Image

രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ കോച്ചായി ബിസിസിഐ നിയമിച്ചു

Published on 11 July, 2017
രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ കോച്ചായി ബിസിസിഐ നിയമിച്ചു
മുംബൈ: മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ കോച്ചായി ബിസിസിഐ നിയമിച്ചു. വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും.

55-കാരനായ ശാസ്ത്രി ബിസിസിഐ പുതിയ കോച്ചിനെ തേടിയപ്പോൾ അപേക്ഷ നൽകിയിരുന്നില്ല. അനിൽ കുംബ്ലയ്ക്ക് പരിശീലകനാകുന്നതിന് മുൻപ് ശാസ്ത്രി ഹ്രസ്വകാലം ടീം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് കോച്ചിനെ നിയമിച്ചപ്പോൾ ശാസ്ത്രിയെ തഴഞ്ഞ് ബിസിസിഐ കുംബ്ലയ്ക്ക് സ്ഥാനം നൽകുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് കുംബ്ലെ സ്ഥാനം മാറിയപ്പോൾ പരിശീലക സ്ഥാനത്തേയ്ക്ക് അദ്ദേഹം അപേക്ഷ നൽകാൻ തയാറാകാതിരുന്നത്. എന്നാൽ സച്ചിൻ, ലക്ഷമണ്‍ എന്നിവരുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം പിന്നീട് അപേക്ഷ നൽകി. സ്ഥാനം ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രം അപേക്ഷിക്കൂ എന്ന് ശാസ്ത്രി ബിസിസിഐയെ അറിയിച്ചിരുന്നു. അതിനാൽ ശാസ്ത്രിക്കാണ് സാധ്യതയെന്ന് നേരത്തെ വ്യക്തമായിരുന്നു.

80 ടെസ്റ്റുകളിലും 150 ഏകദിന മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശാസ്ത്രി 2007-ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക