Image

പറന്നകന്ന മോഹപക്ഷികള്‍ ( സി.ജി. പണിക്കര്‍)

സി.ജി. പണിക്കര്‍ Published on 12 July, 2017
പറന്നകന്ന മോഹപക്ഷികള്‍ ( സി.ജി. പണിക്കര്‍)
മോഹങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോഴും അവ കാലചക്രത്തിന്റെ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമരുമ്പോഴും , നഷ്ടസ്വര്‍ഗ്ഗങ്ങളെ വെട്ടിപ്പിടിക്കുവാനുള്ള വെമ്പല്‍ അവന്‍ ഉപേക്ഷിച്ചില്ല.
     മനസ്സേ.. എന്തിന് ചഞ്ചലമാകുന്നു. നിന്നില്‍ നിന്നും പറന്നകന്ന മോഹപക്ഷികളെത്തേടി ഞാന്‍ എന്റെ യാത്ര തുടരുന്നു. കാലം  നിനക്ക് നല്‍കിയ ചഷകം വേദന മാത്രം നിറഞ്ഞതായിരുന്നു. എത്രയെത്ര സ്‌ഫോടനങ്ങള്‍ നിന്റെ അന്തരാത്മാവില്‍ മുഴങ്ങി, എത്രയെത്ര വിള്ളലുകള്‍ അവ സൃഷ്ടിച്ചു…. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അല്പം കൂടി കാത്തിരുക്കൂ… എല്ലാം ശരിയാകും.
     സ്വപ്നങ്ങള്‍ ഉറങ്ങുന്ന വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഞാന്‍. അവിടം എപ്പോഴും നിശബ്ദമാണ്. എനിക്കു മാത്രം ഇരിക്കുവാന്‍ പട്ടുവിരിച്ച ഒരു പരവതാനി. മനസ്സാക്ഷിയുടെ തുറന്നിട്ട ജാലകത്തിലൂടെ വെളിയിലേക്ക് നോക്കിയാല്‍ തുറന്ന ആകാശവും ഉദയാസ്തമനങ്ങളും കാണാം. തെളിഞ്ഞ ആകാശത്തില്‍ ഉരുണ്ടുകൂടിയ എത്ര കാര്‍മേഘങ്ങളെ ഞാന്‍ കണ്ടു. കൊടുങ്കാറ്റില്‍ അവ എത്ര പറന്നുപോയി, എത്ര തൂമിഴിനീര്‍ പൊഴിച്ചു. അപ്പോഴെല്ലാം നിശബ്ദമായി ജീവിത കാവ്യത്തിന്റെ പഴയ താളിയോലക്കെട്ടുകളില്‍  ചിലതൊക്കെ തേടുകയായിരുന്നു.
    ഈശ്വരനാകുന്ന കവി തന്റെ ജീവിതമാകുന്ന കാവ്യ പുസ്തകത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തൂലികയാകുന്ന  നാരായം കൊണ്ട് ഒരിക്കലും മാഞ്ഞുപോകാത്ത രീതിയില്‍ വിരചിച്ച ആ ദു:ഖ കാവ്യങ്ങള്‍ മതിയാവോളം എനിക്കാസ്വദിക്കണം. എന്തിനെന്നോ.. വെറും മന:ശാന്തിക്ക് വേണ്ടി മാത്രം മനസ്സിന്റെ കോവിലിലെ ശാന്തിക്കാരനാണ് ഞാന്‍. ആ കാവ്യ പുസ്തകത്തിലെ ഓരോ ഈരടികളും, എന്റെ പുഷ്പാര്‍ച്ചനകളാണ്.

ഇന്നെന്റെ മനസ്സ് മന്ത്രിക്കുന്നു…..' എന്നിലിനിയും എന്തൊക്കെയോ അവശേഷിക്കുന്നു.' ഒരു ഉയര്‍ത്തെഴുന്നേല്പ് സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്നൊരു തോന്നല്‍. കാലം വലിച്ചെറിഞ്ഞ ചീഞ്ഞുനാറുന്ന ചവറ്റുകൊട്ടയില്‍ നിന്നും ഭാവികാലത്തിന്റെ സുഗന്ധം പരത്തുന്ന പൂകൂടയിലേക്കൊരു പ്രയാണം അനിവാര്യമല്ലേ…? ആരോടന്നില്ലാത്ത ആ ചോദ്യത്തിന് 'അതേ' എന്നന്റെ മനസ്സാക്ഷിമന്ത്രിച്ചുവോ…? എങ്കില്‍ ഞാന്‍ കൊളുത്തിയ ഒരായിരം തിരിനാളത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു നില്‍ക്കാന്‍ സ്വര്‍ണ്ണത്തേരിലേറി ഇനി നീ വരുമോ.


പറന്നകന്ന മോഹപക്ഷികള്‍ ( സി.ജി. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക