Image

സ്വിസ് മലയാളിക്കുട്ടികള്‍ സാമൂഹ്യസേവന രംഗത്ത് മാതൃകയാകുന്നു

Published on 15 July, 2017
സ്വിസ് മലയാളിക്കുട്ടികള്‍ സാമൂഹ്യസേവന രംഗത്ത് മാതൃകയാകുന്നു
സൂറിച്ച്: സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ്. മലയാള ഭാഷയോടും മാതൃരാജ്യത്തോടും സ്വിസ് മലയാളികളും അവരുടെ കുട്ടികളും കാണിക്കുന്ന തീഷ്ണമായ ബന്ധവും വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള ഭാഷ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന ഒരു പ്രവാസി രണ്ടാം തലമുറ ഉള്ളത് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രം. അത് പോലെ തന്നെ മനുഷ്യസ്‌നേഹത്തിലും കാരുണ്യ പ്രവൃത്തിയിലും അവര്‍ വീണ്ടും മാതൃക ആകുന്നു. 

സ്വിറ്റ്‌സര്‍ലാന്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനായായ കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികള്‍ നടത്തുന്ന പദ്ധതിയാണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍. പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭാസ സഹായപദ്ധതിയും കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പദ്ധതിയിലൂടെ പുതിയതായി കുട്ടികള്‍ ചെയ്യുന്നു.

സ്വിറ്റ്‌സര്‍ലന്റില്‍ വളരുന്ന മലയാളി കുട്ടികള്‍ കൈകോര്‍ത്തപ്പോള്‍ ഒന്നരക്കോടി രൂപയുടെ പുണ്യമാണ് അവര്‍ക്ക് കേരളത്തില്‍ ചെയ്യാനായത്. സ്വിസ് കുട്ടികള്‍ കേരളത്തിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതി കഴിഞ്ഞ പതിനൊന്നുവര്‍ഷമായി ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. മറ്റു മലയാളി സംഘടനകളുടെയും കുട്ടികളുടടെയും അകമഴിഞ്ഞ പിന്തുണയും ഈ പ്രോജക്ടിന് ലഭിച്ചു വരുന്നു. 

എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കേളിയുടെ സഹായധനം കൈമാറി. ആദ്യ ഗഡുവായ പതിനൊന്ന് ലക്ഷത്തിഎഴുപതിനായിരം രൂപയുടെ ചെക്ക് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പ്രതിനിധികളായ മിഷേല്‍ പാലാത്രക്കടവില്‍ , ബാബു കാട്ടുപാലം, പയസ് പാലാത്രക്കടവില്‍ എന്നിവര്‍ ചേര്‍ന്നു കൈമാറി. തൃക്കാക്കര എംഎല്‍എ പി.റ്റി. തോമസ് ചെക്ക് സ്വീകരിച്ചു. പി.റ്റി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാജഗിരി പ്രോജക്ട് ഡയറക്ടര്‍ മീന കുരുവിള സ്വാഗതവും ബാബു കാട്ടുപാലം കേളി പദ്ധതിയെക്കുറിച്ചും സംസാരിച്ചു. പയസ് പാലാത്രക്കടവില്‍ ആശംസയും മരിയ ടെന്‍സി നന്ദിയും പറഞ്ഞു.

കേളിയുടെ സഹായം കൊണ്ട് പഠിച്ച് ഉന്നത വിദ്യാഭാസം നേടിയ കുട്ടികള്‍ നന്ദി പറഞ്ഞത് സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. പഠനത്തില്‍ മിടുക്കരായ പ്രൊഫഷണല്‍ സ്‌കൂളുകളിലെ നിര്‍ധന കുട്ടികളെ പഠിക്കിപ്പുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതി വഴി 25 കുട്ടികളെയാണ് ഈ വര്‍ഷം സഹായിച്ചത്. സദസില്‍ കൂടിയിരുന്ന വിശിഷ്ടാതിഥികളും കേളി കുടുംബാംഗങ്ങളും രക്ഷിതാക്കളും ആത്മമഹര്‍ഷത്തോടെയാണ് കുട്ടികളുടെ നന്ദി പ്രകടനം ശ്രവിച്ചത്.

കേളി വര്‍ഷം തോറും നടത്തി വരുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലൂടെയും സുമനസ്സുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെയുമാണ് കഴിഞ്ഞ പതിനൊന്നുവര്‍ഷങ്ങളായി പദ്ധതി നടത്തി വരുന്നത്. ഈ വര്‍ഷം 325 കുട്ടികളെ പഠിപ്പിക്കുവാന്‍ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പദ്ധതിയിലൂടെ സാധിച്ചുവെന്ന് കണ്‍വീനര്‍ ദീപ സ്‌കറിയ അറിയിച്ചു. കൂടാതെ ഉന്നത വിദ്യാഭാസ സഹായ പദ്ധതിയിലൂടെ ഇരുപത്തിയഞ്ചു പ്രൊഫഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും സഹായിച്ചു. വര്‍ഷങ്ങളായി സഹായം നല്‍കി വരുന്ന എല്ലാ കാരുണ്യ മനസുകള്‍ക്കും ദീപ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക