Image

നേഴ്‌സുമാര്‍ക്ക് നീതി നിഷേധമോ? ഫൊക്കാനാ ജോ: ട്രഷറര്‍ കേരളാ ഗവണ്‍മെന്റിന് നിവേദനം സമര്‍പ്പിച്ചു.

ജോര്‍ജ്ജ് വെങ്ങാലില്‍ Published on 15 July, 2017
നേഴ്‌സുമാര്‍ക്ക് നീതി നിഷേധമോ? ഫൊക്കാനാ ജോ: ട്രഷറര്‍ കേരളാ ഗവണ്‍മെന്റിന് നിവേദനം സമര്‍പ്പിച്ചു.
നേഴ്‌സുമാര്‍ ഏതു സമൂഹത്തിലേയും ദൈനംദിന ജീവിതത്തിന്റെ അഭിവാജ്യ ഘടകം ആണ്. പ്രത്യേകിച്ചും അമേരിക്ക, ഗള്‍ഫ് മേഖലകളിലെ പല മലയാളി സംഘടനകളുടെയും മതവിഭാഗങ്ങളുടെയും നിലനില്‍പ്പു തന്നെ ഈ വിഭാഗത്തിന്റെ അദ്ധ്വാനഫലം ആണ്.

എന്നാല്‍ നമ്മുടെ സ്വന്തം നാട്ടില്‍ ഈ അഭ്യസ്ഥ വിദ്യരായ, ത്യാഗ മ്പൂര്‍ണ്ണരായ, രാവുപകല്‍, സമയഭേദം കൂടാതെ അത്യദ്ധ്വാനം ചെയ്യുന്ന പാവപ്പെട്ട നഴ്‌സുമാര്‍ ചില മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ കത്തികരിയുന്ന അവസ്ഥയാണ്.
പനി എന്ന ശരശയ്യയില്‍ കേരളം കിടക്കുന്ന അവസ്ഥയില്‍ എങ്ങനെ, അല്ലേല്‍ എന്തിന് UNA ഒരു സമരരംഗത്തേക്ക് നീങ്ങേണ്ടി വന്നു എന്ന് ഒന്ന് ഓടിച്ചു നോക്കാം.
അല്പം കൂടി മികച്ച വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ UNA മാനേജ്‌മെന്റുകളോട് കെഞ്ചാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. UNA യുടെ പ്രധാന ആവശ്യം എന്നത് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലേതിനു തുല്യമായി വേതനം നടപ്പിലാക്കുക എന്ന സുപ്രീംകോടതിയുടേയും, വിവിധ സര്‍ക്കാര്‍ കമ്മീഷനുകളുടെയും നിര്‍ദേശം നടപ്പിലാക്കുക എന്നതാണ്.

എന്നാല്‍ എല്ലാ മതജാതി വിഭാഗത്തില്‍പ്പെട്ട സ്വകാര്യ മാനേജ്‌മെന്റുകളും ഈ ആവശ്യത്തെ അംഗീകരിച്ചില്ല. എന്നു മാത്രമല്ല, മാനസികമായി സമരം ചെയ്യുന്ന നേഴ്‌സുമാരെ സമ്മര്‍ദത്തിലാക്കി അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനും ശ്രമിച്ചു. സമരം ചെയ്യുന്നവരെ അത് മാനസികമായും തളര്‍ത്തുന്നതാക്കി.

നേഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍രാജ്യത്തിന് ബാദ്ധ്യത ഉണ്ടെന്നും, മാന്യമായ സര്‍വീസ് കണ്ടീഷന്‍സ് നല്‍കണം എന്നും ആയിരുന്നു സുപ്രീം കോടതി വിധി. 20,000 രൂപ ശമ്പള നിരക്കില്‍ അവരുടെ സ്‌കെയില്‍ ഉയര്‍ത്തണം എന്നതും വ്യക്തമാക്കിയിരുന്നതാണ്. ആ സുപ്രീം കോടതി നിര്‍ദ്ദേശം ആണ് വളരെ ലാഘവത്തോടെ മാനേജ്‌മെന്റ് തള്ളിയത്.

മറ്റൊന്ന്, മിനിമം വേജസ് കമ്മറ്റി ആക്ട് പ്രകാരം 2013 ല്‍ ബാലരാമന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തതും 12,900 രൂപ നഴ്‌സുമാര്‍ക്ക് ശമ്പളമായി നല്‍കണം എന്നാണ്. 3 വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്‌ക്കരണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 924 ആശുപത്രികളില്‍ പരിശോധിച്ചപ്പോള്‍, വെറും 40ല്‍ താഴെ മാത്രമെ ആ നിര്‍ദ്ദേശം നടപ്പിലാക്കിയുള്ളൂ.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തഴക്കാന്‍ ചില കക്ഷികള്‍, ആര്‍ക്കും മനസ്സിലാകാത്ത ശതമാന കണക്കുകള്‍ പറഞ്ഞും, കൂടിആലോചന സമയം ദീര്‍ഘിപ്പിച്ചും കൂടുതല്‍ സിറ്റംഗുകള്‍ ഉണ്ടാക്കി ഈ ന്യായമായ അഭ്യര്‍ത്ഥനയോട് മുഖം തിരിച്ചു നില്‍ക്കുകയല്ലേ? അതല്ലേ കേരളത്തിന്റെ ആരോഗ്യരംഗത്തെ ആപല്‍ക്കരമായ അവസരത്തില്‍, UNA ഒരു സമരമുഖത്തേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതരായത്.

മറ്റു സംസ്ഥാന തൊഴിലാളികള്‍ ഒരു ദിവസം നേടുന്നതിന്റെ പകുതി എങ്കിലും, അഭ്യസ്തവിദ്യരായ നേഴ്‌സുമാര്‍ അര്‍ഹരല്ലേ? അതോ നേഴ്‌സുമാര്‍ ഒരു വോട്ടു ബാങ്ക് അല്ലാത്തതാണോ, ഒരു ചര്‍ച്ചക്കു പോലും മാറി വരുന്ന സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നത്. ലക്ഷകണക്കിന് പണം ഫീസായും, മറ്റും വാങ്ങുന്ന മാനേജ്‌മെന്റ് കോളേജില്‍ പഠിച്ചിറങ്ങിയ, നേഴ്‌സുമാര്‍ക്ക് ആണ് ഈ ദുര്‍ഗതി എന്നും കൂടി ഓര്‍ക്കണം. ചികിത്സാ നിരക്ക് ഏകീകൃതമല്ലാത്ത മേല്‍പറഞ്ഞ ആശുപത്രികളിലെ, ഓരോ രോഗിയുടെ പക്കല്‍ നിന്നും വാങ്ങുന്ന ബില്ലിനെപ്പറ്റിയും നാം ചിന്തിച്ച് വായിച്ചാല്‍, അവര്‍ നല്‍കുന്ന നേഴ്‌സുമാരുടെ വേതനം തുച്ഛമല്ലേ?

സ്വന്തം ശക്തി തിരിച്ചറിയാന്‍ നേഴ്‌സുമാര്‍ തയ്യാറാകുമ്പോള്‍ നീതി താനേ വരും എന്ന് നമുക്കു വിശ്വസിക്കാം. ഈ മാലാഖമാരെ തെരുവില്‍ നിര്‍ബന്ധിച്ച് ഇറക്കിയിരിക്കുന്ന ബൂര്‍ഷാ മാനേജ്‌മെന്റുകളോട് ജനവും, സമൂഹവും പൊറുക്കില്ല. തുല്യ ജോലിക്ക്, തുല്യവേതനം എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍, വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം സ്വകാര്യ ആശുപത്രി മേഖലയിലും നടപ്പിലാക്കുവാന്‍, ഈ സര്‍ക്കാരില്‍ പ്രതീക്ഷയോടെ കാതോര്‍ക്കാം. അതിന് തയ്യാറാകാത്ത മിഷ്യന്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യം നിര്‍ത്തലാക്കാന്‍ നടപടി എടുക്കണം.

UNA യുടെ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫൊക്കാന ജോ.ട്രഷറര്‍ ഏബ്രഹാം കളത്തില്‍ തന്റെ രാഷ്ട്രീയ, പത്രപ്രവര്‍ത്തന മണ്ഡലങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ മുഖേന ബഹു: കേരള മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, തൊഴില്‍ വകുപ്പു മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക