Image

ദിലീപ്‌ വീണ്ടും പൊലീസ്‌ കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെയെന്ന്‌ കോടതി

Published on 13 July, 2017
ദിലീപ്‌ വീണ്ടും പൊലീസ്‌ കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെയെന്ന്‌ കോടതി

നടന്‍ ദിലീപിനെ വീണ്ടും പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്‌. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പൊലീസ്‌ അപേക്ഷ നല്‍കിയത്‌. എന്നാല്‍ നാളെ അഞ്ചുമണിവരെയാണ്‌ കോടതി കസ്റ്റഡി കാലാവധി അനുവദിച്ചത്‌. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത്‌ പരിഗണിച്ചില്ല.

ദിലീപ്‌ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന്‌ കോടതിയില്‍ പൊലീസ്‌ പറഞ്ഞു.  പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുളള മറുപടിയാണ്‌ ദിലീപ്‌ നിരന്തരം നല്‍കുന്നത്‌. തെളിവുകള്‍ കാട്ടി ചോദ്യം ചെയ്യുമ്പോഴും ദിലീപ്‌ മറുപടി നല്‍കുന്നില്ലെന്നും പൊലീസ്‌ പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും മതിയായ തെളിവുകള്‍ ദിലീപിനെതിരെ ഉണ്ടെന്നും സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍ അഡ്വ. സുരേശന്‍ കോടതിയെ അറിയിച്ചു. വേണ്ട സമയത്ത്‌ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം പൊലീസിനോട്‌ പരാതിയില്ലെന്നു ദിലീപ്‌ കോടതിയെ അറിയിച്ചു.

ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്‌തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്‌ത്‌ തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസിനെതിരെ പരാതികളില്ലെന്ന്‌ ദിലീപ്‌ കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ കേസ്‌ ഡയറി മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നും പൊലീസ്‌ അറിയിച്ചു.
ആലുവ പൊലീസ്‌ ക്ലബ്ബില്‍ നിന്നും ഇന്നുരാവിലെ പത്തരക്ക്‌ ശേഷമാണ്‌ ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്‌. 

 കഴിഞ്ഞദിവസം കോടതിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ കൂവിവിളിക്കുകയായിരുന്നെങ്കില്‍ ഇന്ന്‌ ദിലീപിനെ അഭിവാദ്യം ചെയ്‌താണ്‌ കുറെപ്പേര്‍ സ്വീകരിച്ചത്‌. അഡ്വ. രാംകുമാറും സംഘവുമാണ്‌ ദിലീപിനായി ഹാജരായത്‌.

 ദിലീപിനെതിരെ കേന്ദ്രഎന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷണവും. ദിലീപിന്റെ ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കും. കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ്‌ ക്ലബ്ബിലെത്തി എഫ്‌ഐആര്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചു.

ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും പൊലീസ്‌ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറിയിട്ടുണ്ട്‌. കൊച്ചിയില്‍ മാത്രം 35 ഭൂമിയിടപാടുകള്‍ ദീലീപ്‌ നടത്തിയെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍.

രജിസ്‌ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ്‌ നടത്തിയതായ വിവരം പൊലീസിനു ലഭിച്ചത്‌. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്ന പക്ഷം ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ്‌ പൊലീസ്‌ അന്വേഷിക്കുമെന്നാണ്‌ സൂചന. ദിലീപിന്‌ ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്‌. ദിലീപിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക