Image

ഇടത്‌ ഐക്യത്തിന്റെ അകത്തളത്തിലേക്ക്‌

Published on 03 March, 2012
ഇടത്‌ ഐക്യത്തിന്റെ അകത്തളത്തിലേക്ക്‌
യു.ഡി.എഫ്‌ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികയ്‌ക്കില്ലെന്ന്‌ ഇടതുപാര്‍ട്ടികള്‍ മനപ്പായസമുണ്ണുന്നുണ്ടെങ്കില്‍ അതില്‍ തെറ്റു പറയാനൊക്കില്ല. നിലവില്‍ കാണുന്ന സാഹചര്യങ്ങള്‍ വെച്ച്‌ ആസന്ന ഭാവിയില്‍ ഈ സര്‍ക്കാര്‍ താഴെപ്പോകുമെന്ന്‌ ആരെങ്കിലുമൊക്കെ കവടിനിരത്തി പറഞ്ഞാല്‍ കുറച്ചു പേരെങ്കിലും വിശ്വസിക്കുകയും ചെയ്യും. പിണറായി വിജയനും, സി.കെ ചന്ദ്രപ്പനും തീര്‍ച്ചയായും അങ്ങനെ വിശ്വസിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ തറവേലകള്‍ കാട്ടി തങ്ങള്‍ ഈ സര്‍ക്കാരിനെ താഴെയിറക്കില്ല എന്ന്‌ വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുന്നത്‌. പറയുന്നത്‌ മറ്റാരുമല്ലല്ലോ ഇടതുപാര്‍ട്ടികളെ നിയന്ത്രിക്കുന്ന കരുത്തന്‍മാര്‍. പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന്‌ ചോദിച്ചാല്‍, തങ്ങള്‍ തറവേല കാണിച്ചില്ലെങ്കിലും ഈ സര്‍ക്കാര്‍ കാലം തികയ്‌ക്കില്ല എന്ന്‌ പിണറായിയും സി.കെ ചന്ദ്രപ്പനും അര്‍ഥ ശങ്കകള്‍ക്കിടയില്ലാതെ വ്യക്തമാക്കും. സമരച്ചൂടില്‍ സര്‍ക്കാര്‍ ഉരുകിയൊലിച്ച്‌ ഇല്ലാതെയാകും എന്നൊക്കെയാണ്‌ പിണറായി സഖാവ്‌ കൊട്ടിഘോഷിക്കുന്നത്‌.

പക്ഷെ യു.ഡി.എഫിനെ താഴെയിറക്കണമെങ്കില്‍ ഇടതുപക്ഷം ഒരുമിച്ചു നില്‍ക്കണ്ടേ എന്നാണ്‌ ജനങ്ങളുടെ സംശയം. പിറവം തിരഞ്ഞെടുപ്പിലെ കൂട്ടായ്‌മ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ ഇടതു പാര്‍ട്ടികള്‍ എത്രത്തോളം അടുപ്പത്തിലാണ്‌ എന്നത്‌ ഊഹിക്കാവുന്നതേയുള്ളു. ഒരേ ദിവസങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയതു പോലും ആശയവിനിമയത്തിലെ അപാകതയാണെന്ന്‌ പലരും പറയുന്നു. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന സമ്മേളന ദിവസങ്ങള്‍ പോലും പരസ്‌പരം അറിയിക്കാത്ത അത്ര അകലത്തിലാണോ മുന്നണിയിലെ പ്രധാന കക്ഷികള്‍ എന്ന്‌ ന്യായമായും സംശയം തോന്നാം. നാളുകളായി മുന്നണിയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്‌ ഇരുപാര്‍ട്ടി നേതാക്കന്‍മാരുടെയും പരസ്‌പരമുള്ള വാക്‌പോരിലൂടെ പുറത്തു വന്നത്‌.

വാചകമേള മുറുകി വന്നപ്പോള്‍ വേണമെങ്കില്‍ ബ്രേയ്‌ക്ക്‌ അപ്‌ എന്നു വരെ പ്രഖ്യാപിച്ചു കളഞ്ഞവരാണ്‌ സി.പി.ഐ.. പോയാല്‍ താനൊക്കെ എവിടെ വരെ പോകും എന്ന്‌ കളിയാക്കിക്കൊണ്ട്‌ സി.പി.എം മറുപടി നല്‍കുകയും ചെയ്‌തു. നിലവില്‍ രണ്ടു കക്ഷികളും സമ്മേളന മാമാങ്കത്തിനു ശേഷം അല്‌പം പോലും രസത്തിലല്ല എന്നത്‌ അവരേക്കാള്‍ നന്നായി യു.എഡി.എഫിനറിയാം.

പിറവം ഉപതിരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ഇടക്കാല വെടിനിര്‍ത്തല്‍ ധാരണയിലുണ്ടെങ്കിലും സി.പി.എമ്മും സി.പിഐയും തമ്മില്‍ ഒരു വലിയ വടംവലിക്ക്‌ സാധ്യത കേരളത്തിലെ ഇടതു രാഷ്‌ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നുണ്ട്‌. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാവിയും പിറവം ഉപതിരഞ്ഞെടുപ്പുമായി തന്നെ ബന്ധപ്പെട്ടാണ്‌ നില്‍ക്കുന്നത്‌ എന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞിടത്തു നിന്നും ആരംഭിക്കാം. പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ പരാജയപ്പെട്ടാല്‍ പിന്നെ ഒരു എം.എല്‍.എയുടെ ഭൂരിപക്ഷത്തിലാവും സര്‍ക്കാര്‍ ഭരണത്തിലിരിക്കുക. ഒരു കൂട്ടു മുന്നണി സര്‍ക്കാരിന്‌ എത്രകാലം ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന്‌ സി.പി.ഐ ചോദിക്കുന്നു. സ്വാഭാവികമായും തങ്ങള്‍ ഒരു തിരഞ്ഞെടുപ്പ്‌ പ്രതീക്ഷിക്കുന്നുണ്ട്‌ എന്നു തന്നെയാണ്‌ ഇതിലൂടെ സി.കെ ചന്ദ്രപ്പന്‍ വ്യക്തമാക്കുന്നത്‌. ഇവിടെയാണ്‌ വീണ്ടും ജനങ്ങളെ നേരിടാനിറങ്ങേണ്ട സാഹചര്യം ആസന്ന ഭാവിയില്‍ വന്നാല്‍ ഇടതുമുന്നണിക്കുള്ളിലെ രാഷ്‌ട്രീയ തന്ത്രങ്ങള്‍ ഇനി എങ്ങനെ മുമ്പോട്ടുകൊണ്ടു പോകണമെന്ന്‌ സി.പി.ഐ കാലേക്കൂട്ടി കണക്കുകൂട്ടുന്നത്‌.

സി.കെ ചന്ദ്രപ്പന്‍ ഡല്‍ഹി രാഷ്‌ട്രീയം വിട്ട്‌ സി.പി.ഐ കേരളാ ഘടകം സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തതോടെയാണ്‌ സി.പി.എമ്മിനോട്‌ നേരിട്ട്‌ മുട്ടാന്‍ സി.പി.ഐക്ക്‌ പ്രാപ്‌തിയുണ്ടായത്‌. അതിനു മുമ്പ്‌ സി.പി.ഐ എന്നു പറഞ്ഞാല്‍ സി.പി.എമ്മിന്റെ ആശ്രീത വല്‍ശ്രീതര്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു കുറെക്കാലം. വെളിയംഭാര്‍ഗവന്‍ പിണറായി വിജയന്‌ മുമ്പില്‍ ഉറക്കെ സംസാരിച്ചു പോലും ആരും കേട്ടിട്ടില്ല. ഇടതു മുന്നണി സംവിധാനം എന്നു വെച്ചാല്‍ സി.പി.എം പറയും, കുടെയുള്ളവര്‍ കേള്‍ക്കും എന്നതില്‍ കവിഞ്ഞ്‌ ഒന്നുമുണ്ടായിരുന്നില്ല. അത്‌ മടുത്താണ്‌ വിരേന്ദ്രകുമാറിനെപ്പോലെ ചിലരൊക്കെ പിണങ്ങിപ്പിരിഞ്ഞത്‌.

എന്നാലിന്ന്‌ പഴയതുപോലെയല്ല കാര്യങ്ങള്‍. സി.പി.ഐക്ക്‌ സ്വന്തമായ വ്യക്ത്വിത്വം ഉണ്ടെന്ന്‌ വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ഉറച്ച നിലപാടുകളുമാണ്‌ സി.കെ ചന്ദ്രപ്പന്റേത്‌. വേണ്ടി വന്നാല്‍ ബ്രേയ്‌ക്കപ്പ്‌ എന്നുവരെ പറയാന്‍ സി.കെ ചന്ദ്രപ്പന്‌ കഴിഞ്ഞത്‌ സി.പി.ഐ അണികളെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയത്‌. ഇവിടെയാണ്‌ ചില കടുത്ത അഭിപ്രായ ഭിന്നതകള്‍ സി.പി.എമ്മിനും സി.പി.ഐക്കും ഇടയില്‍ നിലനില്‍ക്കുന്നതിനെ ഇടതു ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നം എന്നതിലുപരിയായി നോക്കി കാണേണ്ടത്‌.

പരസ്‌പര വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥിരം സംവിധാനമായി എല്‍.ഡി.എഫ്‌ നിലനില്‍ക്കുന്നില്ല എന്നതാണ്‌ സി.പി.ഐയുടെ പ്രധാന പരാതി. മനസുവെച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഇലക്ഷനില്‍ ഭരണം തങ്ങള്‍ക്കൊപ്പം നിര്‍ത്താമായിരുന്നുവെന്നും സി.പി.ഐ കരുതുന്നു. ഇവിടെയാണ്‌ വല്യേട്ടന്‍ മനോഭാവവും കൂട്ടുകക്ഷികളെ അവഗണിക്കുന്ന സ്വഭാവവും വെച്ചു പുലര്‍ത്തുന്ന സി.പി.എമ്മിനെ സി.പി.ഐ വിമര്‍ശിക്കുന്നത്‌.

കഴിഞ്ഞ ഇലക്ഷനില്‍ സി.പി.എമ്മിന്റെ അഞ്ചു സീറ്റുകള്‍ നഷ്‌ടപ്പെട്ടത്‌ മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ സി.പി.എമ്മിലാണ്‌ ആരോപിക്കുന്നത്‌. സി.പി.എമ്മിലെ വിഭാഗീയതയാണ്‌ മുന്നണിയുടെ വിജയത്തെ തകര്‍ത്തതെന്ന്‌ സി.പി.ഐ പറയുമ്പോള്‍ അതിന്‌ മറ്റൊരു തലം കൂടിയുണ്ട്‌. സി.പി.ഐയുടെ വി.എസ്‌ താത്‌പര്യമാണത്‌. സ്വന്തം പാര്‍ട്ടി കൈയ്യൊഴിഞ്ഞിട്ടും വി.എസ്‌ ഇപ്പോള്‍ താങ്ങും തണലുമാകുന്നത്‌ സി.പി.ഐ തന്നെയാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും ഭരണത്തില്‍ വന്നാല്‍ വി.എസ്‌ തന്നെ മുഖ്യമന്ത്രിയാകുമെന്ന ഭയം കൊണ്ട്‌ ഔദ്യോഗിക പക്ഷത്തെ ചിലരാണ്‌ ലഭിക്കേണ്ടിയിരുന്ന വിജയത്തിന്റെ വഴിമുടക്കിയത്‌ എന്ന്‌ സി.പി.ഐ പരോക്ഷമായി പറഞ്ഞു കഴിഞ്ഞു.

ഇവിടെ ഒരു കാര്യം വ്യക്തമാണ്‌. സി.പി.ഐ യുദ്ധമുഖം തുറന്നിരിക്കുന്നത്‌ സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിനെതിരെയാണ്‌. വി.എസിനോട്‌ സി.പി.ഐക്കുള്ള മൃദു സമീപനവുമുണ്ട്‌. പിണറായി വിജയന്‌ കുറിക്കുകൊള്ളുന്ന മറുപടി തന്നെ നല്‍കിക്കൊണ്ട്‌ മുമ്പോട്ടു പോകാന്‍ സി.പി.ഐ തീരുമാനിക്കുമ്പോള്‍, മുന്നണിക്കുള്ളില്‍ വ്യക്തമായ സ്ഥാനം ലഭിക്കുന്ന വിധത്തില്‍ ഇടതുമുന്നണിയെ പരിഷ്‌കരിക്കണമെന്ന്‌ സി.പി.ഐ ആവിശ്യപ്പെടുമ്പോള്‍ അത്‌ നിലവിലുള്ള മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനൊന്നും പോകുന്നില്ല മറിച്ച്‌ മുന്നണിക്കുള്ളില്‍ തന്നെ രണ്ട്‌ പ്രധാന പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വിത്യാസത്തിലും വാക്‌പോരട്ടത്തിലും കാലാശിക്കാന്‍ മാത്രമേ പോകുന്നുള്ളു എന്ന്‌ വ്യക്തം. സി.പി.എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്‌ ഇഷ്‌ടപ്പെടാത്ത സി.പി.ഐയുടെ അഭിപ്രായങ്ങളും വാദഗതികളും ഒരിക്കലും ഇടതു മുന്നണി സംവിധാനത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കില്ല.

എന്തായാലും ഇനി സി.പി.ഐയുടെ വ്യക്തിത്വം പണയം വെച്ചുള്ള ഒരു ഒത്തുതീര്‍പ്പിനുമില്ല എന്ന്‌ സി.കെ ചന്ദ്രപ്പന്‍ വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. മുന്നണിക്കുള്ളില്‍ തുല്യസ്ഥാനം എന്നത്‌ സി.പി.ഐയുടെ പ്രധാന ആവിശ്യമായി മാറുമ്പോള്‍ സി.പി.എം അത്‌ എത്രത്തോളം അംഗീകരിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം. പിറവം ഉപതിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ ഫലം എന്തായാലും ഇടതുപക്ഷ മുന്നണിക്കുള്ളില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതകള്‍ ഒട്ടും തള്ളിക്കളയാനാവില്ല. ഇനി പിറവത്ത്‌ തോല്‍വിയാണ്‌ എല്‍.ഡി.എഫിന്‌ നേരിടേണ്ടി വരുന്നതെങ്കില്‍ മുന്നണിക്കുള്ളിലെ പടലപ്പിണക്കത്തിന്‌ ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. എന്തായാലും പിറവം തിരഞ്ഞെടുപ്പ്‌ ഇടതു മുന്നിയുടെ അഭ്യന്തര രാഷ്‌ട്രീയത്തിലും ഏറെ പ്രധാനപ്പെട്ടതു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക