Image

ആതുരാലയങ്ങളിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 62: ജോര്‍ജ് തുമ്പയില്‍)

Published on 23 July, 2017
ആതുരാലയങ്ങളിലെ ആടുജീവിതങ്ങള്‍ (പകല്‍ക്കിനാവ്- 62: ജോര്‍ജ് തുമ്പയില്‍)
നേഴ്‌സിങ് സമരം കേരളത്തിലായിരുന്നിട്ടു കൂടി, അമേരിക്കന്‍ മലയാളികള്‍ക്കിടയിലും അതു തരംഗമായി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പോലും പ്രശ്‌നത്തില്‍ ഇടപെട്ടു. തുച്ഛമായ വേതനം പറ്റി, അടിമകളെ പോലെ പണിയെടുക്കേണ്ടി വരുന്ന വിഭാഗത്തിന്റെ അവകാശത്തിനു വേണ്ടിയുള്ള സമരം ഇപ്പോള്‍ എന്തായാലും ഒത്തുതീര്‍ന്നിരിക്കുന്നു. അമേരിക്കയിലുള്ള വിവിധ നേഴ്‌സിങ് അസോസിയേഷനുകള്‍ പോലും ഇക്കാര്യത്തില്‍ ഒരുമിച്ചു നിന്നു. കേരളത്തിലെ നേഴ്‌സുമാരുടെ കാര്യത്തിലും നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും ഏറെക്കാലമായി ആശങ്കപ്പെട്ടിരുന്നവരാണ് അമേരിക്കന്‍ മലയാളി നേഴ്‌സിങ് സംഘടനകള്‍. അവര്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന അനുകമ്പാപൂര്‍ണ്ണമായ പിന്തുണ സമരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നു. സമരത്തിന് പിന്‍തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വരെ രംഗത്തെത്തി. സമരം വലിയ പ്രശ്‌നമാണെന്നും കേരള സര്‍ക്കാരിനു പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്നും മന്ത്രി പറഞ്ഞതോടെ സര്‍ക്കാര്‍ മുന്‍കൈയെടുക്കാന്‍ നിര്‍ബന്ധിതമായി. കോടതിയില്‍ നിന്നും ശാസന കേള്‍ക്കേണ്ടി വരുമെന്ന സ്ഥിതിയുണ്ടായി.

സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മടിച്ചതാണ് ഒരു തരത്തില്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കിയത്. കേരളത്തിലാകെ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോള്‍ ആശുപത്രികള്‍ അപ്പാടെ നിശ്ചലമാകുന്നത് നോക്കിനില്‍ക്കാനാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. എന്നിട്ടും ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ പോലും അവശ്യ സേവന പരിപാലന നിയമം (എസ്മ) വിവേചന രഹിതമായി പ്രയോഗിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്. പണിയെടുക്കുന്നവരുടെ കൂട്ടായ വിലപേശല്‍ അവകാശത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടുകയെന്നത് ഭൂഷണമല്ലെന്ന ഉപദേശവും സര്‍ക്കാരിനു തുണയായി. എസ്മ പ്രയോഗിക്കണമെന്നു കോടതി പറഞ്ഞതോടെ തടിയൂരാനാവില്ലെന്നു സര്‍ക്കാര്‍ മനസ്സിലാക്കിയപ്പോഴേക്കും നേഴ്‌സുമാര്‍ക്കൊപ്പം സമൂഹമൊന്നാകെ അണിനിരക്കാന്‍ തുടങ്ങിയിരുന്നു.

ഇതിനിടയില്‍, ആതുരശുശ്രൂഷ രംഗത്ത് സ്വകാര്യ മേഖലയില്‍ പലപ്പോഴും തുച്ഛമായ വേതനത്തിന് അടിമസമാനമായി ജോലിചെയ്യേണ്ടിവരുന്ന നഴ്‌സുമാരടക്കം ആശുപത്രി ജീവനക്കാരുടെ ദുരിതകഥകള്‍ കേരളീയ സമൂഹത്തില്‍ നിന്ന് അന്താരാഷ്ട്ര സമൂഹത്തിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. നവമാധ്യമങ്ങള്‍ ഇതു പരക്കെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആതുര ശുശ്രൂഷയുടെ പേരില്‍ ആരോഗ്യരംഗത്തെ കച്ചവടമാക്കി മാറ്റിയ ഒരുപറ്റം തൊഴിലുടമകളെ നിയമത്തിന്റെയും നീതിയുടെയും വഴിയില്‍ കൊണ്ടുവരാനുള്ള ശ്രമം ശക്തമായ ചെറുത്തുനില്‍പ്പിനെയാണ് നേരിടേണ്ടിവന്നത്.

സമൂഹത്തിനാകെ ഉത്തമ ബോധ്യമുള്ള ദൈന്യതയര്‍ഹിക്കുന്ന പ്രശ്‌നമാണ് നഴ്‌സുമാരുടെ സമരത്തിന് ആധാരമെന്നു കണ്ടതോടെ, മിനിമം കൂലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. ആതുര ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ അടിസ്ഥാനപരമായ സേവന വേതന വ്യവസ്ഥകള്‍ നിയമവിധേയമാക്കുക മാത്രമാണ് ഈ രംഗത്ത് കഴിഞ്ഞ കുറേയേറെക്കാലമായി നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിടാനുള്ള മാര്‍ഗം. വ്യക്തമായി നിര്‍വചിക്കപ്പെട്ട നിയമ വ്യവസ്ഥകള്‍ കൂടാതെ അതിവിപുലമായി വികസിച്ചുകഴിഞ്ഞിരിക്കുന്ന ഈ മേഖലയെ നിയന്ത്രിക്കാനാവില്ല. പൊതു ആരോഗ്യരംഗത്തോടൊപ്പമോ അതിലേറെയോ വികസിച്ചുകഴിഞ്ഞിരിക്കുന്ന സ്വകാര്യ ചികിത്സാ വ്യവസായത്തില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഇപ്പോഴും ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അത് ആധുനിക സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായോ ഈ മേഖലയിലെ ബിസിനസ് അന്തരീക്ഷവുമായോ പൊരുത്തപ്പെടുന്നതല്ല. ഇക്കാര്യത്തില്‍ സമരരംഗത്തുണ്ടായിരുന്ന നഴ്‌സുമാര്‍ ഉയര്‍ത്തിപ്പിടിച്ച സുപ്രിം കോടതി നിര്‍ദ്ദേശം പോലും പ്രശ്‌നത്തിനു ശാശ്വത പരിഹാരമായിരുന്നില്ല. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സംഘടിത ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയിലും വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ സവിശേഷതകളില്‍ ഒന്നായി ഹെല്‍ത്ത് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടാന്‍ നാം ശ്രമിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്തും ഈ മേഖലയെയും അതിലെ തൊഴിലവസരങ്ങളെയും നിയമാധിഷ്ഠിതമായി ക്രമീകരിക്കാനും നിയന്ത്രിക്കാനും സമഗ്ര നിയമനിര്‍മാണം കൂടിയെ തീരു. അതാണ് ഇപ്പോള്‍ സമരം തീര്‍ന്നപ്പോള്‍ ഇനി ഉണ്ടാവേണ്ടത്.

അത്യാധുനിക രോഗ നിര്‍ണയ സംവിധാനങ്ങളും അതി നൂതന ചികിത്സാ രീതികളും സ്വകാര്യ ആശുപത്രികളെ മത്സരത്തിലേക്ക് തള്ളിവിട്ട കേരളത്തില്‍, ബഹുനില കെട്ടിടങ്ങളും നക്ഷത്ര സൗകര്യങ്ങളും വിപുലപ്പെടുത്താന്‍ ചികിത്സാ ഫീസും അനുബന്ധ ചെലവുകളും പെരുപ്പിച്ച് വലിയൊരു തുക വസൂലാക്കുമ്പോള്‍ ജീവനക്കാരുടെ നിസഹായാവസ്ഥയും സഹനശേഷിയും മുതലെടുക്കപ്പെടുകയായിരുന്നു ഇതുവരെ. ഈ മേഖലയിലേക്ക് കോര്‍പറേറ്റ് ശക്തികള്‍കൂടി കടന്നുവന്നതോടെ തൊഴിലാളികള്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റാത്ത വിധം സ്ഥിതിഗതികള്‍ മാറി. ആതുരാലയങ്ങളിലെ ആടുജീവിതങ്ങള്‍ സമൂഹവും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിഷേധ ശബ്ദം ഉച്ചത്തിലായി. ഭരണകൂടങ്ങള്‍ക്കും തൊഴില്‍ നിയമങ്ങള്‍ക്കും അതുവരെയില്ലാത്ത ശ്രദ്ധ ഈമേഖലയിലേക്കും വേണ്ടിവന്നു.

തുടക്കത്തിലേ തന്നെ ഈ തൊഴിലാളി വിരുദ്ധതയെ നിലയ്ക്കുനിര്‍ത്താന്‍ നിയമത്തെ ഉപയോഗിക്കുന്നതില്‍ വീഴ്ചയുണ്ടായതാണ് കാര്യങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. ആശുപത്രി മേഖലയില്‍ ഇന്നും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. യാതൊരു തൊഴില്‍ സുരക്ഷയും ഈ വിഭാഗത്തിനില്ല. ഓരോ സ്ഥാപനത്തിനും അവരവര്‍ക്ക് തോന്നിയ വേതനം പ്രഖ്യാപിക്കാം. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാം. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു നേഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. സ്വകാര്യ ആശുപത്രി സംവിധാനം വ്യത്യസ്ത വകുപ്പുകളുടെ കീഴിലാക്കി നിലനിര്‍ത്തുന്നത് ആരോഗ്യകരമല്ല. മാന്യമായ കൂലി എന്നത് തൊഴിലാളിയുടെ സ്വപ്‌നം മാത്രമായി ഒതുങ്ങിക്കൂട. ആവശ്യമായ നിയമനിര്‍മാണത്തിന് വഴിയൊരുക്കണം. ഇപ്പോഴത്തെ നിര്‍ദ്ദേശമനുസരിച്ച് 20 ബെഡ്ഡില്‍ താഴെയുള്ള ആശുപത്രികളിലെ നഴ്‌സിങ് വിഭാഗത്തിലെ അടിസ്ഥാന ശമ്പളം 20,000 രൂപയില്‍ തൊട്ടുതാഴെ വരും. അഞ്ച് വര്‍ഷത്തിനപ്പുറത്തേക്ക് പുതിയൊരു ശമ്പള വര്‍ദ്ധനവിന് അവസരമില്ലെങ്കിലും പൊതുവെ കേരളത്തിലെ നഴ്‌സിങ് സമൂഹം ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു.

ആതുരസേവനരംഗത്തെ മാലാഖമാരായ നേഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാവില്ല. ഒരു തവണയെങ്കിലും ആശുപത്രി കിടക്കയില്‍ കഴിയേണ്ടി വന്നിട്ടുള്ളവര്‍ അവരെ സ്തുതിക്കുക തന്നെ ചെയ്യും. ഇപ്പോഴത്തെ ഈ നേട്ടത്തിനു വേണ്ടി അവരെ സമരം ചെയ്യാനിറക്കിയെന്നതാണ് കേരളം ചെയ്ത വലിയ അപരാധം. കാലം അതിനു മാപ്പു കൊടുക്കട്ടെ...
Join WhatsApp News
Vanakkaran 2017-07-23 23:57:22
Hallo, George Thumayil, here in your article for the Nurses victory or the enactment of the supreme court delclaration you put the blame on Pinarai Vijyan, where as Jose Kadapuram condradict and put he blaim on central Goverment  and praising Pnarai. Both quite opposit view, Both a kind of politicacally motivated view. I say it is Nurses victory only.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക