Image

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാഷ്ട്രീയ സംഭവ വിവരണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 24 July, 2017
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാഷ്ട്രീയ സംഭവ വിവരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാം പ്രസിഡന്റായി അവരോധിക്കപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആചാര്യനും അനുഭവ സമ്പന്നനുമായ അദ്ദേഹം വിദേശം, ധനകാര്യം, വ്യവസായം, പ്രതിരോധം വകുപ്പുകളില്‍ കേന്ദ്ര മന്ത്രിയായി തനതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കര്‍മ്മോന്മുഖനായി പ്രശസ്തിയുടെ കൊടുമുടികള്‍ നേടിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ ജൈത്രയാത്രകള്‍ നയിച്ചിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവായിരുന്ന 'മുഖര്‍ജി' പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരില്‍ പ്രമുഖനായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള പ്രവര്‍ത്തകനായി നീണ്ട ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ അദ്ദേഹം സേവനം ചെയ്തു. വെസ്റ്റ് ബംഗാളില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഇന്ത്യന്‍ പ്രസിഡന്റ് പദം വരെയുള്ള നേട്ടങ്ങള്‍ ഒരു ജൈത്ര യാത്ര തന്നെയായിരുന്നു. അഞ്ചു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുത്ത പ്രസിഡന്റ് മുഖര്‍ജി, കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുന്നതും പ്രതിപക്ഷ പാര്‍ട്ടി ഭരണം ഏറ്റെടുക്കുന്നതും ദൃക്‌സാക്ഷിയായിരുന്നു. രണ്ടുപ്രാവശ്യം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള മത്സരാര്‍ത്ഥിയായിരുന്നു. 2004ലും 2009ലും അദ്ദേഹത്തെ ലോകസഭയില്‍ തിരഞ്ഞെടുത്തിരുന്നു.

പ്രണബ് മുഖര്‍ജി 1935 ഡിസംബര്‍ പതിനൊന്നാം തിയതി വെസ്റ്റ് ബംഗാളിലെ ബിര്‍ബും ഡിസ്ട്രിക്റ്റില്‍ 'മിരതി' എന്ന ഗ്രാമത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റേത് ബ്രാഹ്മണ കുടുംബമായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായ ശ്രീ കാമദാ കിങ്കര്‍ മുക്കര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനായി പട പൊരുതിയിരുന്ന സ്വന്തം പിതാവില്‍ ആവേശഭരിതനായിട്ടായിരുന്നു വളര്‍ന്നത്. അദ്ദേഹത്തിന്‍റെ പിതാവും കോണ്‍ഗ്രസിലെ നീണ്ടകാല പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് പിതാവ് അനേക തവണകള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

സൂരിയിലുള്ള സൂരി വിദ്യാസാഗര്‍ കോളേജില്‍ നിന്ന് ചരിത്രവും രാഷ്ട്രീയ മീമാംസയും ഐച്ഛിക വിഷയങ്ങളായി എടുത്ത് എം എ ബിരുദങ്ങള്‍ നേടിയിരുന്നു. കല്‍ക്കട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദവും ലഭിച്ചു.പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിവിഷനില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായി കല്‍ക്കട്ടായില്‍ അദ്ദേഹം ഉദ്യോഗമാരംഭിച്ചു.1963ല്‍ വിജയ നാഗര്‍ കോളേജില്‍ രാഷ്ട്രീയ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. പിന്നീട് 'ദേശാര്‍ ഡാക്' (ങീവേലൃഹമിറ) എന്ന പത്രത്തില്‍ പത്രാധിപരായും ജോലി ചെയ്തു. സ്വന്തം പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ട് പിന്നീട് രാഷ്ട്രീയ ജീവിതമാരംഭിച്ചു.

1957 ജൂലൈ പതിമൂന്നാം തിയതി പ്രണബ് മുഖര്‍ജി 'സുവ്‌റ' മുക്കര്‍ജിയെ വിവാഹം ചെയ്തു. പത്തു വയസുവരെ 'സുവ്‌റ' വളര്‍ന്നത് ബംഗ്‌ളാദേശിലായിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. മകന്‍ 'അഭിജിത് മുക്കര്‍ജി' പാര്‍ലമെന്റ് അംഗമാണ്. മകള്‍ 'ഷര്‍മിസ്ത' ഇന്ത്യന്‍ നാഷണല്‍ പ്രവര്‍ത്തകയും 'കഥക്' നര്‍ത്തകിയുമാണ്. മുഖര്‍ജി ജനിച്ചു വളര്‍ന്ന സ്വന്തം ഗ്രാമമായ മീരതിയില്‍ ദുര്‍ഗ പൂജകളില്‍ പങ്കുകൊള്ളാറുണ്ട്. നാലു ദിവസങ്ങളോളം ദുര്‍ഗ്ഗപൂജയുടെ ആചാരങ്ങളില്‍ സംബന്ധിക്കുന്നു. ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ ജനങ്ങളുമായി ഇടപെഴുകാനുള്ള അവസരമായി ദുര്‍ഗ്ഗപൂജയെ അദ്ദേഹം കാണുന്നു. 2015 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്‍റെ ഭാര്യ 'സുഹ്‌റ' ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരിക്കുമ്പോള്‍ അവര്‍ക്ക് 74 വയസുണ്ടായിരുന്നു

1969ല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ രാജ്യസഭയില്‍ നോമിനേറ്റ് ചെയ്ത കാലം മുതല്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം എന്നും ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു. അവിടെനിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീമാചാര്യനായി വളര്‍ന്ന് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ഔദ്യോഗിക പദവികള്‍ അലങ്കരിച്ചു. മഹാനായ ഒരു പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം രാഷ്ട്രപതി ഭവനില്‍നിന്നും പടിയിറങ്ങിയത്. ആദ്യകാലങ്ങള്‍ മുതല്‍ ഇന്ദിരാഗാന്ധി മരിക്കുംവരെ മുഖര്‍ജി ഇന്ദിരയുടെ ആരാധകനായിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം അമൂല്യങ്ങളായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ ഇന്ദിരാ ഗാന്ധിയുടെ ക്യാബിനറ്റില്‍ വ്യവസായ സഹമന്ത്രിയായി നിയമിതനായി. 1975–77 കാലങ്ങളില്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു.

ഭരണഘടനയെക്കാള്‍ ഉപരിയായി അടിയന്തിരാവസ്ഥ കാലത്ത് ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം മുഖര്‍ജിയുടെ പേരിലുമുണ്ടായിരുന്നു. 1977ല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടപ്പോള്‍ പുതിയ ജനതാ പാര്‍ട്ടി നിയമിച്ച ഷാ കമ്മീഷന്‍ മുഖര്‍ജിയെ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. വീണ്ടും മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്തവിധം തിളങ്ങുന്ന ഒരു നേതാവായി ഉയര്‍ന്നു വന്നു. 1979ല്‍ രാജ്യസഭയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഡെപ്യുട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ രാജ്യസഭയുടെ നേതാവായും നിയമിച്ചു. 1982 മുതല്‍ 1984 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തു.

ധനകാര്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണങ്ങള്‍ രാജ്യതാല്പര്യങ്ങള്‍ക്ക് എക്കാലവും പ്രയോജനപ്രദമായിരുന്നു. സാമ്പത്തികമായുള്ള പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതുമൂലം ഐ.എം.എഫ്‌നു അടയ്ക്കാനുള്ള അവസാന ഇന്‍സ്റ്റാള്‍മെന്റ് വരെ ഇന്ത്യയ്ക്ക് കുടിശിഖയില്ലാതെ കൃത്യമായി അടയ്ക്കാന്‍ സാധിച്ചു. സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുടെ മൊത്തവരുമാനവും വര്‍ദ്ധിച്ചു. സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ ഇന്ദിരാ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു. മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി നിയമിക്കാനുള്ള ഓര്‍ഡര്‍ ഒപ്പിട്ടതും മുഖര്‍ജിയായിരുന്നു. മന്ത്രി സഭയിലെ ഏറ്റവും സീനിയര്‍ അംഗമെന്ന നിലയില്‍ പ്രധാന മന്ത്രിയുടെ അഭാവത്തില്‍ ക്യാബിനറ്റ് മീറ്റിംഗുകളില്‍ അദ്ധ്യക്ഷം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. സാമൂഹിക പദ്ധതികള്‍ക്കായി അനേക ഫണ്ടുകളും മന്ത്രിയെന്ന നിലയില്‍ അനുവദിച്ചിരുന്നു. ഗ്രാമീണ പദ്ധതികള്‍ക്കും ഫണ്ടുകള്‍ നല്‍കി ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായും പ്രവര്‍ത്തിച്ചിരുന്നു.

1984ല്‍ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ട ശേഷം അവരുടെ പിന്‍ഗാമിയായി മകന്‍ രാജീവ് ഗാന്ധിയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നല്‍കിയതില്‍ അസ്വസ്ഥനായ മുഖര്‍ജി കോണ്‍ഗ്രസ്സ് വിട്ടിരുന്നു. പരിചയ സമ്പന്നനല്ലാത്ത ഒരാളിനെ പ്രധാനമന്ത്രിയാക്കിയതില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. അതിനു ശേഷം പാര്‍ട്ടിയില്‍നിന്നു വേറിട്ട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. യാതൊരു പരിചയവുമില്ലാത്ത രാജീവ് ഗാന്ധി ആ സ്ഥാനത്തിന് അര്‍ഹനല്ലെന്നായിരുന്നു മുഖര്‍ജിയുടെ വാദം. പ്രധാനമന്ത്രിയാകാനുള്ള അധികാര വടംവലിയില്‍ മുഖര്‍ജിയുടെ കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ തെറിച്ചിരുന്നു. 'രാഷ്ട്രീയ സമാജ്‌വാദി' എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു.

രാജീവ് ഗാന്ധിയുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ 1989ല്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു.1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നരസിംഹ റാവു പ്രധാന മന്ത്രിയായി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി വീണ്ടും ഉയര്‍ച്ചയിലേയ്ക്ക് കുതിച്ചു. 1991 ല്‍ അദ്ദേഹത്തെ പ്ലാനിംഗ് കമ്മീഷന്റെ തലവനായി നിയമിച്ചു. 1995 മുതല്‍1996 വരെ അദ്ദേഹം റാവു മന്ത്രി സഭയിലെ ക്യാബിനറ്റ് റാങ്കോടെയുള്ള വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ ഇന്ത്യയുടെ സുപ്രധാനങ്ങളായ അനേക പോസ്റ്റുകള്‍ കൈകാര്യം ചെയ്തിരുന്നു. 1998ല്‍ മുഖര്‍ജി കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്നവനായ രാജ്യതന്ത്രജ്ഞന്‍ എന്ന നിലയില്‍ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിച്ചു. 2004ല്‍ കോണ്‍ഗ്രസ്സ് ഐക്യ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖര്‍ജിയെ പാര്‍ലിയമെന്റില്‍ സാമാജികനായി തിരഞ്ഞെടുത്തിരുന്നു. അന്നുമുതല്‍ മന്‍മോഹന്‍ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരില്‍ രണ്ടാമനായി ഭരണ നിര്‍വഹണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

2004 മുതല്‍ 2006 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി ചുമതലകള്‍ വഹിച്ചിരുന്നു. ഒരിക്കല്‍ക്കൂടി 2006 മുതല്‍ 2009 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചു. പിന്നീട് 2009 മുതല്‍ 2012 വരെ ധനകാര്യ മന്ത്രിയായും സേവനം ചെയ്തു. 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി 2012 വരെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നേതാവുകൂടിയായിരുന്നു. നയതന്ത്ര രംഗങ്ങളിലും വിദേശകാര്യങ്ങളിലും അദ്ദേഹം പരിചയ സമ്പന്നമായ വ്യക്തിപ്രഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.എം എഫ്. ന്റെ ബോര്‍ഡ് ഗവര്‍ണ്ണര്‍മാരില്‍ ഒരാളായിരുന്നു. കൂടാതെ വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡെവലപ്പ്‌മെന്റ് എന്നീ ബാങ്കുകളുടെ ഭരണ സമിതികളിലും പ്രവര്‍ത്തിച്ചിരുന്നു. 1982,1983,1984 എന്നീ വര്‍ഷങ്ങളില്‍ കോമണ്‍ വെല്‍ത്ത് ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പ്രതിനിധികളെ നയിച്ചിരുന്നത് മുഖര്‍ജിയായിരുന്നു.

2012 ജൂണില്‍ പ്രണബ് മുഖര്‍ജിയെ ഇന്ത്യന്‍ പ്രസിഡന്റായി യു.പി.എ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. പ്രസിഡന്റായി മത്സരിക്കാന്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. പി.എ.സംഗമയെ പരാജയപ്പെടുത്തിക്കൊണ്ടു 2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു. 2013 ല്‍ ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്ന അനേക നിയമങ്ങളിലും ഉടമ്പടികളിലും ഒപ്പു വെച്ചു.

ഒരു ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നതും അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. ഒരു ഫയല്‍ പോലും അവിടെ കെട്ടി കിടന്നിട്ടില്ല. എല്ലാ ഫയലുകളും അതാത് സമയത്തുതന്നെ പരിശോധിച്ച് കൃത്യമായി തീരുമാനങ്ങള്‍ എടുത്തിരുന്നു. ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോഴും അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി സമഗ്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. എന്ത് തീരുമാനം എടുത്താലും ഭരണഘടനയുടെ നിയമത്തിനുള്ളില്‍ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ഭരണഘടനയ്ക്ക് യോജിച്ചതല്ലെങ്കില്‍ അദ്ദേഹം ഗൗനിക്കുമായിരുന്നില്ല. അക്കാര്യത്തില്‍ ആരെയും വകവെക്കാത്ത ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നും വിട്ടുവീഴ്ചയില്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുമായിരുന്നു. എങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തെ ഒരു പിതാവിന്റെ സ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്തു.

ഇന്ദിരാ ഗാന്ധി അദ്ദേഹത്തിന്‍റെ മാനസിക നേതാവായിരുന്നെങ്കിലും നെഹ്‌റുവിനെ അദ്ദേഹം ആരാധ്യനായും കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് വളരെ കൃത്യനിഷ്ഠയോടെയും ഇന്ത്യയുടെ മറ്റേത് പസിഡണ്ടുമാരുടെ കാലത്തേക്കാളും ഉത്തരവാദിത്വങ്ങളോടെയും ഭരണ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. രാഷ്ട്രീയത്തിലായാലും സാമൂഹിക തലങ്ങളിലായാലും എന്തുതന്നെ പ്രശ്‌നങ്ങളായാലും അതിനെല്ലാം പരിഹാരം കാണുവാന്‍ അദ്ദേഹത്തിന് അസാമാന്യമായ കഴിവുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കുത്തഴിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലും എന്നും നേതൃത്വം കൊടുത്തിരുന്നു.

അദ്ദേഹത്തിന്‍റെ ഭരണകാലത്തില്‍ രാഷ്ട്രപതി ഭവന്‍ നവീകരിക്കാനും അതിന്റെ പൂര്‍വകാല ഗാംഭീര്യം വീണ്ടെടുക്കാനും സാധിച്ചു. പൊതു ജനങ്ങള്‍ക്കും ഉപകാരപ്രദമാകത്തക്ക വണ്ണം ഒരു മ്യൂസിയവും സ്ഥാപിച്ചു. രാഷ്ട്രപതി ഭവനിലെ പൗരാണിക കാലം മുതലുണ്ടായിരുന്ന പഴയ കലാരൂപങ്ങള്‍ മുഴുവനായും നവീകരിച്ചു. അങ്ങനെ അതിന്റെ പഴങ്കാല മഹിമ പുനഃസ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും സര്‍വ്വവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. അവരെ പ്രസിഡന്റ് ഹൌസില്‍ താമസിപ്പിച്ചുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളെ ബോധവല്‍ക്കരിക്കുന്ന ക്ലാസ്സുകളും കൊടുത്തിരുന്നു. കലാമൂല്യങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു. 'അമിതാവ് ഘോഷ്' എന്ന എഴുത്തുകാരന്‍ മുതല്‍ 'സുബോധ് ഗുപ്ത', 'ഭാര്‍തിഘര്‍' മുതലായ കലാകാരന്മാരും രാഷ്ട്രപതി ഭവനില്‍ താമസിച്ചിരുന്നു. രാഷ്ട്രപതിഭവനെ ജനകീയമാക്കിയ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി ഭവനിലെ താമസക്കാര്‍ക്കായി വായനശാലകളും തുടങ്ങി. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് രാഷ്ട്രപതി ഭവനും മുഗള്‍ ഗാര്‍ഡനും സന്ദര്‍ശിക്കാന്‍ അവസരങ്ങള്‍ നല്‍കിയത് അദ്ദേഹമാണ്. 340ല്‍പ്പരം മുറികളുള്ള രാഷ്ട്രപതി ഭവനിലെ ഉപയോഗിക്കാത്ത മുറികള്‍ അദ്ദേഹം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.

ദയാഹര്‍ജി കേസുകള്‍ ഏറ്റവുമധികം തള്ളിക്കളയുന്ന രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷകള്‍ വേണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. തൂക്കിക്കൊലയ്ക്ക് വിധിക്കുന്നവര്‍ക്ക് ദയാഹര്‍ജി പരിഗണിക്കാന്‍ പലപ്പോഴും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. തന്റെ പദവി ഒഴിയുംമുമ്പ് കുറ്റക്കാരായി വിധിക്കപ്പെട്ട അഞ്ചുപേരുടെ ദയാഹര്‍ജികള്‍കൂടി തള്ളിക്കളഞ്ഞിരുന്നു. നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരുടെയും 22വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ രണ്ടുപേരുടെയും ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. ആഭ്യന്തര മന്ത്രിയാലയത്തില്‍ നിന്ന് ശക്തമായ ശുപാര്‍ശയുണ്ടായിട്ടും അദ്ദേഹം ദയാഹര്‍ജി സ്വീകരിച്ചില്ല. പാര്‍ലമെന്റ് ആക്രമിച്ച അപ്‌സല്‍ ഗുരുവിന്റെയും മുബൈ ഭീകര ആക്രമണ കേസ് പ്രതി അജ്മല് കസബിന്റെയും ദയാ ഹര്‍ജികള്‍ ഉള്‍പ്പടെ മുപ്പതില്‍പ്പരം ഹര്‍ജികളാണ് അദ്ദേഹം തള്ളി കളഞ്ഞത്.

ഇന്ത്യയുടെ പ്രസിഡന്റെന്ന നിലയില്‍ ഇരുന്നൂറില്‍പ്പരം ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി ഭവനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയൊരു ബംഗാളാവാണ് രാഷ്ട്രപതി ഭവനം. ഇനി അബുദുള്‍ക്കലാം 2015ല്‍ മരിക്കുന്നവരെ താമസിച്ച ചെറു ഭവനത്തിലേക്ക് താമസം മാറ്റേണ്ടതായുണ്ട്. അതോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങള്‍ വരുത്തണം. ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് കാറും ഉപേക്ഷിക്കണം. നിലവിലുള്ള ആര്‍ഭാടങ്ങളെല്ലാം വെട്ടിക്കുറയ്ക്കണം. ചെല്ലുന്നേടത്തെല്ലാം പട്ടു പരവതാനികള്‍ വിരിച്ചെന്നിരിക്കില്ല. രാഷ്ട്രത്തലവന്മാരോടൊപ്പം സീറ്റുകളുണ്ടായിരിക്കില്ല.

ഇന്ത്യയുടെ വിരമിച്ച പ്രസിഡന്റെന്ന നിലയിലും ചില ആനുകൂല്യങ്ങള്‍ തുടര്‍ന്നും കിട്ടും. 1951ല്‍ പാസ്സാക്കിയ നിയമമനുസരിച്ച് വിരമിച്ച ഇന്ത്യന്‍ പ്രസിഡണ്ടുമാര്‍ക്ക് വാടകയില്ലാതെയുള്ള വീടുകള്‍ നല്കണമെന്നുണ്ട്. കൂടാതെ താമസിക്കുന്ന വീട്ടില്‍ മേശ, കസേര, കിടക്കകള്‍, മറ്റു വീട്ടുപകരണങ്ങള്‍ മുതലായവകള്‍ സജ്ജീകരിച്ചിരിക്കണം. ടെലഫോണുകള്‍, മോട്ടോര്‍ കാര്‍, ഇന്റര്‍നെറ്റ്, എന്നിവകളും സൗജന്യമായി നല്‍കണം. വീടിന്റെ മരാമത്ത് പണികളും സര്‍ക്കാര്‍ ചെലവില്‍ നടത്തി കൊടുക്കണം. സെക്രട്ടറിമാരുടെ ശമ്പളവും സര്‍ക്കാര്‍ നല്‍കണം. മുന്‍കാല പ്രസിഡണ്ടെന്ന നിലയില്‍ െ്രെപവറ്റ് സെക്രട്ടറി, സഹായിയായി മറ്റൊരു സെക്രട്ടറി, വ്യക്തിപരമായ ഒരു സഹായി, രണ്ടു പ്യൂണ്‍മാര്‍ എന്നിവര്‍ അടങ്ങിയ സ്റ്റാഫ് ഉണ്ടായിരിക്കും. അറുപതിനായിരം രൂപ വരെ ഒരു വര്‍ഷം ഓഫിസ് ചെലവുകളും അനുവദിച്ചിട്ടുണ്ട്. സൗജന്യമായ മെഡിക്കല്‍ ചെലവുകളും ചീകത്സകളും ലഭിക്കും. ഇന്ത്യയില്‍ എവിടെയും വിമാനത്തിലും ട്രെയിനിലും, കപ്പലിലും യാത്ര ചെയ്യുമ്പോള്‍ യാത്രക്കൊപ്പം മറ്റൊരാളെയും ഒന്നാം ക്ലാസ് ടിക്കറ്റില്‍ കൊണ്ടുപോവാം. പ്രസിഡന്റായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ പകുതി കിട്ടും. മുന്‍കാല പ്രസിഡണ്ടിന്റെ അലവന്‍സ് മാസം എഴുപത്തി അയ്യായിരം രൂപയായിരിക്കും. 2008 വരെ പ്രസിഡണ്ടിന്റെ ശമ്പളം അമ്പതിനായിരം ആയിരുന്നത് മാസം ഒന്നര ലക്ഷമാക്കിയിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അടിയുറച്ച ഒരു രാഷ്ട്രീയക്കാരനായിട്ടും യാതൊരു പക്ഷാപാതവുമില്ലാതെ ഭരണഘടനയനുസരിച്ചു മാത്രം രാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി രാഷ്ട്രപതിഭവനില്‍ നിന്നും അദ്ദേഹം പടിയിറങ്ങി. ജനാധിപത്യത്തോടും ഭരണഘടനയോടും കൂറു പുലര്‍ത്തിയിരുന്ന നീതിമാനായ ഒരു ഭരണാധികാരിയായിട്ടായിരിക്കും ഭാവി തലമുറകള്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രപതി കാലങ്ങളെ വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്രപതിയെന്ന നിലയിലും കറയില്ലാത്ത സംശുദ്ധമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. യു.പി.എ സര്‍ക്കാര്‍ പല കാലഘട്ടങ്ങളിലും അഴിമതിയാരോപണങ്ങളില്‍ ആടിയുലഞ്ഞപ്പോഴും ധനകാര്യ മന്ത്രിയെന്ന നിലയില്‍ ശുദ്ധമായ ഒരു രാഷ്ട്രീയ അന്തസ്സ് അദ്ദേഹം പുലര്‍ത്തിയിരുന്നു. തന്റെ രാഷ്ട്രീയ കക്ഷി ഭരിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ കാലങ്ങളിലും വ്യത്യസ്തമായ പ്രത്യേയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഭരിച്ചപ്പോഴും അദ്ദേഹത്തിന്റ നീതിപൂര്‍വമായ കാര്യ നിര്‍വഹണങ്ങള്‍ക്കും ശൈലികള്‍ക്കും യാതൊരു മാറ്റങ്ങളും വന്നിട്ടുണ്ടായിരുന്നില്ല. അനാവശ്യമായി പ്രതിപക്ഷങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുമ്പോള്‍ സ്വന്തം പാര്‍ട്ടിയാണെങ്കിലും അവരെ കര്‍ശനമായി ശാസിച്ചിരുന്നു.

പ്രണബ് മുഖര്‍ജി വിജ്ഞാനപ്രദങ്ങളായ അനേക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.നല്ലയൊരു വാഗ്മിയും എഴുത്തുകാരനുമാണ്.1987ലെ ഓഫ് ദി ട്രാക്ക് (ഛളള വേല ഠൃമരസ’), 1992ല്‍ രചിച്ച സാഗ ഓഫ് സ്ട്രഗിള്‍ ആന്‍ഡ് സാക്രിഫൈസ് (‘ടമഴമ ീള ടേൃൗഴഴഹല മിറ ടമരൃശളശരല’ 1992), ദി ഡ്രമാറ്റിക്ക് ഡീക്കേഡ് (ഠവല ഉൃമാമശേര ഉലരമറല) ചലഞ്ചസ് ബിഫോര്‍ ദി നേഷന്‍ (‘ഇവമഹഹലിഴല െയലളീൃല വേല ചമശേീി’) ദി ഡേയ്‌സ് ഓഫ് ഇന്ദിര ഗാന്ധി യീയേഴ്‌സ് (ഠവല ഉമ്യ െഛള കിറശൃമ ഏമിറവശ ്യലമൃ’െ (2014) ഏന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍പ്പെട്ടതാണ്.

പ്രസിഡന്റ് പദം ഒഴിയുന്നതിനു മുമ്പ് പ്രണാം മുഖര്‍ജിയുടെ പ്രസംഗം ആരെയും വൈകാരികമായി ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു, "ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി പദം ഞാന്‍ ഒഴിയും. എനിക്കുള്ള എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും അന്ന് അവസാനിക്കും. അതിനു ശേഷം ഈ രാജ്യത്തിലെ കോടാനുകോടി ജനങ്ങളോടൊപ്പം ഞാനും ഒരു സാധാരണ പൗരനായിരിക്കും." തന്റെ ജീവിതത്തിലെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും കാരണം അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങളും സഹകരണവും എന്നുമുണ്ടായിരുന്ന കാര്യവും മുഖര്‍ജി വിടവാങ്ങല്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു.

നോട്ടുനിരോധനം നടത്തിയപ്പോള്‍ അത് ജനങ്ങളെ സാരമായി ബാധിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖര്‍ജി മുന്നറിയിപ്പു കൊടുത്തിരുന്നു. ദളിതരുടെ പേരിലുള്ള ആക്രമങ്ങളിലും ഗോഹിത്യയില്‍ നടന്ന മനുഷ്യക്കുരുതിയിലും അതൃപ്തനായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അവര്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പല വേദികളിലും ഇരുവരും പരസ്പ്പരം പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു. പ്രധാന മന്ത്രിയായി ചുമതലയെടുത്ത നാളുമുതല്‍ മോദിജി അദ്ദേഹത്തെ തന്റെ ഗുരു സ്ഥാനത്തു കണ്ടിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ പലപ്പോഴും തന്നെ സഹായിച്ചിരുന്ന കാര്യവും മോദിജി അനുസ്മരിച്ചു. സജീവ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചശേഷം പ്രസിഡന്റ് പദവിയില്‍ വന്നെത്തി വീണ്ടും വിരമിക്കുന്ന അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോവാന്‍ സാധ്യതയില്ല. എങ്കിലും നാഥനില്ലാത്ത അധപധിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്‍റെ നേതൃത്വം കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

'സ്വയം നീതികരണത്തെക്കാളും സ്വയം തെറ്റുകള്‍ തിരുത്തുകയെന്ന ഇന്ദിര ഗാന്ധിയുടെ ആപ്ത വാക്യം' പാര്‍ലമെന്റ് നല്‍കിയ യാത്രയയപ്പു വേളയില്‍ മുഖര്‍ജി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വര്‍ത്തമാന കാലത്തിലെ അസമത്വങ്ങളും പകപോക്കലുകളും അഴിമതികളും കുതികാല്‍ വെട്ടുകളും നടമാടുന്ന രാഷ്ട്രീയ ചരിത്രത്തില്‍ പാകതയും സത്യസന്ധതയും കര്‍മ്മ നിരതനുമായിരുന്ന ഒരു പ്രസിഡന്റാണ് രാഷ്ട്രപതി ഭവനില്‍ നിന്നും പടിയിറങ്ങിയത്. പക്ഷാപാത രഹിതവും കര്‍മ്മോന്മുഖവുമായ ഒരു ജീവിതം നയിച്ച പ്രണബ് മുഖര്‍ജിയെന്ന രാഷ്ട്രപതി കോടാനുകോടി ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കളങ്കമറ്റ ഒരു നേതാവെന്ന നിലയില്‍ ചരിത്രത്തില്‍ അതുല്യ സ്ഥാനവും കൈവരിച്ചു കഴിഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാഷ്ട്രീയ സംഭവ വിവരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക