Image

പ്രതി 'നായകന്‍' തന്നെ, ജനപ്രിയന് ജയില്‍ ലൊക്കേഷന്‍ (എ.എസ് ശ്രീകുമാര്‍)

Published on 11 July, 2017
പ്രതി 'നായകന്‍' തന്നെ, ജനപ്രിയന് ജയില്‍ ലൊക്കേഷന്‍ (എ.എസ് ശ്രീകുമാര്‍)
മലയാള സിനിമയുടെ സര്‍വ പ്രതാപ പ്രപഞ്ചത്തില്‍ നിന്ന് ദിലീപ് എന്ന ജനപ്രിയ നടന്‍ സ്വന്തം നാടായ ആലുവായിലെ സബ് ജയിലില്‍ 523-ാം നമ്പര്‍ റിമാന്റ് തടവുകാരനായി എത്തപ്പെട്ടിരിക്കുന്നു. മിമിക്രി കലാകാരന്‍ എന്ന നിലയില്‍ തുടങ്ങി സഹസംവിധായകനും നടനുമായി വെള്ളിത്തിരയിലേയ്ക്ക് കടന്നു വന്ന് പ്രകാശവേഗത്തില്‍ നിര്‍മാതാവ്, വിതരണക്കാരന്‍, തിയേറ്റര്‍ ഉടമ തുടങ്ങി മലയാള സിനിമയിലെ സമസ്ത മേഖലകളിലും കൈവച്ച ദിലീപിന്റെ അനിവാര്യമായ പതനത്തെ സ്വയം കൃതാനര്‍ത്ഥം എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. ഏതാണ്ട് അഞ്ചുമാസമായി കേരളം സഗൗരവം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന, നടിയെ പീഡിപ്പിക്കല്‍ എപ്പിസോഡ് ക്ലൈമാക്‌സിലെത്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ഇനി തെളിവെടുപ്പും കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയുമൊക്കെയുണ്ട്.

കോളിവുഡിലെ ദന്തഗോപുര വാസിയായ ദിലീപ് തന്റെ പണക്കൊഴുപ്പും രാഷ്ട്രീയ പിന്‍ബലവും അധോലോക ബന്ധവും താരാധിപത്യവും കൊണ്ട്, സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയി ഡീഡിപ്പിച്ച കൊടും കുറ്റകൃത്യത്തില്‍ നിന്ന് ഉളിയൂരാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴാവുന്നതാണ് ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ജനം കണ്ടത്. അവസാന നിമിഷം വരെ തന്നെ സംരക്ഷിക്കാന്‍ മല്‍സരിച്ച അമ്മയുടെ താരങ്ങള്‍ ദിലീപിനെ തള്ളപ്പറഞ്ഞുവെന്ന് മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കുന്ന കാഴ്ചയാണ് ഇന്നു നാം കണ്ടത്. മാത്രമല്ല, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ഈയിടെ സ്വന്തം നേതൃത്വത്തില്‍ രൂപീകരിച്ച തീയേറ്റര്‍ അസോസിയേഷനും ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ ദിലീപിനെ കൈയൊഴിയുകയും ചെയ്തു. ഇക്കഴിഞ്ഞ കാലങ്ങളില്‍ മലയാള സിനിമയിലെ മുടിചൂടാ മന്നനായി വിലസിയ ദിലീപ് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. 

നടിയെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനി എന്ന കുറ്റവാളിയെ ചുമതലപ്പെടുത്തി പലവട്ടം ഗൂഢാലോചന നടത്തിയതിനാണ് താരം ഇപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്. ആലുവാ സബ് ജയിലില്‍ പ്രത്യേക സെല്ല് വേണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതിനാല്‍, പിടിച്ചു പറിക്കും മോഷണക്കുറ്റത്തിനും പിടിയിലായ അഞ്ച് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ദിലീപിന് കഴിയേണ്ടി വരിക. ജയിലില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. എന്നാല്‍ റിമാന്‍ഡ് പ്രതി എന്ന നിലയില്‍ സാധാരണ വേഷം ധരിക്കാന്‍ അനുവാദമുണ്ട്. 13 പേജുള്ള അസാധാരണമായ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 19 തെളിവുകളും ദിലീപിനെതിരെ കോര്‍ത്തിണക്കാന്‍ പോലീസിന് സാധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ രണ്ടു വകുപ്പുകള്‍ ഉള്‍പ്പെടെ 11 വകുപ്പുകളാണ് ദിലീപിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. 

1. ഐ.പി.സി 120 ബി (ക്രിമിനല്‍ ഗൂഢാലോചന)-യഥാര്‍ത്ഥ കുറ്റകൃത്യത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കാം. 2. ഐ.പി.സി 342 (അന്യായ തടങ്കലില്‍ പാര്‍പ്പിക്കല്‍)-ഒരു വര്‍ഷം വരെ തടവും 1000 രൂപ വരെ പിഴയും ശിക്ഷ. 3. ഐ.പി.സി 366 (ബലാല്‍ക്കാരത്തിനുള്ള ഉദ്ദേശ്യത്തോടെ സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍)-10 വര്‍ഷം വരെ തടവു ശിക്ഷ. 4. ഐ.പി.സി 376 (ബലാത്സംഗം)-ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ശിക്ഷ. 5. ഐ.പി.സി 411 (മോഷണ മുതല്‍ ദുരുദ്ദേശ്യത്തോടെ കൈപ്പറ്റല്‍)-മൂന്നു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ. 6. ഐ.പി.സി 506 (ഭീഷണിപ്പെടുത്തല്‍) -രണ്ടു വര്‍ഷം വരെ തടവു ശിക്ഷ. 7 ഐ.പി.സി 201 (തെളിവ് നശിപ്പിക്കല്‍) - പ്രധാന കുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ നാലിലൊന്ന് കാലയളവ്. വധശിക്ഷയാണെങ്കില്‍ 7 വര്‍ഷം വരെ തടവ്. 8. ഐ.പി.സി 212 (കുറ്റവാളിയെ ഒളിവില്‍ പാര്‍പ്പിക്കല്‍)-പ്രധാന കുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ നാലിലൊന്ന് കാലയളവ്. വധശിക്ഷയാണെങ്കില്‍ 7 വര്‍ഷം വരെ തടവ്. 9. ഐ.പി.സി 34-ഒരേ ഉദ്ദേശ്യത്തോടു കൂടി ഒന്നിലധികം പേര്‍ ചേര്‍ന്ന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ എല്ലാവരും അതില്‍ തുല്യമായി ഉത്തരവാദികളും ശിക്ഷാര്‍ഹരും ആയിരിക്കും. 

10. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 66 ഇ വകുപ്പ് (വ്യക്തികളുടെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍)-3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ പിഴയും. 11. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 67 എ വകുപ്പ് (ലൈംഗിക ചേഷ്ഠകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍) - ആദ്യതവണ അഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയും. രണ്ടാം തവണ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും. ഇങ്ങനെ കണക്കാക്കുമ്പോള്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാം. 

ഒന്നര കോടി രൂപയ്ക്കാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി രണ്ടു ലക്ഷം രൂപ സുനിക്ക് അഡ്വാന്‍സായി നല്‍യിരുന്നു. ഇത് ദിലീപിന്റെ ഉറ്റ ബന്ധുവാണ് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ രണ്ടാം പ്രതിയാകും. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവത്തിനു ശേഷം സുനി ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ വെച്ചാണ് സുനിക്ക് പണം കൈമാറിയത്. ഇതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് ചില സാക്ഷിമൊഴികളും പോലീസിന് ലഭിച്ചതായാണ് സൂചന. കാവ്യയെയും അമ്മ ശ്യാളയെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് അയച്ചത്. മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്. പള്‍സര്‍ സുനി കിടക്കുന്ന കാക്കനാട് ജയിലിലേക്ക് മാറ്റരുതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിനായി ജാമ്യാപേക്ഷ നല്‍കിയെങ്കിലും, ഇത് നാളയേ പരിഗണിക്കൂ. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെതിരെ ക്രിത്രിമ തെളിവുകളാണ് ഹാജരാക്കിയതെന്നാണ് രാംകുമാറിന്റെ വാദം. എന്നാല്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. നാളെയെ കസ്റ്റഡി ആവശ്യപ്പെടുകയുളളുവെന്നാണ് പോലീസ് അറിയിച്ചത്.

മമ്മൂട്ടിയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് അമ്മയുടെ യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതിനു മുമ്പ് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ചേര്‍ന്ന ജമറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനുവേണ്ടി ഉയര്‍ന്ന ശബ്ദം ഇവിടെ കേട്ടില്ല. അന്ന് മിണ്ടാതിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് സംസാരിച്ചു. ഒരു വിധത്തില്‍ പറഞ്ഞാല്‍ ദിലീപിനെ പുറത്താക്കിക്കൊണ്ട് അമ്മ മുഖം രക്ഷിക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം താരസംഘടനയായ അമ്മ നിലകൊള്ളുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ് നോക്കാന്‍ കഴിയില്ലെന്നും ചിലരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയിലെ ഒരംഗം ഗുരുതരമായ ഒരു കേസില്‍ ഉള്‍പ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാല്‍ അദ്ദേഹത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നു. സംഘടനയുടെ പിന്തുണ എന്നത്തേയും പോലെ ആക്രമിക്കപ്പെട്ട നടിക്കായിരിക്കും. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ച കേരള പോലീസിനും മന്ത്രിസഭയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അമ്മ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സ്വീകരിച്ച നടപടികളില്‍ സംതൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് രമ്യാ നമ്പീശന്‍. ഇനിയെങ്കിലും ഭയമില്ലാതെ ജോലി സ്ഥലത്തേക്ക് പോകുന്നതിനുള്ള സാഹചര്യം മലയാള സിനിമാ മേഖലയില്‍ ഉണ്ടാകണം. നടിയെന്നതിലുപരി ഒരു സ്ത്രീയെന്ന രീതിയില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകണമെന്നും അവര്‍ പറഞ്ഞു. ദിലീപിനെ ഒരു സഹോദരനെന്ന പോലെ താന്‍ വിശ്വാസിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ ഒരു ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ് പ്രതികരിച്ചു. ദിലീപിന് കേസില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പറഞ്ഞു

ഇതിനിടെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത് ശ്രദ്ധേയമായി. വെരിഫൈ ചെയ്ത ഈ പേജ് തിങ്കളാഴ്ച രാവിലെ മുതലാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച വരെ സജീവമായിരുന്ന പേജില്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു കാര്യമായി പോസ്റ്റ് ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ഒരു പ്രതികരണവും ഇതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിലെ പോസ്റ്റുകളില്‍ ആളുകള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതോടെ പ്രതികരണം രൂക്ഷമാവുമെന്ന് കരുതിയാവണം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതെന്ന് കരുതുന്നു.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഓടുന്ന വാഹനത്തില്‍ യുവനടി ലൈംഗികാതിക്രമണത്തിന് വിധേയയായ വാര്‍ത്ത പുറത്തുവന്നത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ അവര്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് ലാലിന്റെ കാക്കനാട്ടെ വീട്ടിലെത്തിയ എംഎല്‍എ പി.ടി. തോമസും മറ്റും ഇടപെട്ടതോടെ സംഭവം പൊലീസ്‌കേസായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് ദിലീപ് കേസിലെ ഗൂഢാലോചനയ്ക്ക് അറസ്റ്റിലായിരിക്കുന്നത്. കോളിളക്കമുണ്ടാക്കിയ സംഭവങ്ങളുടെ നാള്‍വഴി ഇങ്ങനെ...

*ഫെബ്രുവരി 17: നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസിലെ പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് പിടിയില്‍. ഫെബ്രുവരി 19: കേസില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്ന രണ്ടുപേര്‍കൂടി പിടിയില്‍.*സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ച് നടിക്ക് പിന്തുണ പ്രഖ്യാപിച്ചു.*ഫെബ്രുവരി20: തമ്മനം സ്വദേശി മണികണ്ഠന്‍ എന്നയാള്‍കൂടി പിടിയിലായി. ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലിനെക്കുറിച്ച് അന്വേഷണ സംഘത്തിനു സൂചന.*ഫെബ്രുവരി 21: സംഭവത്തില്‍ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.*ഫെബ്രുവരി 22: തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നും നടന്‍ ദിലീപ്. ക്രിമിനല്‍ ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്നു സിനിമാ സംഘടനകള്‍.

ഫെബ്രുവരി 23: എറണാകുളം കോടതിയില്‍ രഹസ്യമായി കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്തു.*ഫെബ്രുവരി 24: യുവനടിയെ ആക്രമിച്ചവര്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതെക്കുറിച്ച് സുനില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപയ്ക്കെന്നു സുനില്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു.*ഫെബ്രുവരി 25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളെയും നടി തിരിച്ചറിഞ്ഞു. സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.*ഫെബ്രുവരി 26: കേസില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി. ഗൂഢാലോചന ഇല്ലെന്നു പറഞ്ഞിട്ടില്ല. കോയമ്പത്തൂരില്‍നിന്നു പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു

ഫെബ്രുവരി 27: പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നല്‍കാതെ സുനില്‍.*ഫെബ്രുവരി 28: സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണിനായി ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.*മാര്‍ച്ച് 2: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്*മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി*മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.*ജൂണ്‍ 24: നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം നടക്കുന്നതായി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും പോലീസിന് പരാതി നല്‍കി. സുനില്‍ എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്താകുന്നു.

ജൂണ്‍ 25: തന്നെയും സിനിമകളെയും തകര്‍ക്കാന്‍ ചിലരുടെ ശ്രമമെന്ന് ദിലീപ്.*ജൂണ്‍ 26: നടന്‍ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണു അറസ്റ്റില്‍.*ജൂണ്‍ 27: നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ. അനാവശ്യമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി*ജൂണ്‍ 28: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും സംവിധായകന്‍ നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു*ജൂണ്‍ 29: നടിക്കുനേരെയുണ്ടായ അക്രമം 'അമ്മ'യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നടന്‍മാര്‍ ക്ഷുഭിതരായി.*ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമെന്നു പൊലീസ് നിഗമനം.

പ്രതി 'നായകന്‍' തന്നെ, ജനപ്രിയന് ജയില്‍ ലൊക്കേഷന്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
dilip fan 2017-07-11 11:05:19
അല്ല ദിലീപ് എന്താ ഇത്ര ഭയങ്കരമായി ചെയ്തത്? സ്വന്തം കുടുംബ ജീവിതം തകര്‍ക്കാന്‍ ഒളിഞ്ഞു നോക്കിയതിലുള്ള പക.
കൊട്ടേഷന്‍ എന്താണ്? കൊന്നില്ല, കയ്യും കാലും തല്ലി ഒടിച്ചില്ല, ബലാല്‍ക്കാരം ചെയ്തില്ല... പിന്നെ എന്തു സംഭവിച്ചു?
ഒരു മഹാ നടനെ കൊല്ലാക്കൊല ചെയ്യരുത്. ദിലീപിനു പകരം മലയാള സിനിമയില്‍ മറ്റൊരാളില്ല 

സോബിൻ 2017-07-11 11:51:42
സ്വന്തം ഭാര്യക്കുവേണ്ടി ചെയ്ത ആത്മത്യാഗം ആവാം കുറ്റം ഏറ്റെടുത്തത്!! എന്തായാലും ആള് പെട്ടു.

സമയമുണ്ട് തിരിച്ചുവരാൻ. ജനം എല്ലാം പെട്ടന്ന് മറക്കും!!

സൽമാൻഖാൻറെയും സഞ്ജയ് ദത്തിന്റെയും സിനിമകൾ ഒരു കുഴപ്പവും ഇല്ലാതെ ബ്ലോക്ക് ബസ്റ്റർ ആകുന്നു. അവരുടെ പേരിലുള്ളതോ രാജ്യദ്രോഹവും കൊലക്കുറ്റവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക