Image

കോവളം എം.എല്‍.എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു

Published on 22 July, 2017
കോവളം എം.എല്‍.എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു. 

എം.എല്‍.എയെ ചോദ്യം ചെയ്യുന്നതിന് പോലീസ് സ്പീക്കറുടെ അനുമതി തേടിയിരുന്നു. ക്രിമിനല്‍ കേസില്‍പ്പെട്ട എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതിനും സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നകാര്യം സ്പീക്കറുടെ ഓഫീസ് പോലീസിനെ അറിയിച്ചിരുന്നു. 
അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഘം പോലീസ് ആസ്ഥാനത്ത് വിന്‍സെന്റിനെ ചോദ്യംചെയ്യും. 

എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നല്‍കിയിട്ടുള്ള പരാതി. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ എം.എല്‍.എ 900 ലേറെത്തവണ വീട്ടമ്മയുടെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. 

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രമെ എം വിന്‍സെന്റിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കൂ. വനിതാ പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.

വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ടത്.

യുവനേതാവായ വിന്‍സെന്റ് രാജിവച്ച് മാതൃകകാട്ടണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. 

പീഡനകേസില്‍ അറസ്റ്റിലാകുന്ന കേരളത്തിലെ ആദ്യ എംഎല്‍എയും ലൈംഗീക ആരോപണത്തില്‍ ഉള്‍പ്പെടുന്ന കോവളത്തെ രണ്ടാമത്തെ ജനപ്രതിനിധിയും കൂടിയാണ് എം.വിന്‍സെന്റ്.

1999ല്‍ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന ജനതാദളിന്റെ നീലലോഹിത ദാസ് നാടാറാണ് വിസെന്റിന് മുമ്പ് ലൈംഗീക കേസില്‍ ഉള്‍പ്പെട്ട മറ്റൊരു കോവളം എംഎല്‍എ. 
 
നാടാര്‍ക്കെതിര അന്ന് പരാതി നല്‍കിയത് ഇന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക