Image

കണ്ടതും കാണിച്ചതും കുറ്റം

സെബാസ്റ്റ്യന്‍ പോള്‍ Published on 03 March, 2012
കണ്ടതും കാണിച്ചതും കുറ്റം
കര്‍ണാടകയില്‍ മൂന്ന്‌ മന്ത്രിമാരുടെ രാജിക്ക്‌ കാരണമായ അശ്ലീല വീഡിയോ ദര്‍ശനത്തേക്കാള്‍ അശ്ലീലമായിരിക്കുന്നു അതേക്കുറിച്ച്‌ നടന്നുവരുന്ന അന്വേഷണം. കോണ്‍ഗ്രസും ജനതാദളും പിന്‍വാങ്ങിയതോടെ നാല്‌ ബി.ജെ.പി എം.എല്‍.എമാര്‍ മാത്രമാണ്‌ അന്വേഷണച്ചുമതലയുള്ള നിയമസഭാ സമിതിയിലുള്ളത്‌. സഭയില്‍ നടക്കുന്നത്‌ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന ബി.ജെ.പി മന്ത്രിമാരുടെ ദൃശ്യങ്ങള്‍ ചാനല്‍ കാമറകളാണ്‌ പിടിച്ചെടുത്ത്‌ പരസ്യമാക്കിയത്‌. മന്ത്രിമാരല്ല ഈ ഛായാഗ്രാഹകരാണ്‌ കുറ്റക്കാര്‍ എന്ന മട്ടിലാണ്‌ സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നത്‌. അരുതാത്തത്‌ കാണുകയും കാണിക്കുകയും ചെയ്‌തതെന്തിന്‌ എന്ന ചോദ്യമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ സമിതി ഉന്നയിക്കുന്നത്‌. സഭാനടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ നല്‍കപ്പെട്ട അനുവാദം ദുരുപയോഗപ്പെടുത്തി അശ്ലീലരംഗങ്ങള്‍ പകര്‍ത്തിയതെന്തിന്‌? ഉത്തരം തൃപ്‌തികരമല്ലെങ്കില്‍ സഭാനടപടികള്‍ ചിത്രീകരിക്കുന്നതിന്‌ സ്വകാര്യ ചാനലുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന അനുവാദം പിന്‍വലിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌.

വികൃതി കാണിക്കുന്നവരെ പുറത്തുനിര്‍ത്തുകയെന്ന ക്‌ളാസ്‌ റൂം തന്ത്രത്തില്‍ മാതൃകയായത്‌ കേരള നിയമസഭയാണ്‌. ഹിതകരമല്ലാത്ത വാര്‍ത്തകളെഴുതി അനഭിമതനായ ആര്‍.എസ്‌. ബാബുവിന്‌ നല്‍കിയ പ്രസ്‌ പാസ്‌ പിന്‍വലിച്ചുകൊണ്ടാണ്‌ വക്കം പുരുഷോത്തമന്‍ മാതൃകയായത്‌. ഏറെ വൈകാതെ ബാബു അകത്തും വക്കം പുറത്തുമായത്‌ ഇരുവരുടെയും തൊഴിലിന്റെ പ്രത്യേകത നിമിത്തമാണ്‌. സഭയിലേക്കുള്ള പ്രവേശം ശിക്ഷയുടെ ഭാഗമായി നിഷേധിക്കുന്നതിനുള്ള അധികാരം സഭക്കുണ്ട്‌. അവകാശലംഘനത്തിന്റെ പേരിലാണ്‌ ഈ ശിക്ഷയുണ്ടാകുന്നത്‌. നല്‍കപ്പെട്ടത്‌ തിരിച്ചെടുക്കാവുന്നതാണ്‌ എന്ന ലളിതമായ തത്ത്വമാണ്‌ ഇതിനു പിന്നിലുള്ളത്‌.

ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ എന്ന്‌ ആദരവോടെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ആദ്യകാലത്ത്‌ പത്രലേഖകര്‍ക്ക്‌ പ്രവേശമില്ലായിരുന്നു. രാജാവിനെതിരെ പാര്‍ലമെന്റ്‌ സ്വയം ശക്തിയാര്‍ജിക്കുന്ന കാലമായിരുന്നു അത്‌. അംഗങ്ങള്‍ അല്ലാത്തവര്‍ സഭയില്‍ കടക്കുന്നത്‌ അപകടമാണെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ കരുതലുണ്ടായത്‌. പാര്‍ലമെന്റില്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ രാജാവിനെ അറിയിക്കും. അതിനുവേണ്ടി രാജാവിനോട്‌ സംസാരിക്കാന്‍ നിയോഗിക്കപ്പെടുന്ന അംഗത്തെയാണ്‌ സ്‌പീക്കര്‍ എന്നു വിളിച്ചിരുന്നത്‌. പത്രലേഖകര്‍ സേവകരുടെ വേഷത്തില്‍ കയറിപ്പറ്റിയാണ്‌ കാര്യങ്ങള്‍ അറിഞ്ഞിരുന്നത്‌. അറിഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തവര്‍ ശിക്ഷിക്കപ്പെട്ടു. ത്യാഗപൂര്‍ണമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ്‌ പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ്ങിന്റെ പ്രയോജനവും സാധ്യതകളും തിരിച്ചറിയപ്പെട്ടത്‌. ജോണ്‍ വില്‍ക്‌സ്‌ എന്ന എം.പിയുടെ ജയില്‍വാസത്തോളമെത്തിയ പോരാട്ടത്തിന്‌ ജനങ്ങളുടെകൂടി പിന്തുണ ലഭിച്ചപ്പോഴാണ്‌ പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ്ങിന്‌ അനുവാദമുണ്ടായത്‌.

1771ലായിരുന്നു വില്‍ക്‌സിന്റെ അറസ്റ്റ്‌. അകത്തു നടക്കുന്നത്‌ അറിയുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ അടിസ്ഥാനമാക്കിയായിരുന്നു വില്‍ക്‌സിന്റെ പോരാട്ടം.?

ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്രൃത്തെക്കുറിച്ച്‌ പ്രത്യക്ഷമായ പരാമര്‍ശമില്ലെങ്കിലും പാര്‍ലമെന്ററി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്രൃം അംഗീകരിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥക്കു ശേഷമുണ്ടായ ഭേദഗതിയിലൂടെയാണ്‌ ഈ സംരക്ഷണമുണ്ടായത്‌. സഭാനടപടികളുടെ സാരാംശത്തില്‍ ശരിയായ ആഖ്യാനമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ദുരുദ്ദേശ്യം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ സിവിലോ ക്രിമിനലോ ആയ നടപടിക്ക്‌ വിധേയരാക്കാന്‍ കഴിയില്ല. രേഖയില്‍ ഇല്ലാത്തത്‌ നടപടികളുടെ ഭാഗമല്ല. സ്‌പീക്കര്‍ രേഖയില്‍നിന്ന്‌ നീക്കംചെയ്യുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാടില്ല. തത്സമയ സംപ്രേഷണത്തില്‍ ഈ തത്ത്വം അപ്രസക്തമാകുന്നു. തത്സമയം കണ്ടതും കേട്ടതും പിന്നീട്‌ നീക്കംചെയ്യുന്നതില്‍ അര്‍ഥമില്ല. ഗാലറിയിലെ സന്ദര്‍ശകര്‍ക്കൊപ്പം പ്രേക്ഷകരും സഭാനടപടികള്‍ തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ലോക്‌സഭയില്‍ ബി.ജെ.പി എം.പിമാര്‍ കറന്‍സി കെട്ടുകള്‍ ചുടുകട്ടകള്‍പോലെ നിരത്തുന്നത്‌ ജനങ്ങള്‍ ടെലിവിഷനില്‍ കണ്ടു. സഭയിലെ കോലാഹലങ്ങളും ജനങ്ങള്‍ കാണുന്നുണ്ട്‌. സഭയില്‍ അരുതാത്തത്‌ നടക്കുമ്പോള്‍ കാമറ സ്‌പീക്കറുടെ മുഖത്തേക്ക്‌ തിരിച്ചുവെക്കണമെന്നാണ്‌ നിര്‍ദേശം.? ഗാലറിയിലിരുന്ന്‌ താഴേക്കു നോക്കിയാല്‍ അരുതാത്തത്‌ പലതും കാണും. കാമറയുടെ വകതിരിവില്ലായ്‌മ താഴെയിരിക്കുന്ന അംഗങ്ങള്‍ അറിയുന്നില്ല. അങ്ങനെയാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രതിനിര്‍വൃതി ജനങ്ങള്‍ അറിഞ്ഞത്‌. സഭയിലിരുന്ന്‌ പത്രം വായിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്‌ പ്രത്യേകം പറയേണ്ട കാര്യമില്ല. ഈ സാഹചര്യത്തിലാണ്‌ മൊബൈല്‍ ഫോണിന്റെ സഭേതരവും സഭ്യേതരവുമായ ഉപയോഗസാധ്യതകള്‍ മന്ത്രിമാര്‍ കണ്ടെത്തിയത്‌. പക്ഷേ, അത്‌ സഭാനടപടികളുടെ ഭാഗമല്ലാത്തതിനാല്‍ ഭരണഘടനയുടെ പരിരക്ഷയോടെ കാമറകള്‍ക്ക്‌ പകര്‍ത്താനും പരസ്യമാക്കാനും കഴിയുമോ? കര്‍ണാടകയിലെ സഭാസമിതി മാധ്യമപ്രവര്‍ത്തകരോട്‌ ചോദിക്കുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ സഭാനടപടികള്‍ക്ക്‌ പുനര്‍നിര്‍വചനം ആവശ്യമായിരിക്കുന്നു.

അനുഛേദം 361 എ നല്‍കുന്ന സംരക്ഷണമാണ്‌ കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അവകാശപ്പെടാവുന്നത്‌. പക്ഷേ, അത്‌ നടപടികളുടെ ശരിയായ വിവരണം ആയിരിക്കണം. മന്ത്രിമാരുടെ വീഡിയോ വിനോദം സഭാനടപടികളുടെ ഭാഗമല്ലാത്തതിനാല്‍ ചാനല്‍ കാമറകള്‍ സംരക്ഷിതമേഖലക്കു പുറത്തായിരുന്നുവെന്ന്‌ വ്യാഖ്യാനിക്കാവുന്നതാണ്‌. വ്യാഖ്യാനം നാണക്കേടിന്‌ പ്രതിവിധിയല്ലെങ്കിലും മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന കൗതുകകരമായ ചില ഇടപെടലുകള്‍ക്ക്‌ കാരണമായിത്തീരും.

ഗവര്‍ണറുടെ കിടപ്പറയായാലും മന്ത്രിമാരുടെ മടിത്തട്ടായാലും അരുതാത്തതു കണ്ടെത്താനാണ്‌ കാമറകള്‍ക്കു താല്‍പര്യം. പണ്ടും ഇങ്ങനെ തന്നെയായിരുന്നു. കാമറ ഇല്ലാതിരുന്ന കാലത്തും സ്വദേശാഭിമാനി ഇക്കാര്യം നിര്‍വഹിച്ചിരുന്നു. അങ്ങനെയാണ്‌ രാജഗോപാലാചാരി ജാരഗോപാലാചാരിയായത്‌. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വകാര്യതയുടെ ലംഘനവും വിശ്വാസവഞ്ചനയും ന്യായീകരിക്കപ്പെടുന്നു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പിഴവുകള്‍ മാപ്പാക്കപ്പെടുമ്പോള്‍ കള്ളം പറയാത്ത കാമറക്ക്‌ പിഴവുകളില്ലെന്ന മട്ടിലാണ്‌ യുവമാധ്യമപ്രവര്‍ത്തകരുടെ പോക്ക്‌. അജ്ഞതയും ധാര്‍ഷ്ട്യവും കൂടിച്ചേര്‍ന്ന ഈ പോക്കിന്റെ പേരില്‍ എറണാകുളം പ്രസ്‌ ക്‌ളബ്‌ ഭാരവാഹികള്‍ക്ക്‌ നിര്‍വ്യാജം ഖേദിക്കേണ്ടിവന്നു. മീറ്റ്‌ ദ പ്രസ്‌ പരിപാടിയുടെ സമാപനത്തില്‍ ഓഫ്‌ ദ റെക്കോഡായി മുഖ്യമന്ത്രി ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ടെലിവിഷന്‍ കാമറകള്‍ ഓഫ്‌ ചെയ്യാതിരുന്നതാണ്‌ വിഷയം. ആവര്‍ത്തിച്ചു പറഞ്ഞിട്ടും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രി വര്‍ത്തമാനം അവസാനിപ്പിച്ച്‌ ഇറങ്ങിപ്പോയി.

മറവില്‍ ചെയ്യുന്നതും മറച്ചു വെക്കപ്പെടുന്നതുമാണ്‌ വാര്‍ത്ത. പക്ഷേ, അത്‌ കണ്ടെത്തുന്നതിലും ശേഖരിക്കുന്നതിലും പരസ്യപ്പെടുത്തുന്നതിലും ചില മര്യാദകളുണ്ട്‌. ആ മര്യാദകളെക്കുറിച്ചാണ്‌ ഈ പംക്തിയില്‍ കൂടക്കൂടെ എഴുതുന്നത്‌. ഓഫ്‌ ദ റെക്കോഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കഴിഞ്ഞയാഴ്‌ച എഴുതിയത്‌ എറണാകുളത്തെ ചാനല്‍ കാമറകള്‍ വായിച്ചിരുന്നെങ്കില്‍ പ്രസ്‌ ക്‌ളബ്‌ ഭാരവാഹികള്‍ക്ക്‌ വ്യസനിക്കേണ്ടി വരില്ലായിരുന്നു.

ഓഫ്‌ ദ റെക്കോഡായി കിട്ടുന്ന കാര്യങ്ങള്‍ തല്‍കാലം പരസ്യപ്പെടുത്താനാവില്ലെങ്കിലും എന്നെങ്കിലും അത്‌ നല്ല മുതല്‍ക്കൂട്ടാകും. മാധ്യമപ്രവര്‍ത്തകരുടെ തനിനിറം അറിയാനിടയായ ഉമ്മന്‍ചാണ്ടി ഇനിയങ്ങോട്ട്‌ ഓഫ്‌ ദ റെക്കോഡ്‌ ആകാതിരിക്കുന്നതാണ്‌ ഉത്തമം.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക