Image

ജി20 ഗ്രൂപ്പ് ഫോട്ടോയില്‍ ട്രംപിന് പാര്‍ശ്വവത്കരണം

Published on 08 July, 2017
ജി20 ഗ്രൂപ്പ് ഫോട്ടോയില്‍ ട്രംപിന് പാര്‍ശ്വവത്കരണം

ഹാംബര്‍ഗ്: നാറ്റോ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയില്‍ ഇടിച്ചു കയറി നടുവില്‍ നിന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ജി20 ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയില്‍ തിരിച്ചടി. സംഘത്തില്‍ ഒരു വശത്തേയ്ക്കു മാറി നില്‍ക്കാനായിരുന്നു പ്രോട്ടോകോള്‍ പ്രകാരം ട്രംപിന്റെ നിയോഗം.

ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ നയിച്ച നേതാക്കള്‍ മധ്യത്തില്‍ വരണമെന്നാണ് ജി20 ഗ്രൂപ്പ് ഫോട്ടോയുടെ പ്രോട്ടോകോള്‍. ഇതനുസരിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മധ്യത്തില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ഇടത്തേയറ്റത്തു നിന്നത് കൂട്ടത്തില്‍ ജൂണിയറായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അതിനുള്ളിലായിരുന്നു അല്‍പ്പം കൂടി സീനിയറായ ട്രംപിന്റെ സ്ഥാനം.

ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങി മെലാനിയ

ഹാംബര്‍ഗ്: അര മണിക്കൂറെന്നു പറഞ്ഞ് ചര്‍ച്ചയ്ക്കു പോയ ആളെ രണ്ടു മണിക്കൂറായിട്ടും കാണാനില്ല. ഭാര്യ അന്വേഷിച്ചിറങ്ങി. ഒടുവില്‍ കണ്ടുപിടിച്ചു, പക്ഷേ, കൂട്ടിക്കൊണ്ടുവരാനായില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ചയ്ക്കു പോയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടിയാണ് ഭാര്യ മെലാനിയ ഇറങ്ങിയത്. അര മണിക്കൂറില്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ച ചര്‍ച്ച അനിശ്ചിതമായി നീളുന്നതില്‍ ആശങ്കാകുലരായ ഉദ്യോഗസ്ഥര്‍ തന്നെയാണ് അവരെ നിയോഗിച്ചതെന്നാണ് വിവരം.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണങ്ങള്‍ ട്രംപ് ഉന്നയിക്കുകയും പുടിന്‍ നിഷേധിക്കുകും ചെയ്തതാണ് ചര്‍ച്ച അവിചാരിതമായി നീളാന്‍ കാരണമായത്. ചര്‍ച്ച നടക്കുന്നിടത്തേക്ക് മെലാനിയയ്ക്ക് പ്രവേശനം കിട്ടി. എന്നാല്‍, ഭര്‍ത്താവിനെ അപ്പോള്‍ തിരിച്ചുകിട്ടിയില്ല, പുടിനുമായി ഹസ്തദാനം നടത്തി മടങ്ങുകയായിരുന്നു അവര്‍.

ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വിരുന്നില്‍ പുടിനൊപ്പമാണ് മെലാനിയ ഇരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക