Image

ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണെന്നു എഴുത്തുകാരി ശാരദക്കുട്ടി

Published on 16 July, 2017
ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണെന്നു എഴുത്തുകാരി ശാരദക്കുട്ടി
സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണെന്നു എഴുത്തുകാരി ശാരദക്കുട്ടി.

അടിച്ചേല്പിക്കപ്പെടാത്തതും എന്നാല്‍ സ്വയമേ സംസ്‌കരിച്ചെടുത്തതും ആയ ഒരച്ചടക്കത്തിന്റെ ആവശ്യകത ഗുരുതരമായ സാമൂഹികപ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ആവശ്യമാണ്.വികാരത്തിന്റെ കുതിരപ്പുറത്തു കയറി പാഞ്ഞു നടക്കുകയാണ് കുറ്റാരോപിതന്റെ അനുകൂലികള്‍. പെട്ടെന്ന് പ്രതികൂലികള്‍ അപ്രത്യക്ഷമായതു പോലെ.എന്തോ വലിയ മാജിക് നടന്നുവോ. 

ചോദ്യം ചെയ്യലില്‍ ഏറെക്കുറെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ പോലും അതി വൈകാരികതയാല്‍ ദുര്‍ബ്ബലപ്പെടുത്തുവാന്‍ കാര്യമായ ശ്രമം നടക്കുന്നു. ഇത് ശരിയായ നീതി നടപ്പാക്കുന്നതിന് തടസ്സമാകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇന്നലെ മുതല്‍ പണക്കൊഴുപ്പിന്റെയും ആള്‍ബലത്തിന്റെയും ഭയപ്പെടുത്തുന്ന ആസൂത്രണങ്ങള്‍ വെളിപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണ്. ദൃശ്യമാധ്യമങ്ങള്‍ നിയന്ത്രണം വിട്ടു കുറ്റാരോപിതനെ പിന്തുടരുന്നതും വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടപെടലുകള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകേണ്ടതിനെക്കാള്‍ കരുതല്‍ അത് തക്ക സമയത്തു അവസാനിപ്പിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മാധ്യമങ്ങളും വ്യക്തികളും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമാകും സംഭവിക്കുക.

 അകത്തുള്ളതിനെക്കാള്‍ എത്രയോ പ്രബലരാണ് പുറത്ത്. ജീവിതം പണയപ്പെടുത്തി ഒരു പെണ്‍കുട്ടി നടത്തുന്ന പരിശ്രമങ്ങള്‍ വിഫലമായി പോകാതിരിക്കുവാന്‍ പ്രബുദ്ധതയുള്ള സമൂഹം കരുതലോടെ പ്രവര്‍ത്തിക്കണം.അപേക്ഷയാണ്..
എസ്. ശാരദക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക