Image

രാജശേഖരന്‍ കണ്ട വെള്ളാനകള്‍ (ഡോ.ബാബുപോള്‍)

ഡോ.ബാബുപോള്‍ Published on 08 July, 2017
രാജശേഖരന്‍ കണ്ട വെള്ളാനകള്‍ (ഡോ.ബാബുപോള്‍)
സര്‍ക്കാരുദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതത്തിലെ ഓര്‍മ്മകള്‍ പൊതുജനങ്ങളുമായി പങ്ക് വയ്ക്കുന്ന സമ്പ്രാദയത്തിന് മലയാളത്തില്‍ അരനൂറ്റാണ്ട് പോലും പഴക്കം ഇല്ല. ഐ.സി.എസ്. ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പല കൃതികളും ഏറെ പ്രചാരം നേടിയിരുന്നു. കെ.പി.എസ്. മേനോന്‍, എസ്.കെ.ചേറ്റൂര്‍, നൊറോണ തുടങ്ങിയ പേരുകള്‍ പെട്ടെന്ന് ഓര്‍മ്മവരുന്നു.

മലയാളത്തില്‍ ഇങ്ങനെ ഒരു പുസ്തകത്തെപ്പറ്റി ആദ്യം ചിന്തിച്ചത് ഡി.സി.കിഴക്കേമുറി ആയിരുന്നു. കളക്ടറായിരുന്ന അഞ്ച് സംവത്സരങ്ങളില്‍ നാലും ഒരേ ജില്ലയില്‍ ചെലവഴിച്ച ഒരു കളക്ടറുടെ യാത്രയയപ്പു യോഗത്തിലാണ് ഡി.സി. ഈ നിര്‍ദ്ദേശം വച്ചത്. യോഗാദ്ധ്യക്ഷനായിരുന്ന മന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ അത് ശരിവച്ചു. ആ കളക്ടര്‍ അതിന് മുന്‍പ് തന്നെ രണ്ട് പുസ്തകങ്ങള്‍ എഴുതിയിരുന്നു എന്നതാവാം ഡി.സി.യെ ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ പ്രേരിപ്പിച്ചത്.
ഡി.സി.ബുക്‌സിന്റെ ഒന്നാം വാര്‍ഷികത്തിന് പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങളില്‍ ഒന്ന് ആ ഓര്‍മ്മക്കുറിപ്പുകള്‍ ആയിരുന്നു. 1976 ജൂണ്‍ പുസ്തകത്തിന്റെ പേര് ഗിരിപര്‍വ്വം. പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് ആ കൃതിയുടെ രണ്ടാം പതിപ്പ് സാഹിത്യപ്രവര്‍ത്തക സംഘം പുറത്തിറക്കിയിട്ടുണ്ട്. നാഷ്ണല്‍ ബുക്‌സ്റ്റോള്‍ എന്‍.ബി.എസ്- ഒരു വലിയ ശൃംഖല ആയതിനാല്‍ വിറ്റു തീര്‍ന്നു കാണണം. അറിഞ്ഞുകൂടാ.

തോട്ടം രാജശേഖരന്റെ 'ഉദ്യോഗപര്‍വ്വം' ആയിരുന്നു പിന്നെ വന്നത് എന്ന് തോന്നുന്നു. ഗ്രന്ഥകാരന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ച ആ രചന അഭിപ്രായഭേദങ്ങള്‍ ഉണര്‍ത്തി. അതിനോടകം പെന്‍ഷന്‍ പറ്റിയിരുന്നതിനാല്‍ തോട്ടം ആ സ്വാതന്ത്ര്യം ഉപയോഗിച്ചു എന്ന് തോന്നുന്നു.

ഏതാണ്ട് ഒപ്പം വന്നതാണ് 'എന്റെ ഐ.എ.എസ്.ദിനങ്ങള്‍' എന്ന മലയാറ്റൂര്‍ രചന. ആ കൃതി ഖണ്ഡം: പ്രസിദ്ധീകരിച്ച വാരികയാണ് അതിനെ സര്‍വ്വീസ് സ്റ്റോറി എന്ന് വിശേഷിപ്പിച്ചത്. മലയാറ്റൂരിന്റെ പ്രശസ്തി 'സര്‍വ്വീസ് സ്റ്റോറി' യെ ആത്മകഥയുടെ ഒരു ശാഖയാക്കി മാറ്റി.

ആ വഴി നടക്കാന്‍ പിന്നെ അനേകര്‍ ഉണ്ടായി. ഏഴ് പതിപ്പുകളിലൂടെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട സര്‍വ്വീസ് സ്റ്റോറി ആയ 'കഥ ഇതുവരെ'യും ആദ്യപതിപ്പ് പോലും വിറ്റുതീരാത്ത കഥകളും ഉള്‍പ്പെടെ ധാരാളം കൃതികള്‍ ഇക്കായളവില്‍ പുറത്തുവരികയും ചെയ്തു.
സര്‍വ്വീസ് സ്റ്റോറികള്‍ വായിക്കപ്പെടുന്നത് പൊതുജനങ്ങള്‍ക്ക് സാമാന്യേന അപരിചിത മേഖലകളിലേയ്ക്ക് അവ വെളിച്ചം വീശുന്നതിനാലാണ്. ഈയിടെ സര്‍വ്വീസില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു പുസ്തകത്തിലൂടെ ശിക്ഷാനടപടിക്ക് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ക്ഷണം സ്വീകരിക്കപ്പെടുമോ എന്ന് പറയാറായിട്ടില്ലെങ്കിലും. ആ പുസ്തകം വ്യാപകമായി വായിക്കപ്പെടും എന്നതില്‍ സംശയം വേണ്ട. സമകാലസംഭവങ്ങളാണല്ലോ പ്രതിപാദ്യം. പെന്‍ഷനായതിന് ശേഷം എഴുതുമ്പോള്‍ കൂടുതല്‍ ത്യാജ്യഗ്രാഹ്യവിവേചനം വേണ്ടതുണ്ട്. ഏത് സര്‍വ്വീസ് ചട്ടങ്ങളുടെ എല്ലുകകള്‍ കാക്കാനല്ല. സംഭവം നടന്ന് അനേകവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്ന സ്ഥിതി വായനക്കാരില്‍ ഭൂരിപക്ഷത്തിനും ഗ്രന്ഥകാരനുള്ളത്ര സജീവമായ ഓര്‍മ്മ ഇല്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രശ്‌നം. ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവ നടന്ന കാലത്ത് ജനിച്ചിട്ടില്ലാതിരുന്നവര്‍ക്കും വായിക്കാന്‍ തോന്നുന്ന രീതിയില്‍ വേണം അവ അവതരിപ്പിക്കുവാന്‍. അവിടെയാണ് സര്‍വ്വീസ് സ്റ്റോറിയുടെ 'ക്രാഫ്റ്റ്' പ്രസക്തമാകുന്നത്.

ശ്രീമാന്‍ വി.രാജശേഖരന്‍ എഴുതിയ 'വെള്ളക്കെട്ടിടത്തിലെ വെള്ളാനകള്‍ക്കൊപ്പം' എന്ന കൃതി അത്യന്തം പാരായണക്ഷമമായ ഒരു രചനയാണ്. സര്‍വ്വീസ് വിശേഷങ്ങളിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് തന്നെ രാജശേഖരന്‍ ഒരു നിരീക്ഷകനും ഒരു എഴുത്തുകാരനും ആണ് എന്ന് നമുക്ക് ഗ്രഹിക്കാം.
സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മകളുടെ വീട്ടില്‍ എത്തുന്ന കഥ പറയുമ്പോള്‍ നിരീക്ഷകന്റെ മനസ്സും എഴുത്തുകാരന്റെ പേനയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ രചന കവിതയായി മാറുന്നത് സ്വന്തം നാടിനെക്കുറിച്ച് പറയുമ്പോഴാണ്. മുതുകുളം ചില്ലറക്കാരുടെ സ്ഥലമല്ല എന്ന് നമുക്കൊക്കെ അറിയാം. എന്നാല്‍ മുതുകുളത്തെക്കുറിച്ച് രാജന്‍ എഴുതിയിട്ടുള്ളത് ആ നാട്ടിന്‍പുറത്തിന്റെ നന്മയെക്കുറിച്ചും വശ്യചാരുതയെക്കുറിച്ചും ചിന്തിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നതാണ്. മുതുകുളം രാഘവന്‍പിള്ളയും മുതുകുളം പാര്‍വ്വതിയമ്മയും മുതുകുളം സുകുമാരനും മുതുകുളമുദ്ര പേരില്‍ ചാര്‍ത്താത്ത പത്മരാജനും അക്ബര്‍ ശങ്കരപിള്ളയും മഹാദേവന്‍തമ്പിയും ഒക്കെ പരാമര്‍ശിക്കപ്പെടുമ്പോള്‍ ആ നാടിന്റെ പുണ്യത്തെക്കുറിച്ചാണ് നാം ഓര്‍ക്കുക. വി.കെ.രമേശ്, ഹരികൃഷ്ണന്‍, കൃഷ്ണകുമാരന്‍ തമ്പി എന്നീ സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അവരെയൊക്കെ അറിയുമായിരുന്ന അസ്മദൃശന്മാരുടെയും കണ്ണുകള്‍ ഈറനണിയുന്നു.
അതോടൊപ്പം പൊക്കിളോളം തൂങ്ങിയ മുലകള്‍ ഉണ്ടായിരുന്ന മന്തിത്തട്ടാത്തിയാണ് വാര്‍ത്താവിതരണരംഗത്തെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത് എന്നും 'തട്ടാത്തി, റേഡിയോ ഇല്ലാത്ത അക്കാലത്ത് വലിയ ആശ്വാസമായിരുന്നു' എന്നും വായിക്കുമ്പോള്‍ രാജന്റെ നര്‍മ്മരസം നമുക്ക് പുഞ്ചിരി പകരുന്നു. എള്ളുകണ്ടത്തിന്റെ സൗന്ദര്യമാകട്ടെ ഗ്രന്ഥകാരനിലെ കാല്പനിക കവിയെ ഉണര്‍ത്തുന്നതായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

 ആറാട്ടുമുണ്ടന്‍, പൂന്തുറസ്വാമി, മായി അമ്മ തുടങ്ങിയവര്‍ മുതല്‍ സ്വന്തം ഗുരുക്കന്മാരായ എം.പി.മന്മഥന്‍, എം.ശിവറാം വരെ ഉള്ളവരെ രേഖാചിത്രങ്ങള്‍ രാജന്‍ അയന്തലളിതമായി അക്ഷരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. മദ്യവിരുദ്ധനായ മന്മഥന്‍സാറിന്റെയും ജേര്‍ണലിസം പഠിപ്പിക്കുന്നതിനിടെ പച്ചവെള്ളം എന്ന മട്ടില്‍ വോഡ്ക മോന്തി തൊണ്ട നനച്ചിരുന്ന ശിവറാമിന്റെയും ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് എളുപ്പത്തില്‍ മറയുകയില്ല.

 പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത് പറയുമ്പോള്‍ മുതല്‍ അവസാനം വരെ രാജശേഖരന് തോട്ടം രാജശേഖരന്റെ മട്ടാണ്. ശത്രുസംഹാരത്തിന് ഓരേ ലൈന്‍. എന്നാല്‍ ഒപ്പം ഒരുപാട് നല്ല സംഗതികള്‍ പറഞ്ഞു പോകുന്നുണ്ട്.

ഇടുക്കിയില്‍ ആയിരുന്നു രാജന്റെ ആദ്യനിയമനം. അയ്യയ്യോ എന്ന് കളക്ടര്‍ വിളിച്ചിരുന്ന സ്‌നേഹം മാത്രം കൈമുതലായ ഇടുക്കി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രനാഥന്‍നായര്‍ പോയതിന് ശേഷം ആയിരുന്നു രാജന്‍ എത്തിയത് എന്ന് തോന്നുന്നു. ജി. വിവേകാനന്ദന്‍, തോട്ടം രാജശേഖരന്‍, ടി.കെ.സി.വടുതല, കെ.അശോകന്‍, എന്‍.മോഹനന്‍ എന്നിവര്‍ പീയാര്‍ഡി നയിച്ചിരുന്ന കാലം. അവരില്‍ നിന്ന് പഠിച്ച നല്ല കാര്യങ്ങള്‍ അക്കമിട്ട് പറയുന്നില്ലെങ്കിലും അക്ഷരങ്ങള്‍ക്കിടയില്‍ അവരോടുള്ള ആദരവ് വ്യക്തമായി കാണാം.

ചില വാക്യങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിക്കുന്ന ശക്തി ഭാഷാകുതുകികള്‍ ശ്രദ്ധിച്ചുപോകും. തോട്ടം രാജശേഖരനെക്കുറിച്ച് പറയുന്നത് കാണുക. 'മാന്യരില്‍ മാന്യരായ ദേഹമാണ്. അഴിമതി അടുത്തുകൂടെ പോലും പോയിട്ടില്ല. എന്നീ സാധാരണവാക്യങ്ങള്‍ കഴിഞ്ഞാല്‍ നാം വായിക്കുന്നത് അസാധാരണമായ ആശയപ്രസാരണശേഷി സുവ്യക്തമായ രണ്ട് വാക്യങ്ങള്‍ ആണ്. അതിങ്ങനെ: 'അദ്ദേഹത്തിന് ശരിയാണെന്ന്  തോന്നുന്നതില്‍ ഉറച്ചുനില്‍ക്കും. മറ്റുള്ളവരുടെ ശരിതെറ്റുകള്‍ അദ്ദേഹത്തിന്റെ ഒറ്റയാന്‍ ശരിയോട് പലപ്പോഴും യോജിച്ചിരുന്നില്ല.' ഇതിനെക്കാള്‍ കൃത്യവും ഹ്രസ്വവുമായി തോട്ടം രാജശേഖരനോ നിര്‍വ്വചിക്കാന്‍ കഴിയുകയില്ല.

സര്‍വ്വീസിന്റെ അവസാനനാളുകളില്‍ മാത്രം രാജശേഖരനെ അറിഞ്ഞിട്ടുള്ളവര്‍ക്ക് ഊഹിക്കാനാവാത്ത നേട്ടങ്ങളാണ് ആദ്യപാതിയില്‍ അദ്ദേഹം കൈവരിച്ചത്. അതൊക്കെ പറയുന്ന കൂട്ടത്തില്‍ കക്കൂസില്‍ വീണ് സ്വയം നാറ്റക്കേസായ കഥയും ആവര്‍ത്തിക്കുന്നുണ്ട്. അവിടെയും ഒരു കവിയുണ്ട്. മുറിയിലെത്തി അംഗപ്രത്യംഗം പല ആവര്‍ത്തി കഴുകി സ്േ്രപ അടിച്ചിട്ടും മണം 'എന്റെ' മൂക്കില്‍ തങ്ങിനിന്നിരുന്നു.'

അതിപ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥന്റെ സേവനം സംസ്ഥാനത്തിന് നഷ്ടമായ കഥയാണ് ഈ പുസ്തകത്തിന്റെ ബാക്കിപത്രം. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി അശ്വമേധത്തിന് അഴിച്ചുവിട്ട കുതിരയെ പോലെ അജയ്യനായി വിരാജിച്ചിരുന്ന ഒരു ഉദ്യോഗ്‌സഥന്‍ അര്‍ഹിക്കുന്നതായിരുന്നില്ല രാജശേഖരന്റെ സര്‍വ്വീസിന്റെ ഉത്തരാര്‍ദ്ധം പൊതുവെയും അന്ത്യാപാദം വിശേഷിച്ചും. രാജശേഖരന്റെ ജാതകം പരിശോധിച്ചാല്‍ മാത്രമേ ഈ വിധിവിപര്യയത്തിന് വിശദീകരണം ലഭിക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെ ഒരു യത്‌നത്തില്‍ രാജന് പോലും കൗതുകം ഉണ്ടാകാനിടയില്ലലലോ ഈ വൈകിയ വേളയില്‍.

പീയാര്‍ഡിക്കും സര്‍ക്കാരിനും പുറത്തുള്ള വായനക്കാര്‍ക്ക് ചില സംഗതികള്‍ വേണ്ടത്ര വ്യക്തമായി ഗ്രഹിക്കാനാവാണമെങ്കില്‍ ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി വേണ്ടിവരും എന്നതൊഴിച്ചാല്‍ വായിച്ചുതുടങ്ങിയാല്‍ താഴെ വയ്ക്കാനാവാത്തവണ്ണം മനോഹരമാണ് ഈ പുസ്തകം എന്ന് സാക്ഷ്യപ്പെടുത്തുന്നു. നടരാജാദി ശത്രുളോട് അല്പം കൂടെ കരുണ കാട്ടാമായിരുന്നു എന്ന് പറയവെതന്നെ ശുദ്ധമനസ്‌ക്കനായ ഒരു പച്ചമനുഷ്യനെ തൊട്ടറിയാന്‍ പോന്നതാണഅ രാജന്റെ ശൈലി എന്നും കൂടെ പറയാതെ വയ്യ. അകൃത്രിമം, ലളിതം, സുന്ദരം, ശുഭമസ്തു.

ശ്രീ.രാജശേഖരന്‍- 0471 2344478

രാജശേഖരന്‍ കണ്ട വെള്ളാനകള്‍ (ഡോ.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക