Image

‘ജഗ്ഗാ ജാസൂസ്’ നടി മരിച്ചനിലയില്‍ ; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published on 19 July, 2017
‘ജഗ്ഗാ ജാസൂസ്’ നടി മരിച്ചനിലയില്‍ ; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

അസാമി നടിയും ഗായികയും അവതാരകയുമായ ബിദിഷ ബെസ്ബറൂഹയെ മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നടിയെ വാടകവീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സുഷാമത് ലോക് റസിഡന്‍സ് മേഖലയിലായിരുന്നു താരം താമസിച്ചിരുന്നത്.

അസാം സ്വദേശിനിയായ ബിദിഷ നിരവധി സ്‌റ്റേജ് ഷോകളിലൂടെ പ്രശസ്ത അവതാരകയായി മാറുകയായിരുന്നു. രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ജഗ്ഗാ ജസൂസ് എന്ന ചിത്രത്തിലും ബിദിഷ അഭിനയിച്ചിരുന്നു.

തിങ്കളാഴ്ച ബിദിഷയുടെ പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം പോലീസില്‍ അറിയിക്കുകയായിരുന്നു. പിതാവ് നല്‍കിയ മേല്‍വിലാസത്തില്‍ പോലീസ് നടിയുടെ വാടക വീട്ടില്‍ എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു. പിന്നീട് വാതില്‍ തകര്‍ത്ത് വീടിനകത്ത് കടന്നപ്പോഴാണ് നടി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

നടിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും ഭര്‍ത്താവുമായി നടിയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിതാവിന്റെ പരാതിയില്‍ ബിദിഷയുടെ ഭര്‍ത്താവ് നിഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിദിഷയുടെ മൊബൈല്‍ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം, നടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അസാം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാലിലെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക