Image

ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി, പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 20 July, 2017
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ആറന്മുളക്ക് ശേഷം പുതുജീവന്‍ വച്ച ശബരി എയര്‍പോര്‍ട്ട് കോട്ടയം ജില്ലയിലെ ചെറുവള്ളിയില്‍ സ്ഥാപിക്കാനുള്ള കേരള ഗവര്‍മെന്റിന്റെ തീരുമാനം കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ആഹ്ലാദത്തിന്റെ പെരുമ്പറ ഉണര്‍ത്തി.

ശബരിമലയില്‍ നിന്ന് 48 കി. മി. മാത്രം അകലെയുള്ള കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം മധ്യകേരളത്തിന്റെ മുഖശ്ചായ അപ്പാടെ മാറ്റിവരക്കും. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞാല്‍ തീര്ഥാടകര്‍ക്ക് അനായാസേന സന്നിധാനത്തേക്ക് പോകാം.

ഇനി അല്‍പ്പം ഫ്‌ലാഷ് ബാക്ക്.

നൂറു ദിവസം നീണ്ട സമരം കഴിഞ്ഞു കളമൊഴിഞ്ഞു കിടക്കുന്നു കോട്ടയം ജില്ലയുടെ തെക്കുകിഴക്കേ മൂലയില്‍ എരുമേലിപഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റ്. എന്നിട്ടും അവിടെ കണ്ടു സമരത്തിന്റെ ബാക്കിപത്രമായ ഒരു ഫ്‌ലെക്‌സ് ബോര്‍ഡ്. അതിനു നടുവില്‍ 'ശബരി എയര്‍പോര്‍ട്ടിനെ തൊഴിലാളികള്‍ സ്വാഗതം ചെയ്യുന്നു' എന്ന് ചുവന്ന വലിയ അക്ഷരങ്ങള്‍.

ഏഴു യുണിയനുകള്‍ ചേര്‍ന്നു നടത്തിയ സമരത്തില്‍ വിമാനത്താവളം ആയിരുന്നില്ല പ്രശ്‌നം. ഇംഗ്ലീഷ്‌കാരുടെ കാലത്ത് മലയാളം പ്ലാന്റെഷനും പിന്നീട് ഹാരിസണ്‍ മലയാളം പ്ലാന്റെഷനും ഇപ്പോള്‍ ബി.സി. ചെറുവള്ളി എസ്റ്റേറ്റും ആയ തോട്ടത്തില്‍ നാനൂറു ആണ്‍പെണ്‍ തൊഴിലാളികള്‍. അവര്‍ക്ക് വേണ്ടത് ബോണസ്. ആ പ്രശ്‌നം അഡ്ജൂഡിക്കേഷനു വിട്ടു.

എരുമേലിക്ക് മൂന്ന് കി.മി.അടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2500ല്‍പരം ഏക്കറില്‍ ആയിരം ഏക്കര്‍ വിമാനത്താവളത്തിന് നല്‍കാമെന്നാണ് ഉടമ ബിലീവേര്‌സ് ചര്‍ച് വച്ച ആദ്യത്തെ ഓഫര്‍. ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന വാദം വന്നപ്പോള്‍ അവര്‍ കോടതി കയറി. അതാദ്യം പരിഹരിക്കണം.

മിക്കവാറും സമതലമായി കിടക്കുന്ന സ്ഥലം. ഒരറ്റമായ കാരിത്തോട് മുതല്‍ മുക്കട വരെയുള്ള തോട്ടം തീരാന്‍ ഏഴു കി.മി. സഞ്ചരിക്കണം. എരുമേലി പഞ്ചായത്തിന്റെ 23 വാര്‍ഡുകളില്‍ നാലാം വാര്‍ഡ് ആണു ചെറുവള്ളി എസ്റ്റേറ്റ്.

വാര്‍ഡ് മെമ്പര്‍ വി.പി.സുഗതന്‍ (സി.പി.ഐ, മെമ്പറായി 25 വര്ഷം, പ്രസിഡന്റും ആയിരുന്നു) ഓടിച്ച കാറില്‍ തോട്ടം ചുറ്റിയ വേളയില്‍ കണ്ടുമുട്ടിയ ആണ്‍പെണ്‍ വോട്ടര്‍മാരെല്ലാം എയര്‍പോര്‍ട്ട് നോക്കി പാര്‍ത്തിരിക്കുന്നതായി തോന്നി. ഒരാവശ്യമേ അവര്‍ക്കുള്ളൂ എയര്‍പോര്‍ട്ടില്‍ ജോലി വേണം
.
മുപ്പതു വര്‍ഷമായി ലൈന്‍സില്‍ താമസിച്ചു പണിയെടുക്കുന്ന അമ്മിണിക്ക് ഇന്ന് ശമ്പളം 5000 മാത്രം. വാര്‍ധക്യം കൊണ്ടു ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന കൈകള്‍. ജരാനര. ആശ കൈവിടാത്ത കണ്ണുകള്‍. അവരെ നയിക്കുന്ന പ്രദീഷ് എന്ന കണ്ണനെയും (സി.ഐ.ടി.യു.) എസ്. സാബുവിനെയും (ഏ.ഐ.ടി.യു.സി) കണ്ടു സംസാരിച്ചു.

എരുമേലിയില്‍ നിന്നു മുക്കൂട്ടുതറ, കണമല, തുലാപ്പള്ളി, പ്ലാപ്പള്ളി, നിലക്കല്‍, ചാലക്കയം വഴി പമ്പയില്‍ എത്താന്‍ കൃത്യം 42 കി,മി. അക്കരെ റാന്നി വഴി പോയാല്‍ ഇരട്ടി ദൂരം വരും. എരുമേലി പി.സി. ജോര്‍ജിന്റെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പെട്ടതാണ്. തൊട്ടടുത്ത റാന്നി മണ്ഡലത്തിലത്തില്‍ രാജു എബ്രഹാം. രണ്ടിടത്തും പാര്‍ലമെന്റ് മെമ്പര്‍ ആന്റോ ആന്റണിയും.

ശബരി ഹൈവേയില്‍ കണമലയിലെ പുതിയ പാലo കടന്നു ഇടത്തോട്ട് തിരിഞ്ഞാല്‍ ഒന്നര കി.മി. അകലെ പമ്പാവാലി. തൊട്ടുരുമ്മി ഏഞ്ചല്‍ വാലി. രണ്ടും പമ്പയുടെ തീരത്ത്. പാലം കടന്നാല്‍ പത്തനംതിട്ട ജില്ലയായി. 

പമ്പക്കു അക്കരെ തീരം വഴി വനവും അട്ടത്തോട് ആദിവാസി കോളനിയും കടന്നു പമ്പാ പാര്‍ക്കിങ്ങിലെത്താന്‍ പത്തു കി.മി. മാത്രം. രണ്ടു കി.മി. വഴി വെട്ടി തുറന്നാല്‍ മതി. സര്‍കാരിന്റെ പരിഗണയില്‍ ഇരിക്കുന്ന ഒന്നാണ് ഈ വഴി.

ശരിക്കുപറഞ്ഞാല്‍ കുട്ടനാട് പോലെ ആറും തോടും കൊണ്ടു സിരാവ്യൂഹം തീര്‍ക്കുന്ന ഒരു പ്രദേശമാണ് പമ്പാവാലി. അഴുതയാര്‍ കണമല വച്ചു പമ്പയില്‍ ചേരുന്നു. പമ്പയാണ് കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കു അതിര്‍ത്തി തീര്‍ക്കുന്നത്.

കോട്ടയം ജില്ലയുടെ ഓരം ചേര്‍ന്നുള്ള മൂലക്കയം, പമ്പാവാലി, ഏഞ്ചല്‍വാലി, എഴുകുംമണ്ണ്, ആറാട്ടുകയം, അടുക്കമുത്തി, വലിയകല്ല്, മൂക്കംപെട്ടി എന്നിവയും പത്തനംതിട്ട ജില്ലയിലെ കണമല, വട്ടപ്പാറ, ആലപ്പാട്, തുലാപ്പള്ളി, നാരയന്തോട്, കിസുമം എന്നിവയും ചേര്‍ന്നുള്ള മേഖലയെ ഒന്നാകെ പമ്പാവാലി എന്ന് വിളിക്കാം.

'ഈ പ്രദേശങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലുക്കില്‍ പമ്പാവാലി എന്നൊരു പഞ്ചായത്ത് ഉണ്ടാകുന്ന കാലം ഞാന്‍ സ്വപ്നം കാണുന്നു' പറയുന്നത് കുടിയേറ്റ കാലത്തെ ഏഞ്ചല്‍ വാലിയുടെ ആദ്യജാതനായ വക്കച്ചന്‍ കാരുവള്ളില്‍. മണിമല നിന്ന് അറുപതു വര്‍ഷം മുമ്പ് കുടിയേറിയ തൊമ്മച്ചന്റെ മകന്‍.

'കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് എരുമേലി വിഭജിച്ചു മുക്കൂട്ടുതറ പഞ്ചായത്ത് ഉണ്ടാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിരുന്നു. ഒടുവില്‍ വേണ്ടെന്നു വച്ചു.'

ഗള്‍ഫില്‍ ജോലി ചെയ്തു മടങ്ങിവന്ന ശേഷം അഞ്ചേക്കറില്‍ കൃഷിയുമായി കൂടിയിരിക്കുന്നു അദ്ദേഹം. വീടിരിക്കുന്ന പറമ്പില്‍ അത്തര്‍ മണക്കുന്ന ഊദ്മരങ്ങള്‍ അഞ്ചെണ്ണം ഉണ്ട്, ചന്ദനം പോലെ വിലപ്പെട്ടത്, നൂറടിയെങ്കിലും ഉയരത്തില്‍. വക്കച്ചന്‍ എന്ന വര്‍ഗീസ്ര് തോമസിന്റെ മാരുതി സെലെരിയോയില്‍ പമ്പാവാലി ഒട്ടാകെ ചുറ്റി കറങ്ങാന്‍ ഒരു ദിവസം ധാരാളം.

ചെകുത്താന്‍കയം (അയ്യപന്മാര്‍ മുങ്ങിമരിച്ച സ്ഥലം) ഏഞ്ചല്‍വാലി ആയിട്ട് മുപ്പതു വര്ഷമേ ആയിട്ടുള്ളൂ. യുദ്ധാനന്തരം വിമുക്ത ഭടന്മാരെ കുടിതാമസിപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലമായിരുന്നു അവിടം. വഴികളും പാലങ്ങളും നിര്‍മിച്ചു ജനങ്ങളെ നാഗരികതയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ദൈവദൂതന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. മാത്യു വടക്കേമുറി ആയിരുന്നു. അദേഹം സ്ഥലത്തിന് ഏഞ്ചല്‍വാലി എന്ന് പേരിട്ടു.

'രണ്ടായിരത്തില്‍ ഇവിടെ വൈദ്യുതി കൊണ്ടു വന്നതും വടക്കേമുറി അച്ചനായിരുന്നു. തുലാപ്പള്ളി തോട്ടില്‍ തടയണ നിര്‍മിച്ചു വെള്ളം പൈപ്പ് വഴി ആയിരം അടി താഴോട്ടൊഴുക്കി ചെറുകിട ടര്‍ബൈനുകള്‍ കറക്കി പള്ളിക്കും നാട്ടുകാര്‍ക്കും കറന്റ് എത്തിച്ചു. അത് പിന്നീട് ഏഞ്ചല്‍ വാലിയിലും എത്തി. 160 വീടുകളില്‍ വൈകുന്നേരങ്ങളില്‍ കറന്റ് കിട്ടി.

കെ.എസ്.ഇ.ബി.വക കറന്റ് വന്നത് 2003 ല്‍ മാത്രം. 'അതുകൊണ്ട് ഇവിടെ എല്ലാ വീടുകളിലും അച്ചന്റെ ചിത്രം തൂക്കി ആദരിച്ചു പോരുന്നു' വര്‍ഷങ്ങളോളം മണ്ണെണ്ണ വിളക്ക് കത്തിച്ച ഓര്മ പുതുക്കിക്കൊണ്ട് വക്കച്ചന്റെ ഭാര്യ റാന്നി താഴമണ്‍ കുടുംബാംഗമായ വത്സമ്മ പറയുന്നു.

ഇന്‍ഫാം എന്ന ഇന്ത്യന്‍ ഫാമേഴ്‌സ് മൂവ്‌മെന്റ് കേരളമൊട്ടാകെ പ്രചരിപ്പിച്ച വടക്കേമുറി അച്ചന്‍ 2012 ല്‍ 71 ആം വയസില്‍ ഒരുറോഡ് അപകടത്തില്‍ മരിച്ചു. ഇന്‍ഫാമിന്റെ ഏഞ്ചല്‍വാലി യുണിറ്റ് പ്രസിഡന്റ് ആയിരുന്നു വക്കച്ചന്‍.

'പാവാട പ്രായത്തില്‍ എന്നെ പൊതുരംഗത്തേക്ക് കൈപിടിച്ച് നടത്തിയ' അച്ചനെപറ്റി മലനാട് സൊസൈറ്റി വക്താവ് മാഗി ജോസഫിനു ആയിരം നാവ്. ഇന്ന് കോട്ടയം ജില്ലാ പഞ്ചായത് അംഗമാണ് മാഗി.

പട്ടയം ആണു മറ്റൊരു ഗുരുതര പ്രശ്‌നം. എഴുപതു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം 800 പേര്‍ക്കു പട്ടയം ലഭിച്ചു. ബാക്കി 600 പേര്‍ക്ക് നല്‍കാന്‍ പോകുന്നു. കിട്ടിയവര്‍ക്ക് പേരില്‍കൂട്ടി കരമാടക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി കാഞ്ഞിരപ്പള്ളി ഡപ്യുട്ടി തഹസില്‍ദാര്‍ സുരേന്ദ്രന്‍ അറിയിച്ചു. പട്ടയം നേടിഎടുക്കാനുള്ള നിസ്തന്ദ്ര യത്‌നത്തിലും പട്ടയമേള സംഘടിപ്പിക്കുന്നതിലും വക്കച്ചന്‍ മുന്‍പന്തിയില്‍ നിന്നു.

പമ്പാവാലിക്കും ഏഞ്ചല്‍ വാലിക്കും പൊതുസ്ഥാപന ങ്ങള്‍ ഒന്നുമില്ല. ഒരു ബാങ്ക് പോലും. സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയും തഥൈവ. 5500 പേര്‍ക്കു പാചകവാതകം സപ്ലൈ ചെയ്യുന്ന പമ്പാ ജ്യോതി ഇണ്ടേന്‍ ഗാസ് ഏജന്‍സി മാത്രം ഉണ്ട്.

എന്നാല്‍ പമ്പാവാലിയില്‍ പുതിയ വഴികള്‍ ഒന്നൊന്നായി തുറന്നു വരുന്നതില്‍ ഏഞ്ചല്‍ വാലിയിലെ (വാര്‍ഡ് 11) മെമ്പര്‍ വത്സമ്മ തോമസിനും പമ്പാവാലിയിലെ (വാര്‍ഡ് 12) 
മെമ്പര്‍ സുസമ്മ രാജുവിനും ആഹ്ലാദം. എരുമേലിയില്‍ പഞ്ചായത്ത് യോഗങ്ങള്‍ക്ക് അവര്‍ മിക്കവാറും ഒന്നിച്ചാണ് പോക്കും വരവും.

കോട്ടയം, പത്തനംതിട്ട, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ധാരാളം ബസുകള്‍. ദിവസേന 13 കി.മി. വീതം നടന്നു സ്‌കൂളില്‍ പോയ ആളാണ് വക്കച്ചന്‍.

'അഴുത വരെ ശബരി റെയില്‍വേ വരുമെന്ന് കേട്ടിട്ട് കാലങ്ങളായി. ഇന്നിപ്പോള്‍ എരുമേലി വരെയെന്നു കേള്‍ക്കുന്നു. അവിടെ നിന്ന് മൂന്നു കിലോമീട്ടറെ ഉള്ളു നിര്‍ദിഷ്ട്ട എയര്‍പോര്ട്ടിലേക്ക്ര്. ഏതു വരും ആദ്യം, എയര്‍പോര്‍ട്ടോ റെയില്‍വേയോ' എല്ലാവരും അദ്ഭുതം കൂറുന്നു, എന്നിരുന്നാലും ജെറ്റ് വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാനും മിന്നിമറയുന്ന ചുവന്ന ബീകണ്‍ ലൈറ്റ് കാണാനും ഗ്രാമ ഗ്രാമാന്തരങ്ങ.ള്‍ നോക്കിപ്പാര്ത്തിരിക്കുന്നു.

ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ജെറ്റ് വിമാനം കാത്തിരിക്കുന്ന എരുമേലിയിലെ ചെറുവള്ളി തോട്ടം.
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
കണമല പാലത്തിനു മുമ്പില്‍ വക്കച്ചനും പരീക്ഷ എഴുതി മടങ്ങുന്ന കുട്ടികളും.
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ഏഞ്ചല്‍വാലിയിലെ ഏക ഹൈസ്കൂള്‍ സെന്റ്‌ മേരിസ്, മഠം വക, സിബിഎസ്ഇ, 500 കുട്ടികള്‍.
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ഏഞ്ചല്‍വാലിയില്‍ 2016.ല്‍ നടന്ന പട്ടയമേളയുടെ മുന്‍നിര; കാത്തിരിപ്പിനൊടുവി.ല്‍ പട്ടയവുമായി വത്സമ്മ വര്‍ഗീസ്‌
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
എരുമേലി വാവര്‍പള്ളിക്ക് മുമ്പില്‍ അഷ്‌റഫ്‌, ജൂബി, നാസര്‍, പ്രദീപ്‌
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ചെറുവള്ളി വാര്‍ഡ്‌ മെമ്പര്‍ സുഗത.ന്‍ വോട്ടര്‍മാര്‍ക്കൊപ്പം
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
എയര്‍പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്ന ചെറുവള്ളി തൊഴിലാളികള്‍
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
ഏഞ്ചല്‍വാലി പഞ്ചായത്ത് മെമ്പര്‍ വത്സമ്മ തോമസ്‌, ന്യൂസ്‌ എജന്റ്റ് ബിജു, വില്‍സണ്‍ പന്തിരിക്കല്‍.
ശബരി എയര്‍പോര്‍ട്ട്; എരുമേലി, ഏഞ്ചല്‍വാലി,  പമ്പാവാലിക്കാര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ (കുര്യന്‍ പാമ്പാടി)
പമ്പാവാലി മെമ്പര്‍ സുസമ്മ രാജു, വോട്ടര്‍ ബാബു കാരംവേലില്‍ ബസ് യാത്രക്കിടയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക