Image

പ്രേം നസീര്‍ മിച്ചം വച്ചത്‌ (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 17 July, 2017
പ്രേം നസീര്‍ മിച്ചം വച്ചത്‌  (ദല്‍ഹികത്ത് : പി.വി.തോമസ് )
ജനപ്രിയ നായകന്റെ കുറ്റവാസനയും പ്രതികാരാഭിവാഞ്ചയും അധോലോക ബന്ധവും മലയാള സിനിമയുടെ ഒരു ഇരുണ്ടവശം തുറന്ന് കാണിക്കുകയാണ്. നാടകാന്തം കവിത്വം എന്ന് പറഞ്ഞതു പോലെ ഇവിടെ കലയുടെ അന്ത്യം കാരാഗൃഹമായിരിക്കുകയാണ് കലാകരന്. ആഢംബര കാര്‍ വ്യൂഹങ്ങളും, ബംഗ്ലാവുകളും, റിസോര്‍ട്ടുകളും സ്വന്തമായി മള്‍ട്ടിപ്ലക്‌സുകളും, ഭൂസമുച്ചയങ്ങളും എല്ലാം താരങ്ങളുടെ കലാപ്രതിഭയുടെ അടയാളം ആകുന്നതിനു മുമ്പ് മലയാള സിനിമ എത്രയോ സമ്പന്നം ആയിരുന്നു! ആയിരം കോടി രൂപയുടെ ക്ലബുകളോ ആയിരം കോടി രൂപയുടെ നിര്‍മ്മാണ ബജറ്റുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് കലാമൂല്യം ഉള്ള എത്രയോ നല്ല സിനിമകള്‍ ഉടലെടുത്തിരുന്നു. ഇന്ന് കലയുടെ പേരില്‍ മലയാള സിനിമരംഗത്ത് നടക്കുന്നത് കലാഭാസം ആണ്. കച്ചവടം ആണ്. മാഫിയവല്‍ക്കരണം ആണ്. തരാധിപത്യവും താര ഗുണ്ടായിസവും ആണ്.

ഇവിടെ നിത്യഹരിത നായകന്മാര്‍ ഉണ്ടായിരുന്നു. കരുവീട്ടിയുടെ നിറവും കരിങ്കല്ലില്‍ കൊത്തിയതുപോലെ മുഖസൗന്ദര്യവും അതുപോലെ ശക്തരായ കഥാപാത്രങ്ങളെയും സംഭാവന ചെയ്ത നടന്മാരും ഉണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും അധോലോക ബന്ധം ഉണ്ടായിരുന്നതായിട്ടറിവില്ല. അവരുടെ ഒന്നും മുഖമുദ്ര അഴകിയ രാവണന്മാരെപോലെ സ്വത്തും പ്രതാപവും ആഭാസകരമായി പ്രകടിപ്പിക്കല്‍ ആയിരുന്നില്ല. സഹതാരങ്ങളെ ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ട് ഇല്ലായ്മ ചെയ്യിക്കല്‍ ആയിരുന്നില്ല. ഇഷ്ടമില്ലാത്ത സംവിധായകന്മാരെ ഒതുക്കുക ആയിരുന്നില്ല.

ഒരു സിനിമ ലേഖകന്‍ അല്ലാത്തതിനാല്‍ സിനിമരംഗവുമായി ഏറെ പരിചയം എനിക്ക് ഇല്ല. പക്ഷേ സിനിമയില്‍ രാഷ്ട്രീയം കലരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ ഹൈദ്രാബാദിലെ പത്മാലയ സ്റ്റുഡിയോയില്‍ വച്ച് പ്രേനസീര്‍ എന്ന നടനെ കാണുവാന്‍ ഇടയായതും മലയാള സിനിമയുടെ രസകരമായ ചില വശങ്ങളും നായക നടന്മാരുടെ സാമ്പത്തീക സ്ഥിതിയും മനസിലാക്കുവാന്‍ സാധിച്ചതും. ഇതില്‍ ചില കാര്യങ്ങള്‍ ഈ പംക്തിയില്‍ ഇതിനു മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ വേറൊരു ആങ്കിളിലൂടെയാണ് ഈ സ്‌റ്റോറിയില്‍ വീണ്ടും പ്രവേശിക്കുന്നതെന്നും മാത്രം.

കാലം 1988 ആയിരിക്കണം. ഞാന്‍ അന്ന് ഹൈദ്രാബാദില്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ലേഖകന്‍ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തില്‍ പ്രേംനസീര്‍ എത്തിയിട്ട് ഉണ്ടെന്ന് എനിക്ക് അറിവ് കിട്ടി. പത്ര സ്ഥാപനത്തില്‍ നിന്നു തന്നെയാണ് വിവരം ശേഖരിച്ചത്. തെലുങ്കു നടന്‍ ശോഭന്‍ ബാബുവിന്റെ (ജയലളിതയുടെ ഉറ്റസുഹൃത്ത്) അഭിനയ ജീവിതത്തിന്റെ 25-ാം വാര്‍ഷീക ആഘോഷം നടക്കുകയാണ്. പ്രേംനസീര്‍ ആണ് മുഖ്യാതിഥി. അതിന്റെ സംഘാടകര്‍ ഒരു തെലുങ്ക് പത്രപ്രവര്‍ത്തകനായ എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അദ്ദേഹം നസീര്‍ താമസിക്കുന്ന ഹോട്ടലിന്റെ പേര്‍ പറഞ്ഞു തന്നു. ഏതോ മലയാള സിനിമയുടെ ഷൂട്ടിംങ്ങിന് വന്നതാണ് ഹൈദ്രാബാദില്‍. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചതാണ്. എന്റെ സുഹൃത്ത് പറഞ്ഞു.

ഞാന്‍ ആ രാത്രിയില്‍ ആ ഹോട്ടിലേക്ക് തിരിച്ചു. നസീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുവാന്‍ പോകുന്നുവെന്ന ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹത്തില്‍ നിന്നു അറിയണം. ഇത് മാത്രം ആയിരുന്നു എന്റെ ലക്ഷ്യം.

ഹൈദ്രാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത്, ലക്കടി കാപൂല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടല്‍ ആയിരുന്നു അത്. ഹോട്ടല്‍ അശോക. സ്റ്റാര്‍ ഹോട്ടല്‍ ഒന്നും അല്ല. വെറും സാധാരണ ഒരു ഹോട്ടല്‍. പില്‍ക്കാലത്ത് ഞാനും അവിടെ താമസിച്ചിട്ടുണ്ട്. 700 രൂപ വാടക. അവിടെയാണ് നസീറും സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും ഷൂട്ടിംങ്ങിനായി താമസിച്ചിരുന്നത്. എനിക്ക് അതിശയം തോന്നി. കാരണം ഹിന്ദി, തെലുങ്ക് നടന്മാര്‍ വന്നാല്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എനിക്ക് അറിയാമായിരുന്നു.

ഞാന്‍ ഹോട്ടലിലെ റിസപ്ഷനില്‍ നസീറിനെ തെരക്കി. റൂം നമ്പര്‍ അവര്‍ പറഞ്ഞു തന്നു. ഞാന്‍ ഒന്നാം നിലയിലെ ആ മുറിയുടെ വാതില്‍ക്കല്‍ എത്തി ഡോര്‍ ബെല്‍ മുഴക്കി. കതക് തുറന്നു. നസീര്‍. ജുബയും മുണ്ടും ധരിച്ച്. എന്തു വേണം? ഞാന്‍ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇന്റര്‍വ്യൂ സാദ്ധ്യമല്ല. എനിക്കുറങ്ങണം. ഞാന്‍ പറഞ്ഞു ഇപ്പോള്‍ വേണ്ട. നാളെ പറ്റുമോ? ശരി. ഇവിടെ രാവിലെ വരൂ. ഞാന്‍ സമ്മതിച്ച് പിരിഞ്ഞു.

ഞാന്‍ രാവിലെ ഹോട്ടലില്‍ എത്തിയപ്പോള്‍ അദ്ദേഹം പത്മാലയ സ്റ്റുഡിയോയിലേക്ക് പോയിരുന്നു. പക്ഷേ എന്നെ അവിടെ എത്തിക്കുവാനായി ഏര്‍പ്പാട് ചെയ്തിരുന്നു. നായിക നടിയുടെ കൂടെ. ഞാന്‍ ബഞ്ചാരഹില്ലിലെ പത്മാലയ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ നസീര്‍ മേക്കപ്പ് റൂമില്‍ ആയിരുന്നു. എന്നെ അവിടേയ്ക്ക് അദ്ദേഹം പറഞ്ഞിരുന്നത് പ്രകാരം ഭാരവാഹികള്‍ എത്തിച്ചു. അവിടെ അദ്ദേഹം മേക്കപ്പില്‍ ആയിരുന്നു. ഒപ്പം മോഹന്‍ ലാലും കൊച്ചിന്‍ ഹനീഫയും ഉണ്ടായിരുന്നു. മേക്കപ്പിന് ഇടക്ക് ഞങ്ങള്‍ സംസാരത്തിന് തുടക്കം ഇട്ടു. മോഹന്‍ലാലും ഹനീഫയും ശ്രദ്ധിക്കുന്നുണ്ട്. വിഷയം നസീറിന്റെ രാഷ്ട്രീയ പ്രവേശനം തന്നെ. നസീര്‍ വിശദീകരിച്ചു. രാഷ്ട്രീയത്തില്‍ ചേരും എന്നും പറഞ്ഞു. അപ്പോള്‍ ഞാന്‍ മോഹന്‍ലാലിനോട് ചോദിച്ചു താങ്കള്‍ ഇദ്ദേഹത്തെ പിന്തുണക്കുമോ എന്ന്. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും. എന്നിട്ട് കൂട്ടിചേര്‍ത്തു, പക്ഷേ, സാര്‍ അങ്ങനെ ഒരു മണ്ടത്തരം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഹനീഫയും അത് ശരി വച്ചു. നസീര്‍ ചിരിച്ചു.

ഉച്ചഭക്ഷണം വന്നു. ചോറും കോഴിക്കറിയും. നസീര്‍ നിര്‍ബ്ബന്ധിച്ചതിന്റെ ഭാഗമായി ഞാനും പങ്കുചേര്‍ന്നു. കഴിച്ചോ, ചിക്കന്‍. നിര്‍മ്മാതാവ് വലിയ പണക്കാരന്‍ ആണ്. ആ നിര്‍മ്മാതാവ് ഏതോ ഒരു ചിട്ടി ഫണ്ട് മുതലാളിയായിരുന്നു. ആ ചീറ്റ് ഫണ്ട് ചീറ്റിപ്പോയി. പടം ഇടക്ക് വച്ച് മുടങ്ങിയും പോയി. അത് വേറൊരു കഥ. പക്ഷേ, ഷൂട്ടിംങ്ങ് ഫ്‌ളോറിലെ ഏറ്റവും വലിയ സംസാര വിഷയം മോഹന്‍ലാലിന് ഒന്നരലക്ഷം രൂപയാണ് ആ സിനിമയില്‍ പ്രതിഫലം എന്നായിരുന്നു. അന്ന് അത് വലിയ ഒരു തുകയായിരുന്നു താനും. 1965 ല്‍ ചെമ്മീനിന് അഞ്ചു ലക്ഷം രൂപ മുടക്കിയപ്പോള്‍ അതും അന്ന് വലിയ വാര്‍ത്ത ആയിരുന്നു. ഇന്ന് 12 കോടി മുതല്‍ ഇപ്പോള്‍ 1000 കോടി വരെ അത്രെ!

ഷൂട്ടിംങ്ങിന് ഇടെ ഞാന്‍ നസീറുമായി വളരെ സംസാരിച്ചു. വിഷയം സാമ്പത്തിക കാര്യങ്ങളും ആയി. നല്ല ഒരു സംഖ്യ  സിനിമയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടാകുമല്ലോ? ഞാന്‍ ചോദിച്ചു. അദ്ദേഹവും ഫ്രീ ആയി. തോമസ് പറയൂ, എത്ര കാണും ഇപ്പോള്‍ എന്റെ കയ്യില്‍? ഞാന്‍ പറഞ്ഞു. ഒരു പതിനഞ്ച് കോടി? അദ്ദേഹം ചിരിച്ചു. സ്വതസിദ്ധമായ ആ ചിരി. ആ ചിരിയുടെ അവസാനത്തില്‍ കണ്ണ് നിറഞ്ഞോ? കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു 'ഒന്നും ഇല്ല.' കുറെയൊക്കെ ചാരിറ്റിക്ക് കൊടുത്തു. ഇനിയും കൊടുക്കാം. അര്‍ഹിക്കുന്നവരെ പറഞ്ഞു തരൂ. അദ്ദേഹം പെട്ടെന്ന് ആ സംഭാഷണം നിറുത്തി.

അദ്ദേഹം പറഞ്ഞതൊക്കെ ശരിയായിരുന്നുവെന്ന് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മരണാനന്തര സംഭവങ്ങള്‍ തെളിയിച്ചു. മദ്രാസില്‍ നിന്നും ശവശരീരം കാര്‍ഗോ ആയിട്ട് ആണ് തിരുവനന്തപുരത്ത് എത്തിയത്. കാരണം ഒരു എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ ചെയ്യുവാനുള്ള പണം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുവായ (അളിയന്‍) തലൈകുന്നില്‍ ബഷീറിനോട് കേന്ദ്രഗവണ്‍മെന്റ് ഒരു വായു സേന വിമാനം ഇതിനായി വിട്ടു കൊടുക്കാമെന്ന് പറഞ്ഞെങ്കിലും, എണ്‍പതിനായിരം രൂപ വാടക കൂലിയായി നല്‍കുവാന്‍ ഇല്ലാത്തതിനാല്‍ അത് പറ്റുകയില്ലെന്ന് വച്ചു. അങ്ങനെ മലയാളത്തിന്റെ മഹാനായ ആ നിത്യഹരിതനായകന്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കാര്‍ഗോ ആയിട്ടാണ് എത്തിയത്. വിമാനത്താവളത്തില്‍ റീത്ത് വയ്ക്കുവാന്‍ എത്തിയ തമിഴ് സൂപ്പര്‍ താരങ്ങള്‍ റീത്ത് വിമാനതാവളത്തിന്റെ നിലത്ത് വച്ച് തിരിച്ചു പോയി.

നസീറും സത്യനും നീലാ സ്റ്റുഡിയോയില്‍ സൈക്കിള്‍ ചവിട്ടി ഷൂട്ടിംങ്ങിന് പോയിരുന്ന ഒരു കാലം ഉണ്ടെന്നും കേട്ടിട്ടുണ്ട്. അന്നൊന്നും ആഢംബര കാറുകളും ഇപ്പോഴുള്ള സൗകര്യങ്ങളും സിനിമാ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

ഞാന്‍ തികച്ചും ആകസ്മികമായിട്ടാണ് ഒരിക്കല്‍ കെ.പി.ഉമ്മറിനെ ഒരു തീവണ്ടി യാത്രക്കിടയില്‍ കണ്ടത്. തിരുവനന്തപുരത്തു നിന്നും ചെന്നെയിലേക്കുള്ള നമ്പര്‍ 20 മദ്രാസ് മെയ്‌ലില്‍. ഞാന്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് കവറേജ് ടൂറില്‍ ആയിരുന്നു. ഒരു ഓണത്തിന്റെ തലേന്ന് ആയിരുന്നതിനാല്‍ കമ്പാട്ട്‌മെന്റ് കാലി. സംസാരിത്തിനിടെ എന്റെ ടൈപ്പ് റൈറ്ററിലെ ഇന്‍ഡ്യന്‍ എയര്‍ലയിന്‍സിന്റെ ബാഗേജ്ടാഗ് കണ്ട് അദ്ദേഹം ചോദിച്ചു,  ദല്‍ഹിയില്‍ നിന്നും ഫ്‌ളൈ ചെയ്ത് ആണോ വന്നത്. അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഓഹോ എന്ന് പറഞ്ഞു. ഞാന്‍ വീണ്ടും പറഞ്ഞു. പത്രമുതലാളി രാമോജി റാവു ആണ്. ഇതൊക്കെ ആ സ്ഥാപനത്തില്‍ സാധാരണം ആണ്. 

അപ്പോള്‍ ഞാന്‍ ചോദിച്ചു അദ്ദേഹം  എന്തുകൊണ്ട് മദ്രാസില്‍ നിന്നും ട്രെയിനില്‍ സഞ്ചരിക്കുന്നു? ഉമ്മര്‍ പറഞ്ഞു, ഞാന്‍ ഒരു സീരിയലിന്റെ ജോലിയില്‍ ആണ്. വിമാന യാത്ര പ്രൊഡ്യൂസര്‍ക്ക് മുതലാവുകയില്ല. ഇത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് എനിക്ക് കണ്‍വിന്‍സിങ്ങ് ആയിരുന്നില്ലെങ്കിലും ഞാന്‍ തലകുലുക്കി. അദ്ദേഹം കൂട്ടിചേര്‍ത്തു, ഇതിലെ നായിക ലക്ഷ്മിയുടെ മകള്‍ ആണ്. അവര്‍ വിമാനത്തില്‍ ആണ് സഞ്ചരിക്കുന്നത്.

സത്യനും സാധാരണക്കാരനായ ഒരു കലാകാരന്റെ ജീവിതം നയിച്ച നടന്‍ ആയിരുന്നു. ജീവിതാവസാനം ആയപ്പോഴേക്കും അദ്ദേഹത്തിന് ഒരു കറുത്ത ഫിയറ്റ് കാര്‍ ഉണ്ടായിരുന്നു. അതിലാണ് അദ്ദേഹം മദ്രാസിലുള്ള ഒരു ഷൂട്ടിംങ്ങ് ഫ്‌ളോറില്‍ നിന്നും പതിവുള്ള ആശുപത്രിയിലേക്ക് ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് സ്വയം ഓടിച്ച് പോയതും ജഡം ആയി പുറത്തേക്ക് വരുന്നതും.

എന്‍.റ്റി.രാമറാവുവിന്റെ അവസാന വര്‍ഷങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ദല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് എനിക്ക് അറിവ് കിട്ടി. അന്ന് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നില്ല. ആ സ്ഥാനം പോയിരുന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലം ഞാന്‍ ചോദിച്ച് അറിഞ്ഞ് എത്തി.

ഒരു തെലുങ്കുദേശം എം.പി.യുടെ ബംഗ്ലാവ് ആയിരുന്നു അത്. വിശാലമായ ബംഗ്ലാവിലെ ഓരോ മുറിയും ഞാന്‍ കയറി ഇറങ്ങി. എന്‍.റ്റി. ആറിനെ കാണാനില്ല. അകമ്പടിയോ സെക്യൂരിറ്റിയോ ഇല്ല. അവസാനം പാതി അടഞ്ഞു കിടക്കുന്ന വാതില്‍ തുറന്ന് ഞാന്‍ ഒരു മുറിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെ ഒരു കട്ടിലില്‍ വശം ചെരിഞ്ഞ് എന്‍.റ്റി.ആര്‍. ഉറങ്ങുന്നു. കിരീടവും ചെങ്കോലും ഇല്ലാത്ത രാജാവ്. ഒരു കാലത്ത് അദ്ദേഹത്തെ കാണുവാന്‍ ജനം മണിക്കൂറുകള്‍, മൈലുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമായിരുന്നു. പക്ഷേ, അദ്ദേഹവും ഒരിക്കലും അധോലോക ബന്ധത്തിന്റെയോ കള്ളപ്പണത്തിന്റെയോ കഥയുമായി ബന്ധപ്പെട്ടിരുന്നില്ല. രാഷ്ട്രീയത്തില്‍ അഴിമതി ആരോപണം ഉണ്ടായി. അത് വേറെ കഥ.

ഹിന്ദി സിനിമയുടെ അധോലോക ബന്ധം കുപ്രസിദ്ധം ആണ്. പല സിനിമകളും ഫൈനാന്‍സ് ചെയ്യുന്നത് ദാവൂദ് ഇബ്രാഹിമിനെ പോലുള്ള അധോലോക നായകന്മാരാണ്. പ്രധാന നടന്മാര്‍ അവരുടെ ശമ്പള പട്ടികയില്‍ ആണ്.

ഈ കലാരൂപം ഇങ്ങനെ മലീമസം ആവുകയാണെങ്കില്‍ നമുക്ക് ഇത് വേണമോ? എന്ന് ചോദിക്കുന്നതിന് പകരം നമുക്ക് എങ്ങനെ ഇതിനെ ശുദ്ധീകരിക്കാം എന്ന് ചോദിക്കുന്നതായിരിക്കും ശരി. ചലച്ചിത്ര താരങ്ങള്‍ ഭൂമിയിലെ ദൈവങ്ങള്‍ ആകുന്ന അവസ്ഥ മാറണം. പാര്‍ലിമെന്റിലേക്ക് നോമിനേറ്റ് ചെയ്യുന്ന, തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ സംഭാവന പരിതാപകരം ആണ്. നമുക്ക് എന്തിനീ ആര്‍ഭാടം, അലങ്കാര വസ്തു. വിഷയങ്ങള്‍ ഇവര്‍ ഉന്നയിക്കാറില്ല. വാദപ്രതിവാദങ്ങളില്‍ പങ്കെടുക്കാറില്ല. ബില്ലുകളില്‍ വോട്ട് ചെയ്യാറില്ല. 

ഒരിക്കല്‍ പ്രസിദ്ധയായ ഒരു നടിയോട് ഒരു ബില്ലില്‍ വോട്ട് ചെയ്യുവാന്‍ ഹാജരാകണം എന്ന് അവരുടെ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ പ്രത്യേക വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും ആയിരുന്നു അവരുടെ ഡിമാന്റ്. യാത്രയും താമസവും ഒരു എം.പി. എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കുമെങ്കിലും ഇത് പ്രത്യേക ഡിമാന്റ് ആയിരുന്നു.

ആറ്റുകാല്‍ പൊങ്കാലക്ക് നിലവിളക്ക് തെളിയിക്കുവാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന നടിയെ സൃഷ്ടിച്ചത് ഈ സമൂഹം തന്നെയാണ്. ഈ താരാരാധന അവസാനിക്കണം. അതിന് ഇപ്പോഴത്തെ ഈ സംഭവങ്ങള്‍ വഴിതെളിക്കട്ടെ. താരങ്ങളെ കലാകാരന്മാരായി കാണുക. ആരാധന നിര്‍ത്തുക. അപ്പോള്‍ താരങ്ങളുടെ അമിതമായ ധനാസക്തിയും അധോലോകവേഴ്ചകളും കുറ്റവാസനകളും തീരും. തീരട്ടെ.
പ്രേം നസീര്‍ മിച്ചം വച്ചത്‌  (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക