Image

കാണാന്‍ നല്ലൊരു സിനിമാക്കാരന്‍

Published on 14 July, 2017
കാണാന്‍ നല്ലൊരു സിനിമാക്കാരന്‍
വിനീത് ശ്രീനിവാസന്‍ എന്ന നടന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലെ ആല്‍ബി. പയ്യന്‍സ്, പച്ചമരത്തണലില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ലിയോ തദേവൂസ് ഒരുക്കിയ ചിത്രമാണിത്.

വ്യത്യസ്തമായ ഒരു ക്രൈംത്രില്ലറാണ് സിനിമ. വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു ചിത്രത്തിന് ഇങ്ങനെയൊരു മൂഡുണ്ടാകുക എന്നത് അല്‍പം അവിശ്വസനീയമാണെങ്കിലും അതിനെ മറികടന്ന് സംവിധായകന്‍ ത്‌ന്റെ ദൗത്യം ഭംഗിയാക്കിയിട്ടുണ്ട്.

അസി.ഡയറക്ടര്‍ ആല്‍ബി (വിനീത് ശ്രീനിവാസന്‍)അയാളുടെ ഭാര്യ സൈറ )രജീഷ വിജയന്‍)എനന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. ആല്‍ബിക്ക് സിനിമാ സംവിധായകനാകാനാണ് ഇഷ്ടം. പലരോടു പോയി കഥകളൊക്കെ പറയുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. ഫ്‌ളാറ്റിലേക്ക് ജീവിതം പറിച്ചു നടുമ്പോഴുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍. യുവദമ്പതിമാരുടെ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം വളരെ രസകരമായ രീതി#ില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നവദമ്പതികളാണെങ്കിലും ഭാര്യയുടെ ഇഷ്ടാനുസരണം ചുറ്റിക്കങ്ങാനും ആല്‍ബിയുടെ കൈയ്യില്‍ കാശില്ല. അതിന്റെ സങ്കടം ഒരുവശത്ത്. പക്ഷേ അവരുടെ ജീവിതം അപ്പോഴും രസകരമായി തന്നെ മുന്നോട്ടു പോകുന്നു. പ്രണയവിവാഹിതരായ ഇവരുടെ ജീവിതത്തിലെ നിറം കലര്‍ന്ന സ്‌നേഹവും പിണക്കവുമായി ആദ്യപകുതി അവസാനിക്കുന്നു.

രണ്ടാം പകുതി ത്രില്ലര്‍ സ്വഭാവത്തോടെയാണ് തുടങ്ങുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് ആല്‍ബി ഒരു പ്രതിസന്ധിയില്‍ അകപ്പെടുകയാണ്. അതിനെ മറികടക്കാന്‍ അയാള്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴെല്ലാം കൂടുതല്‍ കുരുക്കിലേക്ക് അയാള്‍ വീഴുന്നു. രണ്ടാം പകുതിയില്‍ ആല്‍ബിയില്ല. പകരം ഒരു അന്വേഷകനാണ് വരുന്നത്. ആ പോലീസ് കമ്മീഷണര്‍ ചിത്രം കൈയ്യടക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. ആല്‍ബി പിന്നീട് കഥയില്‍ ഇല്ല. തമാശയില്‍ തുടങ്ങി ഉദ്വേഗജനകമായ രീതിയില്‍ കഥ മുന്നോട്ടു പോകുമ്പോള്‍ അത് ശരിക്കും ഒരു ക്രൈംത്രില്ലറാകുന്നു.

വിനീത് ശ്രീനിവാസന്റെ മികച്ച അഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈററ്റ്. ഒപ്പം മികച്ച കൈയ്യടക്കത്തോടെ നടത്തിയ സംവിധാനവും . രജീഷ വിജയനും തന്റെ കഥാപാത്രം ഭംഗിയാക്കി. ആല്‍ബിയുടെ അച്ഛനായി എത്തുന്ന രണ്‍ജി പണിക്കരും സൈറയുടെ അച്ഛനായി എത്തുന്നത് ലാലുമാണ്. സ്വഭാവത്തില്‍ ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം പോലെ ചിരിക്കാന്‍ വക നല്‍കുന്നുണ്ട്.

എന്നാല്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചത് പോലീസ് കമ്മീഷണറായി എത്തിയ പ്രശാന്ത് നാരായണനാണ്. രണ്ടാം പകുതിയില്‍ വന്നിറങ്ങുമ്പോള്‍ മുതല്‍ നല്ലവനോ അതോ വില്ലനോ എന്നു വ്യക്തമാക്കാതെ പ്രേക്ഷകരെ വട്ടം കറക്കുകയാണ് ഈ കമ്മീഷണര്‍. അതും വളരെ ത്രില്ലിങ്ങായി തന്നെ ചിത്രീകരിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ഹരീഷ് , നോബി മര്‍ക്കോസ്, ശശി കലിംഗ, ജാഫര്‍ ഇടുക്കി, അബു സലിം എന്നിവരും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും സുധീര്‍ സുരേന്ദ്രന്റെ ഛായാഗ്രഹണവും മികച്ചതായി. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണമോ അങ്ങനെ തന്നെയാണ് ഈ ചിത്രം അവസാന രംഗം വരെ ഒരുക്കിയിരിക്കുന്നത്. ഏതായാലും ആസ്വദിച്ചു കാണാവുന്ന ഒരു നല്ല സിനിമയാണ് ഇതെന്നതില്‍ സംശയമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക