Image

വിവാദങ്ങളിലെ നടി തല്‍ക്കാലം അമേരിക്കന്‍ പര്യടനത്തിനില്ല

Published on 14 July, 2017
വിവാദങ്ങളിലെ നടി തല്‍ക്കാലം അമേരിക്കന്‍ പര്യടനത്തിനില്ല
വിവാദങ്ങളിലെ നായികയായ് യുവ നടി അടുത്തയാഴ്ച ന്യു യോര്‍ക്കിലും ചിക്കാഗോയിലും നടക്കുന്ന ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കെണ്ടതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം വിട്ടു പോകരുതെന്നുപോലീസില്‍ നിന്നു അവര്‍ക്ക് സമ്മര്‍ദ്ദമുണ്ട്. അതിനാല്‍ അവര്‍ അവാര്‍ഡ് നിശക്ക് എത്താന്‍ സാധ്യത കുറവായി അവാര്‍ഡ് നിശ സംഘാടകര്‍ പറയുന്നു.

എന്നാല്‍ അതെ പ്രാധാന്യമുള്ള മറ്റൊരു താരം വരുമെന്ന് കരുതുന്നു-മഞ്ജു വാര്യര്‍. 
മഞ്ജു വാരിയര്‍ ബ്രാന്‍ഡ് അംബാസഡറായ സിന്തൈറ്റ് ഗ്രൂപ്പിന്റെ കിച്ചന്‍ ട്രഷേഴ്‌സ് ആണ്  ഷോയുടെ പ്രധാന സ്‌പൊണ്‍സര്‍മാരിലൊന്ന്. 

സ്വര്‍ണക്കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ഗല്‍ഫിലാണു ഇപ്പോഴുള്ളത്. ജ്വല്ലറി ഷോറൂമുകളുടെ ഉദ്ഘാടത്തിനെത്തിയ മഞ്ജു ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചില്ലെന്നു അവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു

സിനിമയില്‍ സ്ത്രീകളുടെ സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവ്രുപീകരിച്ചവരില്‍മുന്‍നിരക്കാരില്‍ ഒരാളാണ് മഞ്ജു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അതേ സമയം ദിലീപിനെതിരായ ജനവികാരം കേരളത്തില്‍ പ്രകടമെങ്കിലും, അത്തരമൊരു വികാര പ്രകടനം അമേരിക്കയിലില്ല. പല വട്ടം അമേരിക്കയില്‍ വരികയും ഷോ അവതരിപ്പിക്കുകയും ചെയ്ത ദിലീപിനു വലിയ സുഹ്രുദ് സംഘം ഇവിടെയുണ്ട്.
എങ്കിലും അടുത്തയിടക്ക് ദിലീപും നാദിര്‍ഷായും സംഘവും അവതരിപ്പിച്ച ഷോ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്.തീര്‍ത്തും നിലവാരമില്ലാത്ത പരിപാടിയായി അത് ചിത്രീകരിക്കപ്പെട്ടു.

ആ ഷോയില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു മറുപടിയായി ഒരു സ്‌കിറ്റ് ദിലീപ് അവതരിപ്പിച്ചിരുന്നു എന്നതും സ്മരണീയം.
ദിലീപിനോടു സംശയം ചോദിച്ച് എത്തിയ ആള്‍ തന്റെ പേഴ്‌സ് മോഷ്ടിച്ചുവെന്ന് ദിലീപ് ആരോപിക്കുന്നതാണു തുടക്കം. പലരും അതേറ്റു പിടിക്കുന്നു. ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി അയാളെ പരിശോധിക്കാന്‍ ഒരുങ്ങുന്നു. ഒടുവില്‍ ദിലീപ് പറഞ്ഞു ഞാന്‍ വെറുതെ പറഞ്ഞതാണ്. എന്നിട്ടും പലരും അതു വിശ്വസിച്ചു. ഇതു പോലെയാണു തനിക്കെതിരായ ആരോപണങ്ങളുമെന്നായിരുന്നു വ്യംഗ്യം. പക്ഷെ ആ അടവൊന്നും പോലീസിന്റെ പക്കല്‍ ഫലിച്ചില്ലെന്നു വേണം തല്‍ക്കാലം കരുതാന്‍. 

കലാരംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് താരങ്ങളും സിനിമാ രംഗത്തെ കലാകാരന്മാരുമെല്ലാം അണിചേരുന്ന 55 അംഗ സംഘവുമായി അവാര്‍ഡ് നിശയും അതോടനുബന്ധിച്ച് മെഗാഷോയും അണിയിച്ചൊരുക്കുന്നത്. ഭാവിയില്‍ ഓസ്‌കര്‍ പോലെ അവതരണ മികവും ജനപ്രീതിയും നേടുന്ന മലയാളത്തിലെ ഏറ്റവും വലിയ ഫിലിം അവാര്‍ഡ് പരിപാടി ലക്ഷ്യമിടുന്ന ഫ്രീഡിയ ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമായാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്.

നിവിന്‍ പോളി, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബോബന്‍ കുഞ്ചാക്കോ, രമേഷ് പിഷാരടി, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ്,  ആശാ ശരത് തുടങ്ങിയവര്‍ക്കൊപ്പം പഴയ നായകരായ മധുവും ഷീലയും സംഘത്തില്‍ ഉണ്ടാവുമെന്ന്ഫ്രീഡിയ ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആനി ലിബു തുടങ്ങിയവര്‍  പറഞ്ഞു.

ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന പുതിയ കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് പരിപാടികളുടെ തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും.  ജൂലൈ 23ന് ചിക്കാഗോയില്‍ അവാര്‍ഡ് വിജയികള്‍ക്ക് സ്വീകരണവും മെഗാഷോയും. 

തുടര്‍ന്ന് ബഹാമസിലേക്കുള്ള ക്രൂസ് അവാര്‍ഡിന്റെ ഭാഗമാണ്. ഇത്രയും താരങ്ങള്‍ ഇതിനു മുമ്പ് അമേരിക്കയില്‍ പരിപാടിക്കെത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മറ്റു ഭാഷകളില്‍ നിന്നുള്ള താരങ്ങളും വരുന്നുണ്ട്. 

മനോഹരമായ ശില്പത്തിനു പുറമെ കാഷ് അവാര്‍ഡ്, ക്രൂസ് എന്നിവയൊക്കെയാണ് സമ്മാനം. അമേരിക്കയില്‍ നിന്നു അവാര്‍ഡ് ലഭിക്കുന്നത് ഒരു പ്രത്യേക അംഗീകാരമായി എല്ലാവരും കാണുന്നു. അതുപോലെ ഇത്രയും താരങ്ങളെ ഒരേ വേദിയില്‍ അണിനിരത്താനും കലാപരിപാടികള്‍ കാണാനും കഴിയുന്നു എന്നതാണ് അമേരിക്കന്‍ മലയാളികള്‍ക്കുള്ള നേട്ടം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക