Image

ജലരാജാക്കന്മാരുടെ പോരാട്ടം യുകെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു

Published on 22 July, 2017
ജലരാജാക്കന്മാരുടെ പോരാട്ടം യുകെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു
 
ലണ്ടന്‍: യുകെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കേരള ടൂറിസത്തിന്റെയും ഇന്ത്യന്‍ ടൂറിസത്തിന്റെയും സഹകരണത്തോടെ നടക്കുന്ന മത്സരത്തില്‍ ഇരുപത്തിരണ്ടോളം ടീമുകളാണ് പങ്കെടുക്കുന്നത്. 

ജൂലൈ 29ന് (ശനി) വാര്‍വിക് ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് മത്സരം. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്‌സ് മത്സരങ്ങളില്‍ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. 22 ടീമുകള്‍ ആറ് ഹീറ്റ്‌സുകളിലായിട്ടാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്‌സ് മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്റെ വീറും വാശിയും വര്‍ധിപ്പിക്കും. ആറ് ഹീറ്റ്‌സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളില്‍ എത്തുന്നവര്‍ മത്സരത്തില്‍ നിന്നും പുറത്താവും. മറ്റ് 16 ടീമുകള്‍ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും. 

വള്ളംകളിയുടെ മൂന്നാം ഹീറ്റ്‌സ് മത്സരങ്ങളും ഏറെ വാശിയേറിയതാവും. കുമരകം, മന്പുഴക്കരി, ആയാപറന്പ്, പുളിങ്കുന്ന് എന്നീ ടീമുകളാണ് മൂന്നാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടുന്നത്. 

കുമരകം വള്ളം തുഴയാനെത്തുന്നത് ഇടുക്കി ജില്ലാ സംഗമത്തിന്റെ അമരക്കാരന്‍ പീറ്റര്‍ താണോലില്‍ നേതൃത്വം നല്‍കുന്ന കരുത്തരായ ഇടുക്കി ബോട്ട് ക്ലബ് ആണ്. മന്പുഴക്കരി വള്ളം തുഴയാനെത്തുന്നത് ജോസ് കാറ്റാടി നേതൃത്വം നല്‍കുന്ന എസക്‌സിലെ ബാസില്‍ഡണ്‍ ബോട്ട് ക്ലബ് ആണ്. ചന്പക്കുളം മൂലം വള്ളംകളിയില്‍ ജേതാക്കളായ പ്രശസ്തമായ ആയാപറന്പ് എന്ന പേരിലുള്ള വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് സജി ജോണ്‍ നേതൃത്വം നല്‍കുന്ന ഹേവാര്‍ഡ്‌സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത് ആണ്. പുളിങ്കുന്ന് വള്ളം തുഴയാനെത്തുന്നത് മാത്യു ചാക്കോ നേതൃത്വം നല്‍കുന്ന സ്‌കോട്‌ലന്റില്‍ നിന്നുള്ള മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌കോ ആണ്. 

ഹീറ്റ്‌സ് നാലില്‍ കനത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്. രാമങ്കരി, കാരിച്ചാല്‍, കൈപ്പുഴ, മങ്കൊന്പ് എന്നീ വള്ളങ്ങളാണ് നാലാം ഹീറ്റ്‌സില്‍ മാറ്റുരയ്ക്കാനെത്തുന്നത്. മിഡ് ലാന്റസിലെ സികെസിയുടെ ചുണക്കുട്ടികളാണ് രാമങ്കരി വള്ളം തുഴയാനെത്തുന്നത്. കവന്‍ട്രി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നീറ്റിലിറങ്ങുന്ന ടീമിന്റെ ക്യാപ്റ്റന്‍ സികെസി പ്രസിഡന്റ് കൂടിയായ ജോമോന്‍ ജേക്കബ് ആണ്. ചരിത്രപ്രസിദ്ധമായ കാരിച്ചാല്‍ വള്ളം തുഴയാനെത്തുന്നത് യുകെയില്‍ ചരിത്രം കുറിച്ചിട്ടുള്ള തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ ആണ്. വടംവലി മത്സരത്തില്‍ പേരെടുത്തിട്ടുള്ള ടീമാണ് തെമ്മാടീസ്. നോബി. കെ. ജോസിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന തെമ്മാടീസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കൈപ്പുഴ വള്ളം തുഴയാനെത്തുന്നത് കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ബോട്ട് ക്ലബ് ആണ്. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ജിബി ജോസഫ് ക്യാപ്റ്റനായിട്ടുള്ള ടീം, കുട്ടനാട് സ്വദേശികള്‍ ഉള്‍പ്പെടെ പരിചയസന്പന്നരെ ഉള്‍പ്പെടുത്തിയാണ് പോരാട്ടത്തിനെത്തുന്നത്. 
റോവിംഗ് കന്പക്കാരായ ഡോക്ടര്‍മാരും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ചേരുന്ന പ്രിയദര്‍ശിനി ബോട്ട് ക്ലബ് ആണ് മങ്കൊന്പ് വള്ളം തുഴയാനെത്തുന്നത്. ഡോ. വിമല്‍ കൃഷ്ണനാണ് ക്യാപ്റ്റന്‍. 

എല്ലാ ഹീറ്റ്‌സ് മത്സരങ്ങളിലും വീറും വാശിയും നിറഞ്ഞ കനത്ത പോരാട്ടമാകും നടക്കുവാന്‍ പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. ബോട്ട് ക്ലബുകള്‍ എല്ലാം തന്നെ പ്രാദേശിക തടാകങ്ങളിലും മറ്റുമായി പരിശീലനം പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ്. 

വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, റോജിമോന്‍ വര്‍ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക