Image

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി മാറ്റിവെച്ചു

Published on 17 July, 2017
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി മാറ്റിവെച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന്‌ അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി മാറ്റി വെച്ചു. കേസില്‍ വ്യാഴാഴ്‌ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. 

 ഇന്ന്‌ തന്നെ അടിയന്തരമായി ജാമ്യപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി തള്ളി. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ്‌ സര്‍ക്കാരിന്‌ വേണ്ടി ഹാജരായത്‌.

കേസ്‌ പഠിക്കുന്നതിന്‌ കൂടുതല്‍ സമയം ആവശ്യമാണെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ വ്യാഴാഴ്‌ച്ച വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്‌.

റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‌ വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഇന്ന്‌ രാവിലെയാണ്‌ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌. 

ഗൂഡാലോചന ആരോപിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നായിരുന്നു  പ്രധാന വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്‌. 

അറസ്റ്റ്‌ തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന്‌ വെളിപ്പെടുത്തിയ കേസിലാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ദിലീപിനെ ചോദ്യം ചെയ്‌ത്‌ കഴിഞ്ഞു. 

ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ്‌ ദിലീപിനെതിരെയുള്ളത്‌. 19തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്‌. അതിനാല്‍ ദിലീപിന്‌ ജാമ്യം നല്‍കണമെന്നാണ്‌ ജാമ്യപേക്ഷയിലെ വാദം. 

ജാമ്യഹര്‍ജി നല്‍കിയാലും അത്‌ എതിര്‍ക്കുമെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിരുന്നു. കേസ്‌ ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ്‌ കാലാവധി നീട്ടുന്നതിനാണ്‌ പ്രോസിക്യൂഷന്‍ ശ്രമം.

 കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‌ (പള്‍സര്‍ സുനി) ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ്‌ കരുതുന്ന അപ്പുണ്ണിയെ (സുനില്‍രാജ്‌) പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ തന്നെ ജാമ്യം നേടണമെന്ന്‌ ദിലീപിനു നിയമോപദേശം ലഭിച്ചിരുന്നു.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ പൊലീസ് കസ്റ്റഡിയില്‍. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന രാജു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതിയ മെമ്മറി കാര്‍ഡ് രാജു ജോസഫില്‍ നിന്ന്‌പൊലീസിന് ലഭിച്ചു.

നിലവില്‍ കാര്‍ഡില്‍ ദൃശ്യങ്ങളില്ല. ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതാണോ എന്നാണ് സംശയം. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. രാജു ഇന്നലെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആയത്.

ഒളിവില്‍ പോയിരിക്കുന്ന പ്രതീഷ് ചാക്കോയെക്കുറിച്ച് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന് പിസി ജോര്‍ജ്എംഎല്‍എ ആരോപണം ഉന്നയിച്ച കാക്കനാട് ജയില്‍ സൂപ്രണ്ട് വി ജയകുമാറിനെ ഈ സ്ഥാനത്ത് നിന്നു മാറ്റി. പകരം പുതിയ സൂപ്രണ്ടിനെ നിയമിച്ചു. ജയകുമാറിനെ കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടായാണ് നിയമിച്ചിരിക്കുന്നത്.

എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തെ തീരുമാനിച്ചതാണെന്നാണ് ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ജയകുമാര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക