Image

ട്രമ്പ്‌ 21 ഫെഡറല്‍ ജഡ്‌ജ്‌മാരെ നോമിനേറ്റ്‌ ചെയ്‌തു

ഏബ്രഹാം തോമസ്‌ Published on 13 July, 2017
ട്രമ്പ്‌ 21 ഫെഡറല്‍ ജഡ്‌ജ്‌മാരെ നോമിനേറ്റ്‌ ചെയ്‌തു
വാഷിംഗ്‌ടണ്‍: പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രമ്പിന്‌ മറ്റൊരു യു എസ്‌ സുപ്രീം കോടതി ജസ്‌റ്റിസിനെ കൂടി നിയമിക്കുവാന്‍ ഈ മാസം കഴിയും എന്ന്‌ ചിലര്‍ വിശ്വസിച്ചു. എന്നാല്‍ പ്രതീക്ഷിച്ചത്‌ പോലെ ജസ്‌റ്റിസ്‌റ്റ്‌ കെന്നഡി വിരമിച്ചില്ല. അടുത്ത ഒക്ടോബറില്‍ വിരമിക്കും എന്നാണ്‌ ഇപ്പോള്‍ കരുതുന്നത്‌. ഇതിനിടയില്‍ ഒഴിവ്‌ വന്ന 21 ഫെഡറല്‍ ജഡ്‌ജ്‌മാരുടെ പകരക്കാരെ ട്രമ്പ്‌ നോമിനേറ്റ്‌ ചെയ്യുന്നു. വിവിധ ഫെഡറല്‍ സര്‍ക്യൂട്ട്‌ അപ്പീല്‍ കോടതികളിലേക്കുള്ള നിയമനങ്ങളാണ്‌ സ്ഥിരപ്പെടുത്തലിനായി കാത്തിരിക്കുന്നത്‌.

സെനറ്റ്‌ ജുഡീഷ്യറി കമ്മിറ്റി ശുപാര്‍ശ ചെയ്‌തവരില്‍ കെന്റക്കി അറ്റേര്‍ണി ജോണ്‍ ബുഷും ഉള്‍പ്പെടുന്നു. 2008 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ആര്‌ ജയിക്കും എന്നത്‌ നിര്‍ണ്ണായകമാണ്‌, കാരണം ജഡ്‌ജ്‌മാരെ ആരായിരിക്കും നിയമിക്കുക എന്നറിയാം, അന്ന്‌ ഒരു ബ്ലാഗില്‍ ബുഷ്‌ എഴുതിയത്‌ ഇപ്പോഴത്തെ നിയമനത്തിന്‌ വിലങ്ങുതടിയായില്ല.

ട്രമ്പിന്റെ നോമിനികള്‍ ചെറുപ്പക്കാരാണ്‌, യാഥാസ്ഥിതികരും അമേരിക്കന്‍ ഭരണഘടന വള്ളിയും പുള്ളിയും വിടാതെ പാലിക്കപ്പെടണം എന്ന്‌ വിശ്വസിക്കുന്നവരുമാണ്‌. ഇതേ നയങ്ങളോട്‌ കൂറ്‌ പുലര്‍ത്തുന്നവര്‍ ന്യായപീഠങ്ങളില്‍ വരണം എന്ന ട്രമ്പിന്റെദൃഡ നിശ്ചയം സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ (52 അംഗങ്ങള്‍) നടപ്പിലാക്കാമെന്ന്‌ പാര്‍ട്ടി കരുതുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലെ ഒഴിവുകളില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ വരേണ്ട എന്ന്‌ ഡെമോക്രാറ്റ്‌ സെനറ്റര്‍മാര്‍ തീരുമാനിച്ചാലും ഭൂരിപക്ഷ വോട്ട്‌ ഇതിനെതിരായിരിക്കും എന്ന്‌ റിപ്പബ്ലിക്കന്‍ നേതാക്കള്‍ പറയുന്നു.

ഫെഡറല്‍ കോടതികള്‍ തങ്ങളുടെ നയത്തില്‍ വിശ്വസിക്കുന്ന ജഡ്‌ജ്‌മാരെക്കൊണ്ട്‌ നിറയ്‌ക്കുവാനാണ്‌ ശ്രമം. പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമക്ക്‌ 13 ഫെഡറല്‍ അപ്പീല്‍സ്‌ കോടതികളില്‍ 9 എണ്ണത്തില്‍ ഡെമോക്രാറ്റിക്‌ ഭൂരിപക്ഷം ഉണ്ടാകുവാന്‍ 8 വര്‍ഷം വേണ്ടി വന്നു. ട്രമ്പ്‌ ആദ്യ നാല്‌ വര്‍ഷത്തില്‍ തന്നെ ഇത്‌ സാധിച്ചേക്കും. തന്റെ പാര്‍ട്ടി നയങ്ങളോട്‌ അനുഭാവമുള്ള ഈ ജഡ്‌ജിമാര്‍ ചെറുപ്പമായതിനാല്‍ തന്റെ ഭരണം കഴിഞ്ഞാലും കുറേയധികം വര്‍ഷം തുടരും എന്നും ട്രമ്പ്‌ ഉറപ്പിക്കുന്നു. ട്രമ്പിന്റെ നോമിനികള്‍ പ്രതിഭാശാലികളും ബുദ്ധിമതികളുമാണെന്ന്‌ കെയ്‌ഡ്‌ വെസ്റ്റേണ്‍ റിസര്‍വ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലോ പ്രോ ഫസര്‍ ജോനഥന്‍ ആഡ്‌ലര്‍ പറഞ്ഞു.

യു എസ്‌ സുപ്രീം കോടതിയില്‍ ഓരോ ടേമിലും 75 കേസ്സുകള്‍ വീതം മാത്രം വിചാരണ ചെയ്യുമ്പോള്‍ ഫെഡറല്‍ ഡിസ്‌ട്രിക്ട്‌, അപ്പീല്‍ കോടതികളില്‍ ഒരു ടേമില്‍ വിചാരണ നടക്കുന്നത്‌ 30000 കേസുകളുടെയാണ്‌. ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ സ്ഥിരമാക്കപ്പെട്ട സുപ്രീം കോടതി ജസ്‌റ്റിസ്‌ ഗോര്‍ സച്ചിന്‌ അടുത്തമാസം 50 വയസാകും. ഏപ്രില്‍ മുതല്‍ ഇതുവരെ തീരുമാനിച്ച കേസുകള്‍ നിയമം കര്‍ശനമായി പാലിക്കുവാനുള്ള വ്യഗ്രത വ്യക്തമായതായി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ട്രമ്പിന്‌ ലഭിക്കുന്ന മറ്റൊരു സുവര്‌ണാവസരം ഡിസ്‌ട്രിക്‌റ്റ്‌ ഓഫ്‌ കൊളംബിയ സര്‍ക്യൂട്ട്‌ കോടതി (കോര്‍ട്ട്‌ ഓഫ്‌ അപ്പീല്‍സ്‌) യില്‍ നിന്ന്‌ അടുത്ത മാസം റിട്ടയര്‍ ചെയ്യുന്ന ജഡ്‌ജ്‌ ജാനിസ്‌ റോജേഴ്‌സ്‌ ബ്രൗണിന്‌ പകരം നിയമനം നടത്തുക എന്നതാണ്‌. ഈ കോടതിയിലെ ജഡ്‌ജ്‌ സ്ഥാനം സുപ്രീം കോടതിയിലേക്കുള്ള ചവിട്ടു പലകയായിച്ചാണ്‌ കരുതുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക