Image

ടിയാന്‍: വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ക്കു തിരിച്ച കണ്ണാടി

Published on 14 July, 2017
ടിയാന്‍: വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ക്കു തിരിച്ച കണ്ണാടി
ശക്തമായ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യമണ് ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ എന്ന സിനിമ. സമകാലീന രാഷ്ട്രീയ വിവാദങ്ങള്‍ ജാതീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ ആള്‍ദൈവങ്ങളുടെ ആധിപത്യവും അതിന്റെ കാപട്യവും തുടങ്ങി ഗോമാസം വരെ പ്രതിപാദിക്കുന്നുണ്ട് ചിത്രത്തില്‍.

ഉത്തരേന്ത്യന്‍ ഗ്രാമമായ ഗാഗ്രാവാഡിയിലാണ് ചിത്രീകരണം. സിനിമയുടെ ശീര്‍ഷകം പോലെ തന്നെ വ്യത്യസ്തമായ ഗ്രാമം. അവിടെ കുറേ മലയാളികള്‍ താമസിക്കുന്നു. മഹാശയ്(മുരളീ ഗോപി ) ശിവന്റെ അവതാരമെന്നും ഭഗവാനെനന്നും സ്വയം വിശേഷിപ്പിക്കുനന്ന വ്യക്തിയാണ്. ഈ ആള്‍ദേവത്തിന്റെ ശിങ്കിടികള്‍ ഈ ഗ്രാമത്തില്‍ വന്ന് അവരുടെ ആശ്രമം നിര്‍മിക്കാന്‍ അവിടെ വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന ആളുകളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതും തുര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.

ഗാഗ്രാവാഡിയിലെ ആദ്യതാമസക്കാരനാണ് ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമഗിരി എന്ന കഥാപാത്രം. ആദിശങ്കര പരമ്പരയിലെ അവസാനകണ്ണിയണ് അയാള്‍. മറ്റുള്ളവരെല്ലാം അവിടെ നിന്നും ഒഴിഞ്ഞു പോയിട്ടും പട്ടാഭിരാമന്‍ മാത്രം ആശ്രമം പോലെയുള്ള തന്റെ വീടു വിട്ടു പോകാന്‍ തയ്യാറാകുന്നില്ല. ഇതേതുടര്‍ന്ന് മഹാശയനും പട്ടാഭിരാമനും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന അസ്സാന്‍ മുഹമ്മദ് എന്ന കഥാപാത്രം ആദ്യപകുതിയില്‍ ദുരൂഹതയുണര്‍ത്തുന്നു. രണ്ടാം പകുതിയില്‍ തന്റെ ഈ ജന്‍മത്തിലെയും മുന്‍ജന്‍മത്തിലെയും എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നതോടൊപ്പം അയാളും മഹാശയ്-പട്ടാഭിരാമന്‍ പോരാട്ടത്തില്‍ ഭാഗമാകുന്നു. ഇതോടെ ചിത്രം സംഘര്‍ഷഭരിതമാകുന്നു.

വര്‍ഗീയതയുടെ വിഷവും രാഷ്ട്രീയ താല്‍പര്യങ്ങളും ആള്‍ദൈവങ്ങളുടെ അധികാര ധനാര്‍ത്തിയും അതിന്റെ പിന്നിലെ ഞെട്ടിക്കുന്ന ഭീകരസത്യങ്ങളും ഗോമാംസം സംബന്ധിച്ച വിവാദങ്ങളുമെല്ലാം ചിത്രതത്തിലൂടെ പറഞ്ഞു പോകുന്നുണ്ട്. എങ്കിലും അതൊന്നും പ്രേക്ഷകനെയോ സമൂഹത്തിനോ പൊള്ളലേല്‍പ്പിക്കാത്ത വിധം ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞതിലാണ് ഈ ചിത്രത്തിന്റെ വിജയം. മതസൗഹാര്‍ദ്ദത്തെയും മതസഹിഷ്ണുതെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം വര്‍ത്തനകാല രാഷ്ട്രീയരംഗത്തേക്ക് തിരിച്ചു വയ്ക്കുന്നത് മികച്ച മാനവികതയുടെ സന്ദേശമാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്, മുരളീ ഗോപി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ദ്രജിത്തിന്റെ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന് ബ്രാഹ്മണ്യത്തിന്റെ കല്‍പ്പിച്ചു നല്‍കിയ മാനറിസങ്ങള്‍ കൊണ്ട് ഉജ്വലമാക്കി. പൃഥ്വിയാകട്ടെ വ്യത്യസ്തമായ രണ്ടു ഗെറ്റപ്പില്‍ മികച്ച ഭാവപ്രകടനം തന്നെ കാഴ്ചവച്ചു. മുരളീ ഗോപിയുടെ കഥാപാത്രം -മഹാശയനെ അതിഗംഭീരമാക്കി അവതരിപ്പിച്ചു . സുരാജ് അവതരിപ്പിച്ച നായര്‍ എന്ന കഥാപാത്രം ആള്‍ദേവങ്ങളോടു വിധേയത്വവും ഭക്തിയുമുള്ള എന്നാല്‍ ഒരു സാധാരണക്കാരന്റെ ജീവിത വൈഷമ്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ആളാണ്. കുറച്ചു സീനുകളേയുള്ളൂവെങ്കിലും തന്റെ അഭിനയശേഷി അതില്‍ പതിപ്പിക്കാന്‍ സുരാജിനു കഴിഞ്ഞു. ഒരിടവേളയ്ക്കു ശേഷം തിരികെയെത്തിയ അനന്യയും പത്മപ്രിയയും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.
മികച്ച സാങ്കേതിക മേന്‍മയും ചിത്രത്തിന് അവകാശപ്പെടാം. ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും മികച്ചതായി.

ടിയാന്‍: വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ക്കു തിരിച്ച കണ്ണാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക