Image

നേഴ്‌സ്‌ സമരം ന്യായം: ഹൈക്കോടതി

Published on 18 July, 2017
നേഴ്‌സ്‌ സമരം ന്യായം: ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം ന്യായമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌. തുച്ഛമായ ശമ്പളത്തിന്‌ ജോലിചെയ്യുന്ന ഇവര്‍ക്ക്‌ അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, വി ഷേര്‍സി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി.

നേഴ്‌സുമാരുടെ തുച്ഛമായ വേതനത്തെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന്‌ ആശുപത്രി മാനേജ്‌മെന്റുകളോട്‌ കോടതി ആരാഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായപ്രകടനം നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. ശമ്പളവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ 2012ല്‍ത്തന്നെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.

കോട്ടയം ഭാരത്‌ ആശുപത്രിയും പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളേജും സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജികളാണ്‌ കോടതി പരിഗണിച്ചത്‌. മുഖ്യമന്ത്രി ജൂലൈ 20ന്‌ ചര്‍ച്ച നടത്തുന്നതിനാല്‍ കേസുകള്‍ 21ന്‌ പരിഗണിക്കാനായി മാറ്റി. ഭാരത്‌ ആശുപത്രിയുടെ പ്രവര്‍ത്തനം സമരം ചെയ്യുന്ന നേഴ്‌സുമാര്‍ തടസ്സപ്പെടുത്തിയതായി മാനേജ്‌മെന്റ്‌ ആരോപിച്ചു. 

എന്നാല്‍, തല്‍ക്കാലം സമരം നിര്‍ത്തിവച്ചിരിക്കുകയാണെന്ന്‌ പൊലീസ്‌ വിശദീകരിച്ചതിനെത്തുടര്‍ന്ന്‌ ഇടക്കാല പൊലീസ്‌ സംരക്ഷണ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക