതയും ഞെട്ടലും ഗ്രാമവാസികളെ ഏറെ കുഴക്കുകയാണ്‌. 

പലപ്പോഴും പോട്ടയിലെ ധ്യാനകേന്ദ്രത്തില്‍ പോകുമായിരുന്ന കെ എം ജോണിനെയും ലീലാമ്മയെയും ഇടയ്‌ക്ക്‌ വീട്ടില്‍ കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നുമായിരുന്നില്ല. ഇതാണ്‌ ഇവരെ 10 ദിവസമായി കാണാതിരുന്നിട്ടും ബന്ധുക്കളും നാട്ടുകാരും സംശയിക്കാതിരുന്നത്‌. 

എന്നാല്‍ മകന്‍ മജോ എന്ന മാത്യൂജോണ്‍ അടുത്ത ബന്ധുക്കളുമായി പോലും ഏറെ അടുക്കാറില്ലെന്ന്‌ കൊല്ലപ്പെട്ട ജോണിന്റെ സഹോദരങ്ങള്‍ പറയുന്നു. 

 മാതാപിതാക്കളുമായി മജോ ഇടയ്‌ക്ക്‌ വഴക്ക്‌ ഉണ്ടാകുമായിരുന്നെന്നും എന്നാല്‍ അത്‌ ഇത്രത്തോളം ദാരുണമായ കൊലപാതകത്തില്‍ എത്താനുളളത്ര തീവ്രമായിരുന്നെന്ന്‌ നാട്ടുകാരും ബന്ധുക്കളും വിശ്വസിക്കുന്നില്ല. 

പട്ടാളത്തിലെ സിഗ്‌നല്‍ മേഖലയില്‍ ജോലിചെയ്‌തിരുന്ന ജോണ്‍ പൊതുവെ കാര്‍ക്കശ്യക്കാരനായിരുന്നു.  ലീലാമ്മയാകട്ടെ സാധു പ്രകൃതമുളള സ്‌ത്രീയായിരുന്നെന്ന്‌ ബന്ധുക്കളും നാട്ടുകാരും പറയുന്നു. 

പതിവായി പളളിയിലെത്തുന്ന ദമ്പതികളെ ഒരാഴ്‌ചയായി കാണാനില്ലാത്തത്‌ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയില്‍ സംശയം ഉണ്ടാക്കിയിരുന്നു. സമീപത്ത്‌ താമസിക്കുന്ന സഹോദരന്‍ കെ എം സൈമണും കുടുംബവും വിവരം തിരക്കിയപ്പോള്‍ പോട്ടയില്‍ ധ്യാനത്തിന്‌ പോയിരിക്കുകയാണെന്നാണ്‌ മജോ പറഞ്ഞത്‌. 

എന്നാല്‍ മജോയുടെ ഭാര്യ നിഷയും ഖത്തറിലുളള സഹോദരന്‍ ലിജോയും മൊബൈലില്‍ ജോണിനെയും ലീലാമ്മയെയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട്‌ സാധിച്ചുമില്ല. ഇതിനിടെ ഖത്തറില്‍ നിന്ന്‌ സഹോദരന്‍ ലിജോ മജോയെ വിളിച്ചിട്ട്‌ അപ്പച്ചനെ വിളിച്ചിട്ട്‌ കിട്ടുന്നില്ലല്ലോടാ നീ അപ്പച്ചനെ കൊന്നോടാ എന്ന്‌ ചോദിച്ചപ്പോള്‍ കൊന്ന്‌ കിണറ്റിലിട്ടിട്ടുണ്ട്‌ എന്ന്‌ നിസ്സാരമായി മറുപടി പറഞ്ഞതാണ്‌ സംശയം ബലപ്പെടുത്തിയത്‌. 

തുടര്‍ന്നാണ്‌ ലിജോ കൊല്ലപ്പെട്ട ജോണിന്റെ സഹോദരന്‍ സൈമണിനോട്‌ പറഞ്ഞ്‌ പന്തളം സിഐയ്‌ക്ക്‌ പരാതി നല്‍കുന്നതും പൊലീസ്‌ സ്റ്റേഷനില്‍ വിളച്ച്‌ പറയുന്നതും. മജോയുടെ മകളെക്കുറിച്ച്‌ മോശമായി സംസാരിച്ചതിനാണ്‌ വഴക്കുണ്ടാക്കി കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ മജോ പറയുന്നു

പെണ്‍കുട്ടികളായ കൊച്ചുമക്കളെ ജോണിന്‌ ഇഷ്ടമല്ലെന്നാണ്‌ കാരണമായി മജോ പറഞ്ഞത്‌. വാക്കേറ്റത്തിനിടയില്‍ ജോണിന്റെ തലയുടെ വശത്ത്‌ മജോ കൈചുരുട്ടി ഇടിച്ചു. നേരത്തെ ഈ ഭാഗത്ത്‌ അപകടത്തെത്തുടര്‍ന്ന്‌ ഓപ്പറേഷന്‍ ചെയ്‌തിരുന്നതിനാല്‍ ആഘാതത്താല്‍ ജോണ്‍ മുഖമടിച്ച്‌ തറയില്‍ വീണു. 

 മജോ വെളിയില്‍പോയി കനമുളളകമ്പ്‌ എടുത്തുകൊണ്ട്‌ വന്ന്‌ ജോണിന്റെ തലയ്‌ക്ക്‌ വീണ്ടും അടിച്ച്‌ മരണം ഉറപ്പാക്കി. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്‌ പുറത്ത്‌ പോയിരിക്കുകയായിരുന്ന അമ്മ ലീലാമ്മ നാലുമണിയോടെ മടങ്ങിയെത്തി ജോണിനെ അന്വേഷിച്ചു. 

ജോണ്‍ മുകളിലുണ്ടെന്ന്‌ മജോ പറഞ്ഞതനുസരിച്ച്‌ മുകളിലെത്തിയ ലീലാമ്മ ജോണിന്റെ മൃതദേഹം കണ്ട്‌ നിലവിളിച്ചു. ഈ സമയം മജോ ഇതേ കമ്പുപയോഗിച്ച്‌ ലീലാമ്മയുടെയും തലക്കടിച്ച്‌ വീഴ്‌ത്തി മരണം ഉറപ്പാക്കി. 

 രാത്രി വീട്ടില്‍ കഴിഞ്ഞ മജോ 26ന്‌ ഉച്ചയ്‌ക്ക്‌ കനത്തമഴയത്ത്‌ മൃതദേഹങ്ങള്‍ വെവ്വേറെ ചാക്കുകളില്‍ കയറ്റി കയറുപയോഗിച്ച്‌ വരിഞ്ഞുകെട്ടി കാറില്‍ രണ്ട്‌ തവണയായി ഇവ വീടിന്റെ പിന്നിലുളള പുരയിടത്തിലെത്തിച്ച്‌ പൊട്ടക്കിണറ്റിലിട്ടു. ഇവരുടെ വസ്‌ത്രങ്ങളും കിണറ്റിലെറിഞ്ഞു. 

മടങ്ങിയെത്തി വീടിനുളളിലെ രക്തക്കറയും മറ്റും കഴുകി കളഞ്ഞ്‌ വൃത്തിയാക്കി. വലിയ വൃസ്‌തൃതിയുളള പുരയിടത്തില്‍ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന വീടായതിനാല്‍ നിലവിളിയും സംഭവവും സമീപത്തുളള ബന്ധുക്കള്‍ ആരും അറിഞ്ഞില്ല.

എന്നാല്‍ പറമ്പില്‍ റബര്‍ വെട്ടാനെത്തുന്ന പണിക്കാരന്‍ കിണറ്റില്‍ നിന്ന്‌ ദുര്‍ഗന്ധം വരുന്നെന്ന്‌ പറഞ്ഞപ്പോള്‍ പട്ടി ചത്ത്‌ കിടക്കുവായിരിക്കുമെന്നായിരുന്നു മജോയുടെ മറുപടിയെന്ന്‌ അയാള്‍ പറഞ്ഞു. പണിക്കാരന്‍സ്റ്റാന്‍ലിക്ക്‌ സംശയം വന്നതിനാലാണ്‌  ജെസിബി വിളിച്ച്‌ വരുത്തി കിണര്‍ മൂടിയത്‌. 

വേസ്റ്റ്‌ കിടക്കുന്നതിനാല്‍ ദുര്‍ഗന്ധം വരുന്നുണ്ടെന്നും അതിനാല്‍ കിണര്‍ മൂടുകയാമെന്നാണ്‌ ജെ സിബി ഓപ്പറേററോട്‌ പറഞ്ഞത്‌. എന്നാല്‍ കിണറ്റില്‍ മണ്ണ്‌ വീഴുന്നതിനിടയില്‍ മതദേഹം പൊങ്ങിവരുന്നത്‌ കണ്ട മജോ പണി മതിയാക്കിച്ചിട്ട്‌ ജെസിബിക്കാരനെ പറഞ്ഞ്‌ വിട്ടു. 

ഭാര്യ നിഷയും കുട്ടിയും കഴിഞ്ഞ 20 ദിവസമായി അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നതിനാല്‍ അവര്‍ വിവരം അറിഞ്ഞില്ല. ഭാര്യ ഇത്തരത്തില്‍ കുറേക്കാലം വീട്ടില്‍പോയി നില്‍ക്കുമെന്ന്‌ മജോ പറയുന്നുണ്ടെങ്കിലും പൊലീസ്‌ ഇതും അന്വേഷിക്കും.

കേവലം ഒരു വഴക്ക്‌ ഉണ്ടായപ്പോള്‍ തന്നെ മാതാപിതാക്കളെ കൊന്നു തളളിയെന്ന മജോയുടെ ന്യായീകരണവും പൊലീസ്‌ വിശ്വസിക്കുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ്‌ പൊലീസ്‌ നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹങ്ങള്‍ ജെസിബി ഉപയോഗിച്ച്‌ കിണര്‍ പൊളിച്ച്‌ പുറത്തെടുത്തത്‌.

ജില്ലാ പൊലീസ്‌  സംഘം ഇന്‍ക്വസ്റ്റ്‌ നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക