Image

സ്വകാര്യ ആശുപത്രികളില്‍ 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നേഴ്സുമാര്‍

Published on 12 July, 2017
സ്വകാര്യ ആശുപത്രികളില്‍ 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നേഴ്സുമാര്‍
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നേഴ്സുമാര്‍. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്മെന്റുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കുമെന്ന് സംഘടന വ്യക്തമാക്കി.  17 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവിലെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി തീരുമാനിക്കാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. 13 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. 

ജൂണ്‍ 28 നാണ് വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നേഴ്സുമാര്‍ യു.എന്‍.എയുടെയും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായി സമരം തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടാകാത്തതിനാല്‍ ഇന്നുമുതല്‍ സമരം ശക്തമാക്കിയിരുന്നു. മൂന്നിലൊന്നു ഭാഗം നേഴ്സുമാരും ഇന്ന് അവധിയെടുത്ത് സമരത്തിനെത്തിയത് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു. 25000 ത്തോളം നേഴ്സുമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തിങ്കളാഴ്ച നടന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ കുറഞ്ഞ വേതനം 17,200 ആക്കി പുനര്‍നിശ്ചയിച്ചെങ്കിലും തൃപ്തികരമല്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. 

പുതുക്കിനിശ്ചയിച്ച അടിസ്ഥാനശമ്പളം ഇപ്രകാരമാണ് (ബ്രാക്കറ്റില്‍ നിലവിലെ ശമ്പളം) ഏറ്റവും താഴ്ന്ന തസ്തിക 15,600 രൂപ. (7,775 രൂപ). നേഴ്‌സിങ് (ജി.എന്‍.എം.) 17,200 രൂപയാക്കി (8,775 രൂപ). നേഴ്‌സിങ് അലവന്‍സും ഫീല്‍ അലവന്‍സും ചേര്‍ത്ത് വിവിധ ആസ്പത്രികളില്‍ ലഭിക്കുന്ന നേഴ്‌സുമാരുടെ വേതനം ഇങ്ങനെ: 20 ബെഡ് വരെയുള്ള ആശുപത്രികളില്‍ മൂന്ന് ശതമാനം നേഴ്‌സിങ് അലവന്‍സും മൂന്ന് ശതമാനം ഫീല്‍ഡ് അലവന്‍സും ചേര്‍ത്ത് 18, 232 രൂപ. 21 മുതല്‍ 100 ബെഡ് വരെയുള്ള ആശുപത്രികളില്‍ നേഴ്‌സിങ് അലവന്‍സും 750 രൂപയും ഫീല്‍ഡ് അലവന്‍സ് അഞ്ചു ശതമാനവും ചേര്‍ത്ത് 19,810 രൂപ. 101-300 ബെഡ് വരെയുള്ള ആശുപത്രികളില്‍ 1000 രൂപ നേഴ്‌സിങ് അലവന്‍സ്. 12 ശതമാനം ഫീല്‍ഡ് അലവന്‍സും ചേര്‍ത്ത് 20,014 രൂപ 301 മുതല്‍ 500 ബെഡ് വരെയുള്ള ആസ്പത്രികളില്‍ നേഴ്‌സിങ് അലവന്‍സ് 1200 രൂപ. ഫീല്‍ഡ് അലവന്‍സ് 15 ശതമാനവും ചേര്‍ത്ത് 20,980 രൂപ. 501 മുതല്‍ 800 ബെഡ് വരെയുള്ള ആശുപത്രികളില്‍ നേഴ്‌സിങ് അലവന്‍സ് 1200 രൂപ. ഫീല്‍ഡ് അലവന്‍സ് 20 ശതമാനവും ചേര്‍ത്ത് 22,040 രൂപ. 800 ബെഡുകള്‍ക്ക് മുകളിലുള്ള ആസുപത്രികളില്‍ നേഴ്‌സിങ് അലവന്‍സ് 1400 രൂപ. ഫീല്‍ഡ് അലവന്‍സ് 30 ശതമാനവും ചേര്‍ത്ത് 23,760. 

എന്നാല്‍ നേഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനോ, ഗൗരവതരമായ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയിലാണ് ഇതുവരെയുള്ള നേഴ്‌സുമാരുടെ സമരം നടന്നത്. എന്നാല്‍ ആശുപത്രികളിലേയ്ക്ക് സമരം വ്യാപിപ്പിക്കുന്നതോടെ അവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. നേഴ്‌സുമാരുടെ വേതന-സേവന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സ്വാകാര്യ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് 2016 ജനുവരി 29ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, മാനേജ്‌മെന്റുകളുടെ താതാപര്യം സംരക്ഷിക്കുന്ന ഏകപക്ഷീയവും മനുഷ്യത്വ രഹിതവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.  

സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു സ്റ്റാഫ് നേഴ്‌സിന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 27,900 രൂപയാണ്. അതേസമയം സ്‌കാര്യ നേഴ്‌സുമാരുടേത് 6,500 രൂപയും. സ്വകാര്യ നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഡോ. എസ്. ബലരാമന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം വിവിധ തസ്തികയിലുള്ള നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇങ്ങനെയാണ്. സ്റ്റാഫ് നേഴ്‌സ്-12,900 (250 രൂപ ഇന്‍ക്രിമെന്റ്), സീനിയര്‍ സ്റ്റാഫ് നേഴ്‌സ്-മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം-13,650 (300 രൂപ ഇന്‍ക്രിമെന്റ്), ഹെഡ് നേഴ്‌സ്-15,180 (350 രൂപ ഇന്‍ക്രിമെന്റ്), ഡെപ്യൂട്ടി നേഴ്‌സിങ് സൂപ്രണ്ട്-17,740 (400 രൂപ ഇന്‍ക്രിമെന്റ്), നേഴ്‌സിങ് സൂപ്രണ്ട്-19,740 (450 രൂപ ഇന്‍ക്രിമെന്റ്), നേഴ്‌സിങ് ഓഫീസര്‍-21,360 (500 രൂപ ഇന്‍ക്രിമെന്റ്). കേരളത്തില്‍ 1500 ഓളം സ്വകാര്യ ആശുപത്രികളുണ്ട്

ഡോ. എസ്. ബലരാമന്‍ കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിലുമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യത്തിന് നേഴ്‌സുമാരില്ലാത്തത് നേഴ്‌സുമാരുടെ ജോലിഭാരം കൂട്ടുന്നുവെന്നും തന്‍മൂലം മെച്ചപ്പെട്ട ശൂശ്രൂഷ നല്‍കാന്‍ കഴിയുന്നില്ലെന്നും കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നു ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കരുതെന്നും ശുപാര്‍ശയുണ്ടായിരുന്നു. സ്വകാര്യ നേഴ്‌സുമാരുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ ശമ്പളത്തിന് അധിക ജോലിയെടുക്കുന്ന അവര്‍ പലയിടങ്ങളിലും മാനേജ്‌മെന്റുകളുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഇരയാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുക ലോണെടുത്തും വസ്തുക്കളും സ്വര്‍ണവും പണയപ്പെടുത്തിയും പഠിച്ച് ജോലികിട്ടിയവര്‍ക്ക് ലോണ്‍ വീട്ടാനോ പലിശയടയ്ക്കാനോ കഴിയാത്ത ദുരവസ്ഥയാണ്. ഇങ്ങനെ കടക്കെണിയില്‍ പെട്ടും മാനേജ്‌മെന്റുകളുടെ ചൂഷണത്തിനും പീഡനത്തിനും വിധേയരായും മനംനൊന്ത് നിരവധിപേര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും സമീപ കാലത്ത് ഉണ്ടായിട്ടുണ്ട്. 

സ്വകാര്യ ആശുപത്രികളില്‍ 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നേഴ്സുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക