Image

എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് 2017 ഒക്‌ടോബര്‍ 28, 29 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2017
എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് 2017 ഒക്‌ടോബര്‍ 28, 29 തീയതികളില്‍
ഷിക്കാഗോ: 2017 ഒക്‌ടോബര്‍ 28,29 തീയതികളില്‍ ഷിക്കാഗോ സീറോ മലബാര്‍ ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്ന എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും പങ്കെടുക്കുന്നതായിരിക്കും.

ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യദിനമായ ഒക്‌ടോബര്‍ 28-നു ശനിയാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. അതിനുശേഷം കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. അതിനുശേഷം വിവിധ പാനലുകള്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നതാണ്. അന്നേദിവസം തന്നെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള എസ്.എം.സി.സി ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതാണ്. വൈകുന്നേരം 6 മണിയോടെ കള്‍ച്ചറല്‍ പ്രോഗ്രാമും സിറ്റ് ഡൗണ്‍ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഒക്‌ടോബര്‍ 29-നു ഞായറാഴ്ച വിശുദ്ധ ബലിയോടെ പരിപാടികള്‍ സമാപിക്കും.

ഷിക്കാഗോ എസ്.എം.സി.സി അംഗങ്ങളാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കോണ്‍ഫറന്‍സ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. ഷിബു കുര്യന്‍, മേഴ്‌സി കുര്യാക്കോസ്, സണ്ണി വള്ളിക്കളം, കുര്യാക്കോസ് തുണ്ടപ്പറമ്പില്‍, ജയിംസ് ഓലിക്കര എന്നിവരും വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കും.

എസ്.എം.സി.സിയുടെ ആത്മീയാചാര്യനായ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റെ (ഹൂസ്റ്റണ്‍) നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്‍, സെക്രട്ടറി സിജില്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവരും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക