Image

വിദേശികള്‍ക്ക് ഉയര്‍ന്ന ഫീസ്: ജര്‍മന്‍ യൂണിവേഴ്‌സിറ്റികളെ ബാധിക്കും

Published on 21 July, 2017
വിദേശികള്‍ക്ക് ഉയര്‍ന്ന ഫീസ്: ജര്‍മന്‍ യൂണിവേഴ്‌സിറ്റികളെ ബാധിക്കും
 ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്താനുള്ള രണ്ട് ജര്‍മന്‍ സ്‌റ്റേറ്റുകളുടെ തീരുമാനം യൂണിവേഴ്‌സിറ്റികളെ ബാധിക്കുമെന്ന് വിമര്‍ശനമുയരുന്നു.

ബാഡന്‍ വുര്‍ട്ടംബര്‍ഗ്, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സ്‌റ്റേറ്റുകള്‍ വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, യുകെയില്‍ സമാന നടപടി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കിയിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ബാഡന്‍ വുര്‍ട്ടംബര്‍ഗിലാണ് തീരുമാനം ആദ്യം പ്രാബല്യത്തില്‍ വരുന്നത്. തീരുമാനം വരുന്നതിനു മുന്‍പ് അഡ്മിഷന്‍ നേടിയവര്‍ക്കും ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഫീസ് ഇളവ് നല്‍കും. സെമസ്റ്ററിന് 1500 യൂറോയാണ് യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ക്ക് ചുമത്താന്‍ പോകുന്ന പൊതു ഫീസ്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയും ഇതേ നിരക്ക് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം അടുത്ത സെമസ്റ്ററിലാണ് പ്രാബല്യത്തിലാവുക.

ഉയര്‍ന്ന ഫീസ് വഴി പ്രതിവര്‍ഷം നൂറു മില്യണ്‍ യൂറോ അധിക വരുമാനമാണ് സര്‍ക്കാരുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും അവര്‍ മറ്റു സ്‌റ്റേറ്റുകളോ മറ്റു രാജ്യങ്ങളോ തേടി പോകുകയും ചെയ്യുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ മേലില്‍ ജര്‍മനിയിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ വരവില്‍ കുറവുണ്ടുവുമെന്നു മാത്രമല്ല സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ നിശ്ചലമാവുകതന്നെ ചെയ്യും.

നിലവില്‍ ഒട്ടനവധി വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ജര്‍മനിയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഫീസ് വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികളുടെ സാന്പത്തിക ചെലവു ഉയര്‍ത്തുമെന്നു മാത്രമല്ല ജീവിക്കാനുള്ള ഉപാധികള്‍ വീട്ടില്‍ നിന്നുതന്നെ കൊണ്ടുവരേണ്ടിവരും. പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പരിമിതമായി ജീവിക്കാനുള്ള വകയുണ്ടാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടങ്കിലും ഫീസ് വര്‍ധനയിലൂടെ ഇത്തരക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കാനേ പുതിയ നിയമംകൊണ്ടു സാധിക്കുകയുള്ളു എന്നും വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പുതിയ നിയമത്തില്‍ അയവു വരുത്തണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക