Image

സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ടോം തരകന്‍ Published on 19 July, 2017
സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെമാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോണ്‍ഫറന്‍സ് പ്രസിഡന്റ റവ. ജോണ്‍ ഗീവര്‍ഗീസ് (ബെന്‍സി അച്ചന്‍) അദ്ധ്യക്ഷത വഹിക്കും. കപ്പൂച്ചിന്‍ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കുന്നത്.

റവ. ഡോ. സലോമോന്‍, റവ. അജി തോമസ്, റവ. ലാറി വര്‍ഗീസ്, പ്രീനാ മാത്യു എന്നിവര്‍ മറ്റു പ്രധാന ക്‌ളാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. പ്രശസ്തമായ സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത്. കുര്യന്‍ വര്‍ഗീസ് (വിജയന്‍) ജനറല്‍ കണ്‍വീനറായ സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്‌റ്റേണ്‍ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങല്‍ ക്രമീകരണങ്ങള്‍ക്കുണ്ട്. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന മനോഹരമായ സുവനീറിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയോടനുബന്ധിച്ചു അംഗങ്ങള്‍ക്ക് മനോഹരമായ സാന്‍ഫ്രാന്‍സിസ്‌കോയുടെ തീരപ്രദേശങ്ങളും ചരിത്ര പ്രസിദ്ധമായ നഗരഭാഗങ്ങളും കണ്‍കുളിര്‍ക്കെ കാണുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി. വരും ദിവസങ്ങള്‍ ആത്മീക ഉണര്‍വിന്റെ ദിനങ്ങളാകാന്‍ ഏവരും കാത്തിരിക്കുന്നു.

ടോം തരകന്‍
(കണ്‍വീനര്‍, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക