Image

വില്യമും കേറ്റും ജര്‍മനിയില്‍

Published on 20 July, 2017
വില്യമും കേറ്റും ജര്‍മനിയില്‍

 
ബെര്‍ലിന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് രാജകുമാരന്‍ വില്യമും (35) ഭാര്യ കേറ്റ് മിഡില്‍ടണും (35) ബുധനാഴ്ച ജര്‍മനിയിലെത്തി. ഇവരുടെ കുട്ടികളായ മൂന്നു വയസുള്ള പ്രിന്‍സ് ജോര്‍ജും രണ്ടുവയസുകാരി രാജകുമാരി ഷാര്‍ലോട്ടയും ഒപ്പമുണ്ട്. ബെര്‍ലിന്‍, ഹൈഡല്‍ബര്‍ഗ്, ഹാംബുര്‍ഗ് എന്നിവിടങ്ങളിലാണ് ഇവര്‍ സന്ദര്‍ശനം നടത്തുക.

ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിലാണ് വില്യമും കുടുംബവും ആദ്യം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് മെര്‍ക്കലുമായി സൗഹൃദസന്ദര്‍ശനം നടത്തി. ഹെഡല്‍ബെര്‍ഗില്‍ എത്തുന്ന രാജകുടുംബം അവിടെ നെക്കാറുഫര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഹാംബുര്‍ഗില്‍ എത്തി പ്ലാറ്റ്‌സ് ഡെര്‍ ഡ്യൂഷെനും കണ്ട് രണ്ടാം ദിവസം തിരികെ മടങ്ങും.

കഴിഞ്ഞ വര്‍ഷം നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സ്‌റ്റേറ്റിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് വില്യം ഡ്യുസല്‍ഡോര്‍ഫ് സന്ദര്‍ശിച്ചിരുന്നു. ഇനിയും വരുമെന്ന് ഉറപ്പു നല്‍കിയാണ് വില്യം അന്നു മടങ്ങിയത്. ജര്‍മനിയും ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതുതലമുറയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് ബ്രിട്ടീഷ് അംബാസഡര്‍ സര്‍ സെബാസ്റ്റ്യന്‍ വുഡ് വില്യമിന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചു.

പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാജകുടുംബം ബെര്‍ലിനിലെത്തിയത്. ആദ്യമായാണ് വില്യമും കുടുംബവും ജര്‍മനിയിലെത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക