Image

കല(ആര്‍ട്ട്) കുവൈറ്റ് സാംബശിവന്‍ പുരസ്‌കാരം ഡോ. വസന്തകുമാര്‍ സാംബശിവന്

Published on 12 July, 2017
കല(ആര്‍ട്ട്) കുവൈറ്റ് സാംബശിവന്‍ പുരസ്‌കാരം ഡോ. വസന്തകുമാര്‍ സാംബശിവന്
 
കുവൈറ്റ്: 2016ലെ 'കല(ആര്‍ട്ട്) കുവൈറ്റ് സാംബശിവന്‍ പുരസ്‌കാരം' പ്രശസ്ത കാഥികനും കഥാപ്രസംഗ കലയിലെ പ്രൗഢ പൈതൃകത്തിനുടമയുമായ ഡോ. വസന്തകുമാര്‍ സാംബശിവന് നല്‍കാന്‍ കല(ആര്‍ട്ട്) കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുംമാണ് അവാര്‍ഡ്.

കഥാപ്രസംഗരംഗത്തെ അതികായന്‍ പ്രൊഫ: വി. സാംബശിവന്റെ സ്മരണക്കായി കല(ആര്‍ട്ട്) കുവൈറ്റ്, കലാസാഹിത്യ സാംസ്‌കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങള്‍ക്കായാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഥാപ്രസംഗ കലയുടെ ഉന്നമനത്തിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഡോ. വസന്തകുമാര്‍ സാംബശിവന്‍ നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന്ന് അര്‍ഹനാക്കിയതെന്ന് അവാര്‍ഡ് വിവിവരം പ്രഖ്യാപിച്ചുകൊണ്ട് കല(ആര്‍ട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.

കലയുടെ ഋതുഭേദങ്ങള്‍ക്ക് കനകകാന്തി പകര്‍ന്ന അനശ്വര കലാകാരനും കഥാപ്രസംഗത്തിലെ ഇതിഹാസവുമായ പ്രൊഫ: വി. സാംബശിവന്റെ പാത പിന്തുടര്‍ന്നെത്തിയ മകന്‍ ഡോ. വസന്തകുമാര്‍ കഥാപ്രസംഗ വേദിയില്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി കഥപറഞ്ഞത് നാലായിരത്തോളം വേദികളില്‍. ഇരുപത്തെട്ടോളം വ്യത്യസ്ത കഥകള്‍ അദ്ദേഹം പറഞ്ഞു.
||
രസതന്ത്രത്തില്‍ ബിരുദാനന്തബിരുദവും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുള്ള ഡോ. വസന്തകുമാര്‍ കൊല്ലം ശ്രീനാരായണ കോളേജിലെ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായിരുന്നു. പ്രൊഫ: വി. സാംബശിവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുമാണ്. അച്ഛന്റെ കഥകള്‍ കൂടാതെ പതിഞ്ചോളം കഥകള്‍ സ്വന്തമായി രചിച്ചു. സെപ്റ്റംബര്‍ 15 നു വൈകുന്നേരം നാലിന് കുവൈറ്റിലെ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ കലാ(ആര്‍ട്ട്) കുവൈറ്റ് സംഘടിപ്പിക്കുന്ന കേരളീയം 2017ല്‍ വച്ചു ഡോ. വസന്തകുമാര്‍ പുരസ്‌കാരം സ്വീകരിക്കും.

കല(ആര്‍ട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ചു വര്‍ഷംതോറും കുട്ടികള്‍ക്കായി സംഘടിപ്പിച്ചു വരാറുള്ള ’നിറം’ ചിത്രരചനാ മത്സരം ഈ വര്‍ഷം നവംബര്‍ 10ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചതായും പത്രസമ്മേളനത്തില്‍ അറിയിച്ചു.

കല(ആര്‍ട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, അംഗങ്ങളായ ശിവകുമാര്‍, സമീര്‍ പി. പി., മുകേഷ് വി. പി., അനീച്ച ഷൈജിത്, ജെയ്‌സണ്‍ ജോസഫ്, ഹസ്സന്‍കോയ എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക