Image

തിങ്കളാഴ്‌ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന്‌ മാനെജ്‌മെന്റുകളുടെ ഭീഷണി

Published on 13 July, 2017
തിങ്കളാഴ്‌ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന്‌ മാനെജ്‌മെന്റുകളുടെ ഭീഷണി


തിങ്കളാഴ്‌ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യആശുപത്രികള്‍ അടച്ചിടുമെന്ന്‌ ഭീഷണി. ശമ്പള വര്‍ധന ആവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനാണ്‌ ആശുപത്രികള്‍ അടച്ചിടാനുളള തീരുമാനം. 

ഇന്നുചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്‌മെന്റ്‌ അസോസിയേഷനാണ്‌ ആശുപത്രികള്‍ അടച്ചിട്ട്‌ സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്‌. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ്‌ മാനെജ്‌മെന്റുകള്‍ അറിയിച്ചത്‌.

നഴ്‌സുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശരാശരി ശമ്പളം 20,806 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വ്യവസ്ഥതകള്‍ അംഗീകരിക്കില്ലെന്ന്‌ സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മിനിമം വേജസ്‌ കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ സംഘടനകളുടെ നിലപാട്‌.

സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക്‌ കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്‌. 16ാം തീയതി വരെയാണ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ സമയം അനുവദിച്ചിട്ടുള്ളത്‌. അതിന്‌ മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക