Image

ദിലീപിനു നേരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധം; സക്കറിയ

Published on 15 July, 2017
ദിലീപിനു നേരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധം; സക്കറിയ

ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് എഴുത്തുകാരന്‍ സക്കറിയ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

 

സക്കറിയയുടെ പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍ അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്.

യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.

ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ് കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും. ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണ്.

അങ്ങനെ ചെയ്തില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശങ്ങളും പ്രഹസനങ്ങളായി മാറുന്നു. ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നില നിര്‍ത്തുമ്‌ബോള്‍ തന്നെ നാം ഒരു കാടന്‍ സമൂഹത്തേപ്പോലെ രക്ത ദാഹികളെപ്പോലെ പെരുമാറുന്നത് നമ്മോടു തന്നെയും നമ്മുടെ ഭാവി തലമുറയോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നാണ് എന്റെ എളിയ അഭിപ്രായം. ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനേയും കോടതിയേയും അനുവദിക്കുക. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിയ്ക്കട്ടെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക