Image

കുമരകത്തും ദിലീപ്‌ ഭൂമി കയ്യേറി എന്ന്‌ ആരോപണം

Published on 18 July, 2017
കുമരകത്തും ദിലീപ്‌ ഭൂമി കയ്യേറി എന്ന്‌ ആരോപണം
ചാലക്കുടിയിലെ ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിക്കു പിന്നാലെ കുമരകത്തും സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിനെതിരേ അന്വേഷണം. കയ്യേറിയെന്ന ആരോപണം അന്വേഷിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട്‌ നല്‍കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക്‌ റവന്യൂ മന്ത്രിയുടെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. 

കുമരകം വില്ലേജിലെ 12-ാം ബ്ലോക്കിലെ 190ആം സര്‍വേ നമ്പരില്‍ പുറമ്പോക്ക്‌ ഭൂമിദിലീപ്‌ കയ്യേറി മറിച്ചു വിറ്റെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ്‌ ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും പരാതിയുണ്ട്‌.ഇതിന്റെ രേഖകള്‍ നേരത്തെ തന്നെ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നു.

 2007 ല്‍ സെന്റിന്‌ 70,000 രൂപയ്‌ക്കാണു ദിലീപ്‌ സ്ഥലം വാങ്ങിയതെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. കൈയേറ്റം ഒഴിപ്പിക്കുന്നതു തടഞ്ഞു ഹൈക്കോടതിയില്‍നിന്ന്‌ ഇടക്കാല ഉത്തരവു ലഭിച്ച ദിലീപ്‌, കൈയേറിയ ഭൂമി അടക്കം രണ്ടര ഏക്കര്‍ സ്ഥലം സെന്റിന്‌ 4.80 ലക്ഷം രൂപയ്‌ക്കു മറിച്ചുവിറ്റതായും പൊലീസ്‌ കണ്ടെത്തിയിരുന്നു. 

മറിച്ചുവിറ്റ സ്ഥലത്തില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചില്ലെങ്കിലും ഫയലുകള്‍ പരിശോധിച്ച കോടതി, കൈയേറ്റ സ്ഥലം തിരിച്ചുപിടിക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ റവന്യു വകുപ്പ്‌ ഇതുവരെ നടപടി എടുത്തിരുന്നില്ല.

പരാതി പുറത്തു വന്ന സാഹചര്യത്തില്‍ ദിലീപ്‌ ക്വട്ടേഷന്‍ ഗുണ്ടകളെ വിട്ട്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതി ഉയരുന്നുണ്ട്‌. ഭീഷണിയെ തുടര്‍ന്ന്‌ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ലോക്കല്‍ പൊലീസിന്റെ സംരക്ഷണയിലാണ്‌ വസ്‌തു കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയത്‌. 

കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി വീണ്ടും കോടതി ഈ വര്‍ഷം ആദ്യം പരിഗണിച്ചപ്പോള്‍ സ്ഥലം വിറ്റതിനാല്‍ റിട്ട്‌ പെറ്റീഷനുമായി മുമ്പോട്ട്‌ പോകാനാകില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക