Image

ദിലീപിന്റെ ജാമ്യാപേക്ഷ

Published on 15 July, 2017
ദിലീപിന്റെ ജാമ്യാപേക്ഷ
അങ്കമാലി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകള്‍ കൈമാറിയതെന്നും പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. 

പള്‍സര്‍ സുനി എന്ന കുറ്റവാളി നല്‍കിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയതായി പോലീസ്. ആക്രമണത്തിന് ദിലീപ് വാഗ്ദാനംചെയ്ത പണം സുനിക്ക് നല്‍കിയില്ലെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. 

അതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. 

ദിലീപിന് പുറകെ മാനേജര്‍ അപ്പുണ്ണി പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവില്‍ പോയിരിക്കുന്ന അപ്പുണ്ണിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്.
അപ്പുണ്ണി പള്‍സര്‍ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകള്‍ നടത്തിയതിനും ഫോണ്‍ സംഭാഷണം നടത്തിയതിനും പോലീസിനു കൈവശം തെളിവുകളുണ്ട്.
ദിലീപിന്റെ ഡ്രൈവറായി ഇയാള്‍ എത്തുന്നത് ആറുവര്‍ഷംമുമ്പാണ്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥപേര് എ.എസ്. സുനില്‍രാജ് എന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക