Image

മദ്യശാലക്കെതിരേ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം

Published on 10 July, 2017
മദ്യശാലക്കെതിരേ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം

കുവൈറ്റ്: പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വലിയന്തിയില്‍ പുതുതായി ആരംഭിച്ച വിദേശ മദ്യശാലക്കെതിരായി വലിയന്തിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ഒറ്റകെട്ടായി നടത്തുന്ന ജനകീയസമരത്തിന് പിന്തണ അറിയിച്ചുകൊണ്ട് കുവൈറ്റിലെ വലിയന്തിദേശവാസികള്‍ ഈ കഴിഞ്ഞ വെള്ളിയാഴ്ച പോപ്പിന്‍സ് ഹാളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അലക്‌സ് വര്‍ഗീസ്, പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുരളി പണിക്കര്‍, ഫിലിപ്പോസ് ജോണ്‍, സാമുവേല്‍കുട്ടി, ഷാജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജനങ്ങള്‍ ജാതിമത കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സമാധാനത്തോടും സന്തോഷത്തോടും കൂടെ ജീവിച്ചിരുന്ന വലിയന്തിയില്‍ താമസ ആവശ്യത്തിനായി പണികഴിപിപ്പിച്ചു വര്‍ഷങ്ങളായി ഒരു കുടുംബം താമസിച്ചിരുന്ന ഭവനം ഒറ്റരാത്രി കൊണ്ട് മദ്യശാലയായി മാറ്റുകയായിരുന്നു. ഈ മദ്യശാല വന്നതിനുശേഷം പ്രദേശവാസികള്‍, പ്രത്യേകിച്ചു മദ്യശാലയ്ക്കു ചുറ്റുമുള്ള അയല്‍വാസികള്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്നിവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും പ്രാസംഗികര്‍ സംസാരിക്കുകയും അതില്‍ അവര്‍ക്കുള്ള ആകുലത അറിയിക്കുകയും ചെയ്തു.

ഈ മദ്യശാല എത്രയുംപെട്ടെന്ന് വലിയന്തിയിലെ ജനവാസകേന്ദ്രത്തില്‍ നിന്നും ഏതെങ്കിലും വ്യവസായ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കുള്ള നിവേദനം ഷാജി വര്‍ഗീസ് കൂട്ടായ്മയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ജില്ലാ മേലധികാരികള്‍ക്കും കേരളാ എക്‌സൈസ് കമ്മീഷണര്‍, സ്ഥലം എംഎല്‍എ, എംപി, എക്‌സൈസ് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കു നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
പ്രതീകാല്‍മകമായി വെള്ളം കുടിച്ച് പ്രതിഷേധിച്ചുകൊണ്ട് കൂട്ടായ്മ വലിയന്തി ജനകീയ സമരത്തിന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക