Image

ജി.എസ്.ടിയുടെ മറവില്‍ പ്രവാസികളെ ദ്രോഹിയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിയ്ക്കുക.

Published on 08 July, 2017
ജി.എസ്.ടിയുടെ മറവില്‍ പ്രവാസികളെ ദ്രോഹിയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിയ്ക്കുക.
ദമ്മാം: ജി.എസ്.ടിയുടെ മറവില്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക് കാര്‍ഗോ കമ്പനികള്‍ വഴി അയയ്ക്കുന്ന സാധനങ്ങള്‍ക്ക് കനത്ത നികുതി ചുമത്തിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിയ്ക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

മുന്‍പ് പ്രവാസികള്‍ നാട്ടിലേയ്ക്ക് ഇരുപതിനായിരം രൂപ വരെ വിലയുള്ള സാധനങ്ങള്‍ കാര്‍ഗോയായി അയയ്ക്കുന്നതിന് നികുതി ചുമത്തിയിരുന്നില്ല.  എന്നാല്‍ പുതിയ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ഈ നികുതി ഇളവ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞിരിയ്ക്കുന്നു. എന്ന് മാത്രമല്ല, രണ്ടായിരം രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്ക് നാല്‍പത്തിഒന്ന് ശതമാനവും, അതിനു മുകളില്‍ വിലയുള്ളവയ്ക്ക് എഴുപത്തിനാല് ശതമാനം നികുതിയും കൊടുക്കണം. പാവപ്പെട്ട പ്രവാസികളെ ഗുരുതരമായി ബാധിയ്ക്കുന്ന വിഷയമാണിത്. ഈ നിയമം വരുന്നതിന് മുന്‍പ് നാട്ടിലേയ്ക്ക് കാര്‍ഗോയായി അയച്ച സാധനങ്ങള്‍ പോലും, ഇപ്പോള്‍ വര്‍ദ്ധിച്ച നികുതി അടയ്ക്കാനാകാത്തതിനാല്‍, ഇന്ത്യയുടെ പല വിമാനത്താവളങ്ങളിലായി കെട്ടിക്കിടക്കുകയാണ്.

ഫാമിലി ലെവിയും, സ്വദേശിവല്‍ക്കരണവും മറ്റുമായി ബുദ്ധിമുട്ടിലായപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ച സൗദി പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരുവായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം വന്ന് പതിച്ചിരിയ്ക്കുന്നതു. ഭാരതസര്‍ക്കാര്‍ തന്നെ  പ്രവാസികളെ ചൂഷണം ചെയ്യുന്നത് നല്ല പ്രവണതയല്ല.

ഈ പുതിയ നികുതി നിര്‍ദ്ദേശം ഉടനടി പിന്‍വലിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക