Image

ആഭരണ വ്യാപാരിയെ 'താങ്ങി' നടന്‍ സിദ്ദിഖിന്റെ ഫെയ്‌സ് ബുക്ക് സദാചാര വാദം

എ.എസ് ശ്രീകുമാര്‍ Published on 13 July, 2017
ആഭരണ വ്യാപാരിയെ  'താങ്ങി' നടന്‍ സിദ്ദിഖിന്റെ ഫെയ്‌സ് ബുക്ക് സദാചാര വാദം
കൊച്ചി: നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഊര്‍ജിത തെളിവെടുപ്പിനും രാപ്പകല്‍ ചോദ്യം ചെയ്യലിനും വിധേയനായിക്കൊണ്ടിരിക്കുന്ന ദിലീപിനെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച നടന്‍ സിദ്ദിഖും ഒടുവില്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട് സദാചാര പ്രസംഗം നടത്തി. ദിലീപിനൊപ്പം നിന്ന പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഒളിച്ച് മാറി കുറ്റബോധത്തിന്റെ തിര തള്ളലില്‍ സോഷ്യല്‍ മീഡിയയിലൂടെ അവനവന്‍ ന്യായം പറഞ്ഞ് മുഖം രക്ഷിക്കുന്ന കാഴ്ചയാണിപ്പോള്‍.

കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അമ്മയുടെ ജനറല്‍ ബോഡി ചേരുന്നതിന്റെ തലേ ദിവസം, അതായത് ജൂണ്‍ 29ന് രാത്രി എക്‌സിക്യൂട്ടീവ് യോഗം നടക്കുമ്പോള്‍ ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ അപ്പോള്‍ പത്ത് മണിക്കൂര്‍ കഴിഞ്ഞതിലും ദിലീപ് എക്‌സിക്യൂട്ടിവ് യോഗത്തില്‍ എത്താത്തതിലുമുള്ള സങ്കടം സഹിക്കവയ്യാതെ സിദ്ദിഖ് രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ പോലീസ് ക്ലബിലെത്തി കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ചു. സിദ്ദിഖും ദിലീപും ഉറ്റ ചങ്ങാതിമാരും പരസ്പരം മനസാക്ഷി സൂക്ഷിക്കുന്നവരുമാണ്. ആ നിലയ്ക്ക് നടി ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് പറഞ്ഞതിങ്ങനെ...

''നമ്മുടെ നാട്ടില്‍ ഒരു ക്രൈം നടന്നിരിക്കുന്നു. ഈ ക്രൈം ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. അയാള്‍ക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ഇനി വിചാരണ നടക്കണം. കുറ്റവാളിയെന്നു ബോധ്യപ്പെട്ടാല്‍ കോടതി ശിക്ഷിക്കും...'' പള്‍സര്‍ സുനിയെ ഉദ്ദേശിച്ചാണ് സിദ്ദിഖിന്റെ ഈ കമന്റ്. വളരെ ലാഘവത്തോടെയാണ്,  ദിലീപ് അറസ്റ്റിലാവും മുമ്പ് സിദ്ദിഖ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചതെന്നോര്‍ക്കുക. ഒരാളെ മനപ്പൂര്‍വം കുറ്റവാളിയായി മുദ്ര കുത്തരുതെന്ന് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ട് അന്ന് സിദ്ദിഖ് പറയുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ദിലീപ് കസ്റ്റഡിയിലുമായി. അതോടെ സിദ്ദിഖ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് ഉളിയൂരിയിരിക്കുന്നു. ''തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം...'' എന്ന് തുടങ്ങുന്ന പോസ്റ്റ് വായിക്കുമ്പോള്‍ സിദ്ദിഖ് ദിലീപിനെ കൈയൊഴിഞ്ഞു എന്ന് തോന്നാം. പക്ഷേ തുടര്‍ന്നു വായിക്കുമ്പോള്‍ സംഗതി ആഭരണ വ്യാപാരിയുടെ  പുറത്താണെത്തുക.

ഇതാണാ പോസ്റ്റ്... ''തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ആഭരണ വ്യാപാരിക്കെതിരെ  പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, വ്യാപാരിയെ   ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കാരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം... അന്ന്  വ്യാപാരിയുടെ   ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ നട്ടെല്ല് നിവര്‍ന്നില്ലേ... ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു...''

ഇവിടെയൊരു കാര്യം വ്യക്തം. ദിലീപിനെതിരെ ഇരയുടെ കൃത്യമായ പരാതിയും മൊഴിയുമൊക്കെയുണ്ട്. ഗൂഢാലോചന നടന്നതായി വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസ് ശേഖരിച്ചു. കൃത്യം ചെയ്തയാള്‍ നേരത്തെ അറസ്റ്റിലായി. നിയമനടപടികള്‍ അങ്ങനെ പുരോഗമിക്കുന്നു. എന്നാല്‍ വ്യാപാരിയുടെ മറ്റൊരു മുഖം വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു എന്നത് സത്യമാണ്. 

എന്നാല്‍ പരാതിയുമായി ആ വീഡിയോയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന സ്ത്രീയോ മറ്റാരെങ്കിലുമോ എത്തിയില്ല. ആരാണ് ആ സ്ത്രീയെന്ന് ആര്‍ക്കും വ്യക്തവുമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. വനിതാ കമ്മീഷന് ഒരു പൊതുതാത്പര്യഹര്‍ജി കൊടുക്കാമായിരുന്നു. അതൊന്നുമില്ലാത്തിടത്തോളം കാലം അദൃശ്യയായ ഒരു വ്യക്തിക്കു വേണ്ടി കേസെടുക്കുന്നതെങ്ങിനെ...? മാധ്യമങ്ങള്‍ പ്രതികരിക്കുന്നതെങ്ങിനെ...? വനിതാ കമ്മീഷനോ സ്ത്രീപക്ഷ സംഘടനകളോ ഇടപെടുന്നതെങ്ങനെ...? ഈ ചോദ്യങ്ങള്‍ക്ക് സിദ്ദിഖ് മറുപടി പറയാന്‍ ഒരു സാധ്യതയുമില്ല. പക്ഷേ അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പ്രസക്തമാണ്, അത് മുഖവിലയ്‌ക്കെടുക്കുകയുമാവാം.

ആഭരണ വ്യാപാരിയെ  'താങ്ങി' നടന്‍ സിദ്ദിഖിന്റെ ഫെയ്‌സ് ബുക്ക് സദാചാര വാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക