Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 9 അവസാന ഭാഗം: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 12 July, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 9 അവസാന ഭാഗം: ആന്‍ഡ്രൂ പാപ്പച്ചന്‍)
അധ്യായം ഒന്‍പത്

പ്രകൃതി മൂടിക്കെട്ടിനിന്നു, ശാഠ്യം പിടിച്ചു നില്‍ക്കുന്ന കുട്ടിയെപോലെ. ഉച്ചത്തില്‍ മുഴങ്ങി നേര്‍ത്തു, നേര്‍ത്തു വരുന്ന ഇടിമുഴക്കത്തിന്റെ അനുരണനങ്ങള്‍, മനസിലെ മടുപ്പ് വര്‍ധിപ്പിച്ചതേയുള്ളൂ.

വീടിന് പുറത്തേക്കിറങ്ങാന്‍ തോന്നിയതേയില്ല. ആലോചനകളും ഓര്‍മകളും.... അതാണിപ്പോള്‍ ജയകുമാറിന്റെ ലോകം. ഇടയ്ക്ക് മാലിനിയുടെ ചിതാഭസ്മം വച്ചിരിക്കുന്ന മുറിയില്‍ പോയിരിക്കും. ജാനകി എന്തെങ്കിലും ചോദിച്ചാല്‍ മറുപടി ഒറ്റവാക്കിലൊതുങ്ങും.

വൈകുന്നേരം രഘുവിനെ ഫോണില്‍ വിളിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്കൊന്നും മനസ് പാകപ്പെട്ടിരുന്നില്ല. അങ്ങേത്തലയ്ക്കല്‍ രഘുവാണെന്നറിഞ്ഞ് ജയകുമാര്‍ പറഞ്ഞു.

""എന്റെ മനസിനിയും ശാന്തമായിട്ടില്ല മോനേ. ഗുരുവായൂരമ്പലത്തില്‍ പോയി കുറച്ചു ദിവസം തങ്ങണമെനിക്ക്. മാലിനിക്കായി കുറച്ച് പൂജകളും കഴിക്കാനുണ്ട്. കുറച്ചുദിവസം കഴിഞ്ഞേ മടങ്ങിവരൂ.''

അഛനിതെന്തുപറ്റിയെന്ന ഭാവത്തില്‍ രഘു ഒരുനിമിഷം മിണ്ടാതെ നിന്നു.

പിന്നെ, ചോദിച്ചു. ""അഛനില്ലാതെ ഞാന്‍ തന്നെ എല്ലാക്കാര്യവും എങ്ങനെ നടത്തും?''

ഒരു ദീര്‍ഘനിശ്വാസം ഫോണിലൂടെ ഉയര്‍ന്നു കേട്ടു. ജയകുമാര്‍ തുടര്‍ന്നു.

""കുറച്ചുനാളെങ്കിലും അഛനീ മടുപ്പിക്കുന്ന ഏകാന്തതയില്‍ നിന്ന് മാറി നില്‍ക്കാത പറ്റില്ല. മനസാകെ മൂടിക്കെട്ടി നില്‍ക്കുകയാണ്.''

""ആരുമില്ലാതാകുന്നതെനിക്കും സഹിക്കില്ലഛാ...'' രഘു വാക്കുകള്‍ വിഴുങ്ങി.

""എനിക്ക് മനസിലാകുന്നുണ്ട് ...നിന്റെ വിഷമം... പക്ഷേ അഛന് പോയേ പറ്റൂ...''

അഛന്റെ തീരുമാനം ഉറച്ചതാണെന്ന് രഘുവിന് മനസിലായി.

""ശരിയഛാ...'' മനസില്ലാമനസോടെ രഘു പറഞ്ഞു.

പിറ്റേന്ന് രാവിലെ ഡ്രൈവറെയും കൂട്ടി ജയകുമാര്‍ ഗുരുവായൂര്‍ക്ക് തിരിച്ചു. അവിടെ എത്തിയയുടന്‍ ഡ്രൈവറെ വണ്ടിയില്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വാടകയ്‌ക്കൊരു മുറിയെടുത്തു, താമസത്തിന്. രണ്ടുനാള്‍ കഴിഞ്ഞാല്‍ വിഷുവാണ്. പുതുവര്‍ഷപ്പുലരിയില്‍ ഭഗവാനെ കണികണ്ട് ദര്‍ശനം നടത്താനെത്തിയവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ക്ഷേത്രനഗരം. അമ്പലനടയില്‍ വന്‍പുരുഷാരം. പിറ്റേന്ന് രാത്രി മുഴുവന്‍ ക്യൂ നിന്ന് വിഷുപ്പുലരിയില്‍ ഭഗവാനെ കണികണ്ട് ദര്‍ശനം നടത്തി. പ്രസാദമെടുത്ത് നെറ്റിയില്‍ തൊട്ടുതൊഴുതു.

വൈശാഖമാസം തീരുന്നതുവരെയും വിഷ്ണുപ്രീതിയ്ക്കായി പൂജകളും മന്ത്രങ്ങളും ചെയ്ത് ഗുരുവായൂരില്‍ തങ്ങി. പാവങ്ങള്‍ക്ക് അന്നദാനം നടത്താനൊരു തുക അമ്പലത്തിന് സംഭാവന നല്‍കി.

നീണ്ടുവളര്‍ന്ന മുടി, നര പടര്‍ന്ന ദീക്ഷ, ക്ഷീണിച്ച മുഖം, ശോഭനശിച്ച കണ്ണുകള്‍... തിരിച്ചെത്തിയ മകനെ കണ്ട് അമ്മയുടെ മനസ് പിടഞ്ഞു.

""നീയിങ്ങനെ മനസ് വിഷമിപ്പിക്കാതെ മോനേ. ...''.പറഞ്ഞിട്ട് മകന്റെ മുഖത്തേക്കവര്‍ ആര്‍ദ്രതയോടെ നോക്കി. അയാളുടെ മനസ് വായിച്ചെടുക്കാമായിരുന്നു ആ അമ്മയ്ക്ക്. വേഷം മാറി തനിക്കരികിലെത്തിയ മകനോടായി അവര്‍ പറഞ്ഞു.

""നിനക്ക് മാലിനിയോടുണ്ടായിരുന്ന ഇഷ്ടം... അതിന്റെ ആഴം... എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാ ഞാനീ പറയുന്നേ... പക്ഷേ ഈ ജീവിതം മുന്നോട്ടുകൊണ്ടുപോയേ പറ്റൂ. ബിസിനസില്‍ ശ്രദ്ധിക്കാനുണ്ട്. രഘുവിന്റെ കാര്യങ്ങള്‍ നോക്കാനുണ്ട്... അമ്മയുടെ കാര്യങ്ങള്‍ നോക്കണം... എല്ലാറ്റിനും നീയല്ലേ ഉള്ളൂ...'' അവര്‍ മകന്റെ പ്രതികരണമറിയാന്‍ ശ്രദ്ധിച്ചു.

""എനിക്ക് പക്ഷേ ഒന്നും മറക്കാനാകുന്നില്ലമ്മാ... ഒന്നിലും ശ്രദ്ധിക്കാനും പറ്റുന്നില്ല. അമ്മയ്ക്കറിയുന്നതല്ലേ ഞങ്ങളുടെ സ്‌നേഹം... അവളില്ലാതെ ഞാനെങ്ങനെ...'' ജയകുമാറിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അമ്മ പറഞ്ഞു.

""ഞങ്ങളൊക്കെയില്ലേ നിനക്ക്... മാലിനിയെയോര്‍ത്ത് ഞങ്ങള്‍ക്കും വിഷമമുണ്ട്. മരിച്ചവരെകുറിച്ചോര്‍ത്തുപോയാല്‍ മനസ് വിഷമിക്കും. ഞാനും രഘുവും മായയും.... പിന്നെ ശാലിനിയും എല്ലാരുമുണ്ട് നിനക്ക്...''

""എല്ലാം എനിക്കറിയാമമ്മേ. പക്ഷേ എന്റെ മനസെനിക്ക് നിയന്ത്രിക്കാനാകുന്നില്ല. എനിക്കിവിടുന്ന് കുറച്ചു ദിവസം മാറി നില്‍ക്കണം. ഒരു നീണ്ട യാത്ര തന്നെ വേണമെനിക്ക്. എല്ലാം മറക്കണം. അമ്പലങ്ങള്‍ കയറിയിറങ്ങി ഇത്തിരി ശാന്തി നേടി തിരിച്ചുവരണം. അമ്പലങ്ങളിലൂടെ....എന്റെ മനസിലൂടെയും യാത്ര ചെയ്ത്... ഒരു തീര്‍ഥാടനം... അതില്‍ കുറഞ്ഞൊന്നും എന്റെ മനസിനെ അടക്കിനിര്‍ത്തില്ല...''

""എല്ലാം നിന്റെയിഷ്ടം പോലെയാവട്ടെ. രഘു അറിഞ്ഞിട്ടൂടില്ല.... നീ വന്നത്. ഞാനവനെയൊന്ന് വിളിക്കട്ടേ. ജാനകി അകത്തേക്ക് പോയി. ആരൊക്കെയോ വരികയും പോകുകയും ചെയ്തു.

വൈകുന്നേരമായി. കാറിന്റെ ശബ്ദം കേട്ട് ജയകുമാര്‍ ജനാലപ്പഴുതിലൂടെ നോക്കി. രഘുവാണ്. മായയും ഒപ്പമുണ്ട്. കൈയില്‍ ഏതാനും സഞ്ചികളും ബാഗുമായി അവര്‍ അകത്തേക്ക് കയറി. അഛനെ കണ്ടതേ രഘുവിന്റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു.

""അഛനിവിടുന്ന് പോയിട്ടെത്ര ദിവസമായഛാ...'' രഘു ചോദിച്ചു.

""എനിക്കിനി പ്രാര്‍ഥനയും ജപവുമായി കഴിയാനേ പറ്റൂന്നു തോന്നുന്നൂ, കുറച്ചു നാളത്തേക്കിനിയെന്നെക്കൊണ്ട് മറ്റൊന്നും പറ്റില്ല. എന്റെ മനസിനിയും ശാന്തമായിട്ടില്ല.''

""അഛനിങ്ങനെയെത്ര നാള്‍?...'' രഘു മുഴുമിപ്പിക്കാതെ നിര്‍ത്തി.

""ഞാനൊരിക്കല്‍ കൂടിയൊരു യാത്രയ്ക്ക് തയാറെടുക്കുകയാണ്. ശരിക്കു പറഞ്ഞാലൊരു തീര്‍ഥാടനം.''

""ഇനിയും യാത്ര പോകാനോ? അഛന്‍ ഞങ്ങള്‍ക്കൊപ്പം വാ... പുറത്തിറങ്ങുമ്പോള്‍ വിഷമമൊക്കെ മറക്കാനാകും. .. ഓഫിസ് കാര്യങ്ങളൊക്കെ ഞാനൊറ്റയ്ക്ക് നോക്കിയാലും ശരിയാകില്ല.''

""ഓഫിസ് കാര്യങ്ങളിലൊക്കെ നീ മിടുക്കനാ... അതെനിക്കറിയാം. പിന്നെ, പ്രവീണിനോടും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞേല്‍പിച്ചോളാം. ഇനി കമ്പനിയുടെ എം.ഡിയും ചെയര്‍മാനും നീയാണ്. ഇവിടെ, നിന്റെ അമ്മയെ ദഹിപ്പിച്ച മണ്ണില്‍ ഇനിയുള്ള കാലം ജീവിക്കണമെനിക്ക്. ഒരു തീര്‍ഥാടനത്തിലൂടെ മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കണം. ഇത്തിരി ശാന്തി കണ്ടെത്തണം.''

""എന്തു ചെയ്താലും, അമ്മയിനിയില്ലായെന്നുള്ള യാഥാര്‍ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. അമ്മയില്ലാത്തയീ ലോകത്തും ജീവിക്കാതെ പറ്റില്ലല്ലോ. ആ ഓര്‍മകളെന്നും നമുക്ക് കൂട്ടിനുണ്ടാകും. അഛനിനി ഈ തീര്‍ഥാടനം കൂടാതെ പറ്റില്ലായെങ്കില്‍ പോയിട്ട് വരൂ. അഛന്റെ അക്കൗണ്ടിലേക്ക് ഞാന്‍ പണമിട്ടേക്കാം. യാത്രയ്ക്കിടയില്‍ ആവശ്യമുണ്ടായെങ്കിലോ.''

""ശരി മോനേ, നീയെന്നെ മനസിലാക്കുന്നുണ്ടല്ലോ. ഒരു മാസം കഴിഞ്ഞ് ഞാന്‍ തിരിച്ചെത്താം. അമ്മയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കണമെനിക്ക്. എന്നാലേ അമ്മയ്ക്ക് ശാന്തി കിട്ടൂ. എനിക്കും.''

രഘുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മനസില്‍ ഒരായിരം ഓര്‍മകളുടെ പിടച്ചില്‍.

പിറ്റേന്നു രാവിലെ ജയകുമാര്‍ വസ്ത്രങ്ങളടുക്കി ബാഗില്‍ വച്ചു.

ചിതാഭസ്മം അടങ്ങിയ കുടവുമെടുത്ത് യാത്രയ്‌ക്കൊരുങ്ങി. രഘു വണ്ടിയില്‍ ജയകുമാറിനെ റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുവിട്ടു. ജാനകിയും സ്റ്റേഷന്‍ വരെ പോയിരുന്നു. ട്രെയിന്‍ ചൂളം വിളിച്ച് മെല്ലെ നീങ്ങിത്തുടങ്ങി. ആളുകളുടെ ബഹളമോ സ്റ്റേഷനിലെ കാഴ്ചകളോ ജയകുമാര്‍ ശ്രദ്ധിച്ചതേയില്ല.

ഓര്‍മകളുടെ പാളത്തിലൂടെ മനസ് കടിഞ്ഞാണില്ലാതെ പാഞ്ഞു. ഇപ്പോള്‍ ട്രെയിനിന് വേഗം കൂടി. ചെറുപ്പത്തില്‍ അഛനമ്മമാര്‍ക്കൊപ്പം കഴിഞ്ഞതു മുതല്‍ മാലിനിയോടുള്ള പ്രണയവും വിവാഹവും ഒടുവില്‍ അവളുടെ മരണവും വരെ ഓരോ രംഗങ്ങളും മനസിലൂടെ കടന്നുപോയി.

നെഞ്ചിലെ വിങ്ങല്‍ വിതുമ്പലായി നിറഞ്ഞു. കണ്ണുകള്‍ ഈറനണിഞ്ഞു. ആരും കാണാതെ അയാള്‍ ടവ്വലെടുത്ത് കണ്ണ് തുടച്ചു. കിതപ്പോടെ ട്രെയിന്‍ ഏതോ സ്റ്റേഷനിലേക്ക് അടുത്തു. ആളുകള്‍ തിക്കിത്തിരക്കി കയറുകയാണ്. വീണ്ടും ചൂളം വിളിയോടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. അയാളുടെ മനസും.

""നേട്ടങ്ങളുടെതായിരുന്നു യൗവനം. അത് ക്രമേണ നഷ്ടങ്ങള്‍ക്ക് വഴി മാറുമ്പോള്‍ പൊരുത്തപ്പെടുകയല്ലാതെ മാര്‍ഗമില്ല. സ്വന്തമായൊരു സ്ഥാപനമോ കമ്പനിയോ തനിക്കോ തന്റെ കുടുംബത്തിനോ സ്വപ്നം കാണാന്‍ പോലുമാകുമായിരുന്നില്ല. ഒന്നുമില്ലാതിരുന്നിട്ടും പ്രതീക്ഷിച്ചതിലേറെ കിട്ടി. ഒടുവില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ തിരിച്ചെടുത്ത് വധി തന്നോട് ക്രൂരത കാട്ടി. ചിന്തകള്‍ വ്യാകുലമാക്കിയ മനസുമായി എല്ലാം നഷ്ടപ്പെട്ടവനെ പോലെ അയാളിരുന്നു. ഇനിയീ യാത്ര എങ്ങനെയൊക്കെ ജീവിതത്തെ മാറ്റി മറിക്കുമോ? തന്റെ മനസിലെ ഭാരങ്ങളെ ഈ യാത്ര ഇല്ലാതാക്കിയെങ്കില്‍. സമാധാനത്തിന്റെ വാതിലുകള്‍ തനിക്കായി തുറന്നിരുന്നെങ്കില്‍... നിലനില്‍പിനായി നെട്ടോട്ടമോടുന്ന മനുഷ്യന് ലഭിച്ച വരമാണ് തീര്‍ഥാടനം. മോക്ഷത്തിലേക്കുള്ള വാതിലുകളും ഈ തീര്‍ഥാടനം തുറന്നിടുമെന്നാണ് വിശ്വാസം.

ട്രെയിന്‍ ആന്ധ്രപ്രദേശിന്റെ വീഥികളിലൂടെ നീങ്ങുകയാണ്. കുന്നുകളാല്‍ ചുറ്റപ്പെട്ട ശാന്തമായ തെലുങ്കുനാടിന്റെ പടിഞ്ഞാറേ അറ്റത്ത് തിരുമലക്കുന്നുകളിലാണ് വെങ്കടേശ്വര ഭഗവാന്റെ അമ്പലം. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷസായെ സര്‍പ്പത്തിന്റെ ഏഴ് തലകളെ പ്രതിനിധീകരിക്കുന്നു തിരുമലയിലെ ഏഴ് കുന്നുകള്‍. ഭഗവാന്റെ ശംഖില്‍ നിന്നുയരുന്ന ശബ്ദം അജ്ഞതയെ ഇല്ലാതാക്കുന്നുവെന്ന് വിശ്വാസം.

ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു. ജയകുമാര്‍ തിരക്കിലലിഞ്ഞു. ചുറ്റിനും പരിചയമില്ലാത്ത മുഖങ്ങള്‍. മുണ്ഡനം ചെയ്ത തലകള്‍. എല്ലാവരും തിരക്കിലാണ്. ദൂരെ നിന്നേ കുന്നുകള്‍ കണ്ണില്‍പെട്ടു.

ക്‌ഷേത്രത്തിനടുത്തുതന്നെ ജയകുമാര്‍ മുറിയെടുത്തു. ദര്‍ശനത്തിനെത്തിയവര്‍ ക്ഷേത്രമുറ്റത്ത് തിക്കിത്തിരക്കുന്നു. പ്രശാന്തമായ അന്തരീക്ഷം. തിളച്ചു മറിഞ്ഞിരുന്ന മനസ് ശാന്തതയെ പുല്‍കാന്‍ കൊതിക്കുന്നതു പോലെ. കുറെ നേരം വിശ്രമിച്ച് ജയകുമാര്‍ എഴുന്നേറ്റു പുറത്തു കടന്നു. അഹത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ തല മുണ്ഡനം ചെയ്തു. പിന്നെ അമ്പലത്തെ ലക്ഷ്യമാക്കി നടന്നു. പടികള്‍ ചവിട്ടിക്കയറുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് നിന്നും ഇരുന്നും വിശ്രമിച്ചും അമ്പലമുറ്റത്തെത്തി. ഭഗവാനു മുന്നില്‍ പാവപ്പെട്ടവനും പണക്കാരനും, യുവാവും വൃദ്ധനും ദുഖിതനും സന്തോഷാവാനും ഒരുപോലെ. അയാള്‍ മനസിലോര്‍ത്തു.

ജീവിതത്തിന്റെ നൊമ്പരങ്ങള്‍ നീറ്റുന്ന മനസുകള്‍ ഇവിടെയെത്തുമ്പോള്‍ സന്ത്വനമറിയുന്നു. ഭഗവാന് നന്ദിയുമായെത്തുന്നവര്‍, സമാധാനം തേടിയെത്തുന്നവര്‍, നല്ലനാളെക്കായി കരഞ്ഞു പ്രാര്‍ഥനകള്‍ നേരുന്നവര്‍.... എല്ലാവര്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങളുണ്ട്.

ഒരു സന്തോഷവും ശാശ്വതമല്ല. അത് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാം. ആ സത്യത്തെകുറിച്ചുള്ള തിരിച്ചറിവ് അയാളുടെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. മാലിനിയോടുള്ള അടുപ്പം ഇത്രനാളും തനിക്ക് സന്തോഷം നല്‍കി.

അവളുടെ മരണത്തോടെ ജീവിതത്തിലെ പ്രകാശം കെട്ടു. നഷ്ടമായ സന്തോഷവും സമാധാനവും ഇനിയെന്നെങ്കിലും സ്വന്തമാകുമോ. മാലിനിക്ക് സ്വര്‍ഗം കിട്ടിയിട്ടുണ്ടാകുമോ. ജീവിച്ചിരുന്ന നാളില്‍ അവളൊരിക്കലും തീര്‍ഥാടനത്തിന് പോയിട്ടില്ല. ചിതാഭസ്മം ഗംഗയിലൊഴുക്കണമെന്ന് തോന്നിയത് മാലിനിയുടെ മോക്ഷപ്രാപ്തിക്കായാകാം. അയാള്‍ സമാധാനിച്ചു. അമ്പലത്തിലിരിക്കുമ്പോഴും ചിന്തകള്‍ അയാളെ വിട്ടകന്നില്ല.

നാളുകള്‍ക്കുശേഷം മനസൊന്ന് കുളിര്‍ന്നതുപോലെ. തിരക്കുകളില്‍ നിന്നകന്ന് അയാള്‍ മുറിയിലെത്തി വിശ്രമിച്ചു. പിറ്റേന്ന് നേരം പുലര്‍ന്നു. പുണ്യനദി ഗംഗയില്‍ കുളിക്കണം. മാലിനിയുടെ ചിതാഭസ്മം അവിടെയൊഴുക്കണം. ജയകുമാര്‍ യാത്രയ്ക്കായി വീണ്ടും സ്റ്റേഷനിലേക്ക് നടന്നു. വാരണസിക്ക് ടിക്കറ്റെടുത്തു. ബനാറസ് എന്നും കാശി എന്നും വാരണസി എന്നും അറിയപ്പെടുന്ന പുണ്യനഗരത്തിലേക്കാണ് യാത്ര. ഗംഗയുടെ ഇരട്ട കൈവഴികളായ വരുണ, അസി എന്നീ പേരുകളില്‍ നിന്നുണ്ടായതാണ് വാരണാസിയെന്നപേര്. ഭഗവാന്‍ കാശി വിശ്വനാഥന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പുണ്യഭൂമി ഹിന്ദുക്കളുടെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ്. വാരണസിയിലെ പുണ്യഭൂവില്‍ മരിച്ചു വീഴുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നാണ് വിശ്വാസം. ചിതാഭസ്മമടങ്ങിയ കുടം കൈയിലെടുത്ത് ഗംഗയുടെ തീരത്തേക്കയാള്‍ നടന്നു. വെള്ളത്തിനടുത്ത് കുടം വച്ചു. കൈകളില്‍ വെള്ളം കോരിയെടുത്ത് ഉദയസൂര്യനെ നോക്കി പ്രാര്‍ഥനാ മന്ത്രങ്ങള്‍ ചൊല്ലി. വെള്ളം ദൂരേക്കെറിഞ്ഞുകളഞ്ഞു. വീണ്ടും അഞ്ചുതവണ വെള്ളമെടുത്ത് പ്രാര്‍ഥനകള്‍ ചൊല്ലി.

പിന്നിലേക്ക് തിരിഞ്ഞ് കുടമെടുത്ത് അരയോളം പൊക്കത്തില്‍ വെള്ളമെത്തുംവരെ വെള്ളത്തിലേക്ക് നടന്നു. വെള്ളത്തിനുമേലെ കുടംവച്ച് മുന്നിലേക്ക് മെല്ലെ തള്ളിവിട്ടു. കുടം വെള്ളത്തിലൂടെ ഒഴുകിമറഞ്ഞു. മാലിനി വെള്ളത്തില്‍ കിടന്ന് കൈകള്‍ വീശി തന്നോട് യാത്ര പറയുന്നതുപോലെ തോന്നി ജയകുമാറിന്. ദൂരെ ചക്രവാളത്തിലേക്ക് നോക്കി ഏറെ നേരം അങ്ങനെ നിന്നു, മാലിനി സ്വര്‍ഗത്തിലേക്ക് പറന്നുയരുന്നത് കാണാമെന്ന പ്രതീക്ഷയില്‍. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് കരയിലെത്തി മണിക്കൂറുകളോളം അയാള്‍ അങ്ങനെയിരുന്നു, ആയിരങ്ങള്‍ ഗംഗയില്‍ കുളിക്കാനിറങ്ങുന്നതും നോക്കി. എല്ലാവരും എന്തൊക്കെയോ തേടുകയാണിവിടെ. സമാധാനമോ, നല്ല ജീവിതമോ, ഭാഗ്യമോ, അനുഗ്രഹങ്ങളോ, സന്തോഷമോ പാപമോചനമോ, എന്താണിവരൊക്കെ തേടുന്നത്... അറിയില്ല. ജയകുമാര്‍ എഴുന്നേറ്റ് അമ്പലത്തിനരികിലേക്ക് നടന്നു. അയാള്‍ പ്രാര്‍ഥിച്ച് പുറത്തിറങ്ങി പ്രസാദമെടുത്ത് നെറ്റിയില്‍ തൊട്ടു. സൂര്യന്‍ മറഞ്ഞുതുടങ്ങിയതോടെ മുറിയിലേക്ക് തിരിച്ചുപോയി. പിറ്റേന്ന് രാവിലെ നദീതീരത്തെത്തി. വെള്ളത്തിലേക്ക് നടന്നു. വീണ്ടും പ്രാര്‍ഥനകളും മന്ത്രങ്ങളും ഉരുവിട്ടു. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് തീരത്ത് മണിക്കൂറുകളോളമിരുന്നു പ്രാര്‍ഥിച്ചു. ഏഴു ദിവസം ഗംഗയില്‍ മുങ്ങി നിവര്‍ന്ന് പ്രാര്‍ഥനകള്‍ ചൊല്ലി. മാലിനിക്ക് സ്വര്‍ഗം കിട്ടുമെന്നയാള്‍ ഉറച്ചു വിശ്വസിച്ചു. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് തിരിക്കാന്‍ ട്രെയിന്‍ കയറി. മനസ് മാലിനിയുടെ മരണത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു. മനസിന്റെ വിങ്ങലിനുമേല്‍ ഇത്തിരി ആശ്വാസം പകര്‍ന്നു കിട്ടിയതുപോലെ.

ട്രെയിന്‍ ഓരോ സ്റ്റേഷനിലും നിര്‍ത്തുമ്പോള്‍ ആളുകള്‍ കൂട്ടമായി തിക്കിത്തിരക്കി ഇറങ്ങുന്നു, കയറുന്നു. ലക്ഷ്യം തേടിയുള്ള യാത്രയാണ് ചിലരുടേത്. ദിവസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് മറ്റുചിലര്‍.

""ചായ... വെള്ളം... കാപ്പീ... ദോശാ...'' പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വില്‍ക്കുന്നവരുടെ ശബ്ദമുയര്‍ന്നു കേള്‍ക്കാം. ഓരോ ദിവസവും കടത്തിവിടാനുള്ള മനുഷ്യന്റെ നെട്ടോട്ടത്തിന്റെ വിവിധ മുഖങ്ങള്‍. കുടുംബത്തെ കാണാന്‍... ജോലിസ്ഥലത്തേക്ക്... സമയവുമായുള്ള പോരാട്ടത്തിലാണെല്ലാവരും. ജയകുമാര്‍ ചുറ്റിനും നോക്കി. സന്തോഷം നിറഞ്ഞ മുഖങ്ങളുണ്ട്. ക്ഷീണിച്ച മുഖങ്ങളുണ്ട്. ദുഖിതരുണ്ട്. മനുഷ്യരും മൃഗങ്ങളുമായി എന്തു വ്യത്യാസം. കാട്ടിലോ മരുഭൂമിയിലോ വെള്ളത്തിലോ മൃഗങ്ങള്‍ ജീവിക്കുന്നു. അവര്‍ക്കും കുഞ്ഞുങ്ങളുണ്ടാകുന്നു. ശത്രുക്കള്‍ അവര്‍ക്കുമുണ്ട്.

ഗുഹകളിലും മറ്റും ജീവിച്ചിരുന്ന ആദിമ മനുഷ്യന്‍ ഭക്ഷണം തേടിയും കിടക്കാനിടം തേടിയും മൃഗങ്ങളെപോലെ നടന്നു. ബുദ്ധിയുള്ള മൃഗമെന്ന നിലയില്‍ സുഖം തേടി അവന്‍ അലഞ്ഞു. ആയുധങ്ങളുണ്ടാക്കി... കൃഷിയിടങ്ങളുണ്ടാക്കി, റോഡുകളുണ്ടാക്കി, വാഹനങ്ങളുണ്ടാക്കി., വീടുണ്ടാക്കി. കാലങ്ങള്‍ ചെന്നപ്പോള്‍ അവര്‍ സമൂഹങ്ങളായി രൂപപ്പെട്ടു. സുഖങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കുമായി പണമേറെ കണ്ടെത്തേണ്ടി വരുന്നു മനുഷ്യന്.

നല്ല വിദ്യാഭ്യാസം കിട്ടുന്നവരുണ്ട്, നല്ല അവസരങ്ങള്‍ കിട്ടുന്നവരുണ്ട്, ചിലര്‍ ധനിക കുടുംബത്തില്‍ ജനിക്കുന്നു. ചിലര്‍ ദരിദ്രസാഹചര്യത്തില്‍ ജനിക്കുന്നു. എല്ലാവരും ജീവിക്കുന്നു, മരിക്കുന്നു. മരണം തന്നെ പലവിധത്തിലാണ്. ചിലര്‍ ചെറുപ്പത്തിലേ മരിക്കുന്നു. അസുഖബാധിതരായി അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നവരുണ്ട്. പ്രായമേറെയായിട്ടും ജീവിക്കുന്നവരുണ്ട്. മനുഷ്യര്‍ തമ്മില്‍ വഴക്കും വാക് പയറ്റും കൊലപാതകവും സാധാരണമാണ്. രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നു.

നമ്മുടെ സമയം തീരുന്നതോടെ ഈ ജീവിതവഴിയില്‍ നിന്ന് നമുക്ക് യാത്ര പറഞ്ഞ് പിരിയേണ്ടിവരും.

ചെറുപ്പത്തില്‍ എത്ര സന്തോഷകരമായിരുന്നു ജീവിതം. വളരുമ്പോള്‍ പണക്കാരനാകുമെന്നോ ബിസിനസുകാരനാകുമെന്നോ കരുതിയതല്ല. കോളജില്‍ പഠിച്ചിരുന്ന കാലത്ത് ഒരു ബാങ്ക് മാനേജര്‍ക്കപ്പുറത്തേക്കുള്ള മോഹങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. മാലിനിയെ കണ്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സന്തോഷകരമായ മുപ്പതാണ്ടുകള്‍. ഇനി ടൗണിലെ വീട്ടില്‍ മാലിനിയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.

ആലോചിച്ചും വിഷമിച്ചും ദിവസങ്ങള്‍ കടന്നുപോയി. ട്രെയിന്‍ കൊച്ചിയിലെത്തി.

ക്ഷീണിതമായിരുന്നു മുഖം. മുടിയാകെ അലങ്കോലപ്പെട്ടു കിടന്നു. മദ്രാസിലെ പഠനം കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോള്‍ മാലിനി കാത്തു നിന്നിരുന്നു, വണ്ടിയുമായി. ആള്‍ത്തിരക്കിലലിഞ്ഞപ്പോള്‍ മനസില്‍ വീണ്ടും ശൂന്യത. അയാള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ടൗണിലെ വീട്ടിലേക്കു പോയി. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് രഘു പുറത്തിറങ്ങിവന്നു. അഛനെ കണ്ടതേ ഓടിവന്ന് കെട്ടിപ്പിടിച്ചു. സുശീലയും മായയും ഓടിവന്നു. എല്ലാവരും കൂടി വീട്ടിനകത്തേക്ക് കയറി. രഘുവിനെ നോക്കി അയാള്‍ പറഞ്ഞു.

""വല്ലാത്തക്ഷീണം, കുറച്ച് വിശ്രമിക്കാതെ പറ്റില്ല.''

മാലിനിയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കി. അവള്‍ക്ക് മോക്ഷം കിട്ടുമെന്നുറപ്പാണ്. ഞാനിനിയൊറ്റയ്ക്കായി. എന്തു ചെയ്യണമെന്നെനിക്കറിയില്ല. പറഞ്ഞിട്ടയാള്‍ ഒരു നിമിഷം മിണ്ടാതിരുന്നു.

""അഛനിനി എനിക്കൊപ്പം ഇവിടെ താമസിക്കും.''

രഘു പറഞ്ഞു.

""ഞാനിനി വീട്ടിലേക്ക് പോയിഅമ്മയ്‌ക്കൊപ്പം കഴിയാന്‍ തീരുമാനിച്ചു. ലളിതമായൊരു ജീവിതം. അതാണെനിക്ക് വേണ്ടത്. ഇനി കമ്പനി നിന്റെയാണ്. ഇവിടെഅമ്മയെയും കൂടി നീ നോക്കണം.''

""എന്തായീ പറയുന്നേ?'' ജയകുമാര്‍ ഇവിടെ നിന്നാമതി. ഇത് നിന്റെ വീടാണ്. ഞങ്ങള്‍ ഒരിടത്തേക്കും നിന്നെവിടില്ല.'

സുശീല പറഞ്ഞു.

""ഇല്ലമ്മാ എനിക്ക് ഗ്രാമത്തിലേക്ക് പോകണം. മാലിനിക്കാ വീടായിരുന്നു ഇഷ്ടം. ചാരിറ്റി വര്‍ക്കുകള്‍ തുടര്‍ന്നില്ലെങ്കില്‍ അവളുടെ ആത്മാവ് പൊറുക്കില്ല. ടൗണിലേക്ക് വരണമെന്നേയില്ലെനിക്ക്. നിങ്ങളിടയ്ക്ക് എന്നെ കാണാന്‍ വന്നാമതി.'

ജയകുമാര്‍ പറഞ്ഞു.

രഘു പിറ്റേന്ന് ജയകുമാറിനെ മൂവാറ്റുപുഴയ്ക്ക് കൊണ്ടുപോയി. അമ്മയ്ക്കും ശാലിനിക്കും സന്തോഷമായി. ഗ്രാമവാസികളില്‍ ചിലരൊക്കെ ജയകുമാറിനെ കാണാനെത്തിയിരുന്നു. യാത്രാനുഭവങ്ങള്‍ അയാള്‍ എല്ലാവരോടും പറഞ്ഞു. മെല്ലെ അയാള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ജാനകിയും ശാലിനിയും ജയകുമാറിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചു. നല്ല ഭക്ഷണമുണ്ടാക്കാനും വസ്ത്രങ്ങള്‍ കഴുകി നല്‍കാനും ശാലിനി ശ്രദ്ധിച്ചു. പുസ്തകവായനയിലായി ജയകുമാറിന്റെ ശ്രദ്ധ മുഴുവന്‍. മനുഷ്യചരിത്രം, സൈക്കോളജി, മനുഷ്യന്റെ പെരുമാറ്റം ഇവയെക്കുറിച്ചൊക്കെയുള്ള പുസ്തകങ്ങള്‍ മാലിനി വാങ്ങിവച്ചിരുന്നു. അയല്‍ക്കാരുമായും തന്നെ കാണാനെത്തുന്ന നാട്ടുകാരുമായും അയാള്‍ ചര്‍ച്ചകള്‍ നടത്തി, അവര്‍ക്ക് ഉപദേശം നല്‍കി. വൈകുന്നേരം ജയകുമാര്‍ അമ്മയോട് ചെറുപ്പകാലത്തെ കഥകള്‍ പറഞ്ഞിരുന്നു. ശാലിനി വാതില്‍ക്കല്‍ മറഞ്ഞു നിന്ന് ശ്രദ്ധിക്കും. മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം അമ്മയോട് സംസാരിച്ചിരിക്കെ ജയകുമാര്‍ പറഞ്ഞു. ""ഈ വീടുവിട്ട് ടൗണില്‍ ജീവിച്ചകാലമെല്ലാം എനിക്കിന്നൊരു മായയായി തോന്നുന്നു. എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. എന്നിരുന്നാലും ആ ചെറുപ്പകാലത്തേക്ക് തിരിച്ചു പോകുന്നതാണെനിക്കിഷ്ടം. നടക്കില്ലെങ്കിലും അതാണെന്റെ മനസ് ആഗ്രഹിക്കുന്നത്. ഗംഗയും യമുനയും ഇവിടുണ്ടായിരുന്നെങ്കില്‍... അഛനും വേണമായിരുന്നു നമുക്കൊപ്പം.''

""ശരിയാ...് ജീവിതം ഒരു മായയാണ്. എനിക്കും തോന്നാറുണ്ട് എല്ലാരും ഇവിടുണ്ടായിരുന്നെങ്കിലെന്ന്. പക്ഷേ നമുക്ക് ജീവിതത്തെ നേരിട്ടേ പറ്റൂ. ശാലിനി ഇപ്പോഴും ഇവിടുണ്ടെന്ന് നീ മറക്കരുത്. അവളിന്നും നിന്നെ സ്‌നേഹിക്കുന്നു. നിനക്ക് താല്‍പര്യമാണെങ്കി അവള്‍ക്കൊപ്പം ജീവിക്കാം. നീയിപ്പോഴും ചെറുപ്പമാണ്. എന്റെ കാലശേഷം നിനക്ക് കൂട്ടിനാരുമില്ലെന്നോര്‍ത്താല്‍ എനിക്കു സമാധാനമുണ്ടാകില്ല.''

""അമ്മയെന്തായീ പറയുന്നേ?'' വിശ്വാസം വരാതെ അയാള്‍ അമ്മയെ നോക്കി.

""ശാലിനിയെ നീ കല്യാണം കഴിക്കണം. അവള്‍ക്കൊപ്പം ഇവിടെ കഴിയണം. അവള്‍ക്ക് നിന്നെ ഇഷ്ടമാണ്. അവളെന്നെയും നോക്കിക്കൊള്ളും.''

ഒന്നും മിണ്ടാതെ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി കിടക്കയിലേക്ക് വീണു. തിരിഞ്ഞും മറിഞ്ഞും കിടന്നു. അമ്മ പറഞ്ഞതിലെന്താ തെറ്റ്? ചെറുപ്പത്തില്‍ ശാലിനിയെ ഇഷ്ടമായിരുന്നു തനിക്കും.

പക്ഷേ വിവാഹം ചെയ്യണമെന്നൊന്നും കരുതിയില്ല. ശാലിനിക്കും തന്നെ ഇഷ്ടമായിരുന്നു. പണ്ടത്തെ ഇഷ്ടം ഇന്നുമവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് താന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ അമ്മ പറയുന്നത് ശാലിനിയെ സ്വീകരിക്കാനാണ്. ചെറുപ്പത്തില്‍ ഉപേക്ഷിച്ചതിനെയൊക്കെ വീണ്ടും സ്വീകരിക്കേണ്ടിവരുമോ.

ശാലിനിയെ കല്യാണം കഴിച്ചാല്‍ നഷ്ടമായ സന്തോഷം വീണ്ടുകിട്ടുമോ. ശാലിനി തനിക്കാരാണ്. അവള്‍ക്കീവീട്ടിലെ സ്ഥാനമെന്താണ്. പഠിക്കാന്‍ മിടുക്കനാണെന്നറിഞ്ഞ് മാലിനി തന്നെ സ്‌നേഹിച്ച് കീഴ്‌പ്പെടുത്തിയതാണെന്നു വിശ്വസിച്ചാല്‍ തെറ്റാകുമോ? കഴിഞ്ഞതെല്ലാം മായയായിരുന്നോ?'

ചിന്തകള്‍ ശല്യപ്പെടുത്തിയപ്പോള്‍ അയാള്‍ പുറത്തേക്കിറങ്ങി.

അടുത്ത ദിവസം രാവിലെ അയാള്‍ ജാനകിയോട് പറഞ്ഞു.

""ശാലിനിയോടെനിക്ക് സംസാരിക്കണം.''

ജാനകി അവളെ ജയകുമാറിനരികിലേക്കയച്ചു.

""ശാലിനീ, നമ്മള്‍ തമ്മില്‍ വിവാഹം കഴിച്ചാലോന്ന് എന്തെങ്കിലും തോന്നിയിട്ടുണ്ടോ നിനക്ക്?''

ജയകുമാറിന്റെ ചോദ്യം കേട്ട് ശാലിനി സ്തബ്ധയായി നിന്നു. പിന്നെപറഞ്ഞു.

""ഞാനെന്നും ജയകുമാറിനെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് പക്ഷേ നമ്മള്‍ കുട്ടികളായിരുന്നു.. പിന്നീട് നമ്മളെ വിധി രണ്ടുവഴികളിലേക്ക് വിട്ടു.''

""സോറി ശാലിനീ..... നിന്നെയിഷ്ടപ്പെടുന്നുവെന്ന് പറയാന്‍ പോലും എനിക്ക് പറ്റിയിട്ടില്ല.''

""എനിക്കും അന്നൊന്നും പറയാന്‍ പറ്റിയില്ല. പക്ഷേ എനിക്കെന്നും ജയകുമാറിനോട് ഇഷ്ടമുണ്ടായിരുന്നു.''

""ഓ.കെ ശാലിനീ. നിന്റെയിഷ്ടം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ ഒന്നിച്ചൊരു ജീവിതത്തെ കുറിച്ച് നമുക്കാലോചിക്കാമെന്നു തോന്നുന്നു.''

ശാലിനി വിശ്വാസം വരാതെ ജയകുമാറിനെ നോക്കി. അവരുടെ മുഖത്ത് സന്തോഷം വിടര്‍ന്നു. അമ്മയും അവര്‍ക്കരികിലേക്ക് വന്നു.

രണ്ടുമാസം കഴിഞ്ഞ് ജയകുമാറും ശാലിനിയുമായി വിവാഹം നടന്നു. ലളിതമായിരുന്നു ചടങ്ങുകള്‍. ഗംഗയും യമുനയും അവരുടെ കുടുംബങ്ങളും രഘുവും മായയും സുശീലയും കല്യാണത്തിനെത്തി.

സ്വപ്നങ്ങളേറെ പങ്കുവയ്ക്കാനുണ്ടായിരുന്നു ശാലിനിക്കും ജയകുമാറിനും. കടന്നുപോന്ന വഴികളിലെ നൊമ്പരങ്ങള്‍ അന്നത്തെ രാവിലവര്‍ മറന്നു.

നിലാവിലലിഞ്ഞ്, പുഴയുടെ സംഗീതം കേട്ട്, അവര്‍ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു. അടുത്ത പുലരിയില്‍ ജയകുമാര്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. ശാലിനി അടുക്കളയില്‍ അമ്മയ്‌ക്കൊപ്പം പ്രഭാതഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. ജയകുമാര്‍ ഗംഗയെയും യമുനയെയും അടുത്തു വിളിച്ചിരുത്തി. എന്നിട്ടു പറഞ്ഞു തുടങ്ങി.

""വളരെ നാളുകള്‍ക്കുശേഷം ഏട്ടനിന്നേറെ സന്തോഷത്തിലാ... ഇതൊരു പുതുജീവിതമാണെനിക്ക്. 25 വര്‍ഷത്തിലേറെയായി ഞാനേതോ മായാലോകത്തായിരുന്നു. തീര്‍ച്ചയായും നേട്ടങ്ങളേറെ എനിക്ക് സ്വന്തമായി. കോളജ് ദിനങ്ങള്‍ അവസാനിച്ചതുമുതല്‍ മാലിനിയെനിക്ക് പങ്കാളിയായിരുന്നു. അവള്‍ നഷ്ടപ്പെട്ട ദുഖത്തിലായിരുന്നു ഞാനിതുവരെയും. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നല്ല ഭര്‍ത്താക്കന്‍മാരുണ്ട്, നല്ല ജീവിതവുമുണ്ട്. രഘുവാണെങ്കില്‍ ഇന്നൊരു കോര്‍പറേഷന്‍ നടത്തുന്നു.

ഇപ്പോഴെനിക്ക് പുതിയൊരു ജീവിതം സ്വന്തമായിരിക്കുന്നു. എന്റെ കളിക്കൂട്ടുകാരി ശാലിനിയെ ഒടുവിലെനിക്ക് സ്വന്തമായി. വിധി ഞങ്ങളെ രണ്ടുപേരെയും പരീക്ഷിക്കുകയായിരുന്നു. എനിക്ക് കിട്ടിയ ജീവിതം പാതിവഴിയില്‍ നഷ്ടമായെങ്കില്‍ ശാലിനിക്കിതുവരെയും നല്ലൊരു ജീവിതം സ്വന്തമായിരുന്നില്ല. അവസാനം വിധി തന്നെ ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തു. കഴിഞ്ഞുപോയ എന്റെ ജീവിതത്തെയും മറക്കാന്‍ സമയമായിരിക്കുന്നു. ബാല്യകാലത്തെ ഓര്‍മകളിലേക്ക് തിരിച്ചുപോകാന്‍ സമയമായി. എത്ര നല്ലനാളുകളായിരുന്നു അന്നത്തേത്. അന്നും നമ്മുടെ ഗ്രാമം സുന്ദരിയായിരുന്നു. ജീവിതം വളരെ ലാളിത്യം നിറഞ്ഞതും. സന്തോഷം കൂട്ടിനുണ്ടായിരുന്നു നമുക്ക്.''

ശാലിനി ഒരു കപ്പ് കട്ടന്‍കാപ്പിയുമായി വന്നു. ജയകുമാര്‍ അവളില്‍ നിന്ന് കാപ്പി വാങ്ങിക്കുടിച്ചുകൊണ്ട് പറഞ്ഞു.

""ശാലിനീ നീ ഓര്‍ക്കുന്നുണ്ടോ.... നമ്മള്‍ ചെറുപ്പത്തില്‍ സാറ്റ് കളിച്ചിരുന്നത്.... ഞാനൊളിച്ചിരിക്കുന്നിടത്ത് എന്റെയടുത്തൊളിച്ചിരിക്കാനായിരുന്നു അന്നും നിനക്കിഷ്ടം. ഇനി ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം നിനക്കെന്റെയരികിലിരിക്കാം.'' മക്കളെല്ലാരും ഒത്തുകൂടിയതുകണ്ട് ജാനകിയും അവിടേക്കു വന്നു.

""അമ്മേ ഞങ്ങള്‍ സാറ്റ് കളിക്കാന്‍ പോകുന്നു. കളി കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് ഏത്തക്കാപ്പം ഉണ്ടാക്കിത്തരുമോ?''

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക