Image

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന്‌ സഹോദരന്‍

Published on 13 July, 2017
നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന്‌ സഹോദരന്‍

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന്‌ സഹോദരന്‍ സത്യനാഥ്‌. കൊലപാതകത്തിന്‌ സിനിമാമേഖലയുമായി ബന്ധമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മരണം നടന്ന സമയത്ത്‌ ശ്രീനാഥിനെ അഭിനയിക്കാനായി വിളിപ്പിച്ച സിനിമയുടെ ലൊക്കേഷനിലെ തര്‍ക്കത്തെക്കുറിച്ച്‌ അന്വേഷണം നടന്നില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേസില്‍ പുനരന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുമെന്നും സഹോദരന്‍ സത്യനാഥ്‌ പറഞ്ഞു.

മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ ശ്രീനാഥ്‌ മരിച്ചെന്ന്‌ പൊലീസ്‌ വീട്ടില്‍ വിളിച്ചറിയിച്ചത്‌. അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ സംസ്‌കാരത്തിന്‌ എത്തിയിരുന്നില്ല. വ്യക്തിബന്ധമുണ്ടായിട്ടും മോഹന്‍ലാലും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ വന്നില്ല. ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകളെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തിയില്ലെന്നും സത്യനാഥ്‌ വ്യക്തമാക്കി.

 മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും നിയമനടപടികള്‍ ആലോചിക്കുകയാണെന്നും ഭാര്യ ലതയും പറഞ്ഞു.2010 മേയില്‍ പത്മകുമാര്‍ സംവിധാനം ചെയ്‌ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്‌. കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച്‌ രക്തംവാര്‍ന്ന്‌ മരിച്ചനിലയിലാണ്‌ ശ്രീനാഥിനെ കണ്ടെത്തിയത്‌. 

 വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ്‌ കണ്ടെത്തല്‍. ശ്രീനാഥ്‌ ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന്‌ വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട്‌ അന്വേഷണം അവസാനിച്ചു. ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നതെന്നും പൊലീസ്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന്‌ നടന്‍ തിലകന്‍ ആരോപിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക