Image

ജി20 ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കമായി

Published on 07 July, 2017
ജി20 ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കമായി

ബെര്‍ലിന്‍: ജി20 ഉച്ചകോടിക്ക് ജര്‍മനിയിലെ ഹാംബര്‍ഗില്‍ വെള്ളിയാഴ്ച തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെ ലോകത്തെ മുന്‍ നിരനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ ലോകം ഹാംബുര്‍ഗിലേയ്ക്ക് ചരുങ്ങിയിരിക്കുകയാണ്.

പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക’ എന്ന സന്ദേശവുമായി നടക്കുന്ന ദ്വിദിനസമ്മേളനത്തില്‍ ആഗോളഭീകരതയെ നേരിടല്‍, സാന്പത്തികപരിഷ്‌കാരങ്ങള്‍, കാലാവസ്ഥവ്യതിയാനം, ലോകവ്യാപാരം എന്നിവയാണ് മുഖ്യഅജണ്ട. കുടിയേറ്റം, സുസ്ഥിരവികസനം, ആഗോളസ്ഥിരത എന്നിവയും ചര്‍ച്ചയില്‍വരും. അഴിമതി നിര്‍മാര്‍ജനവും ചര്‍ച്ച വിഷയമാണെങ്കിലും ഇക്കാര്യത്തില്‍ ഏകീകൃതനയം രൂപപ്പെടാന്‍ സാധ്യത കുറവാണ്. 

ജി 20 ഉച്ചകോടിക്കായി ഹാംബുര്‍ഗിലെത്തിയ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും കൂടിക്കാഴ്ച നടത്തിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം കൊടുന്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് കൂടിക്കണ്ടത്. ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെയാണ് മോദിയും ചിന്‍പിംഗും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും വ്യക്തമാക്കിയിട്ടില്ല. 

കാലാവസ്ഥ വ്യതിയാനം, തുറന്ന വ്യാപാരം എന്നീ വിഷയങ്ങളില്‍ മറ്റു രാഷ്ട്ര നേതാക്കളില്‍നിന്ന് വിഭിന്നമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നിലപാട് സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. ലോകനേതാക്കളുമായി നരേന്ദ്ര മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യദിവസം തന്നെ ആഗോളഭീകരതക്കെതിരായ പോരാട്ടം എന്ന വിഷയമാണ് ചര്‍ച്ചയായത്. ശനിയാഴ്ചയാവും സംയുക്ത പ്രസ്താവന.

ഇത്തവണയും ഉച്ചകോടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ട്രംപ് ഉള്‍പ്പെടെയുള്ള ഭരണത്തലവന്മാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് പ്രതിഷേധം. ഞായറാഴ്ച മുതല്‍ പല കൂട്ടായ്മകളും ഹാംബര്‍ഗില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത് 15,000 പോലീസുകാരെയാണ് സമ്മേളനവേദിയിലും പരിസരങ്ങളിലുമായി സുരക്ഷക്ക് നിയോഗിച്ചത്. വിമാനത്താവള, ട്രെയിന്‍ സുരക്ഷക്കായി 4000 പോലീസുകാര്‍ വേറെയുമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക