Image

ഇത്രയും കാലം പരാതിക്കാരിയായ നടി എവിടെയായിരുന്നു: ബാബുരാജ്

Published on 25 July, 2017
ഇത്രയും കാലം പരാതിക്കാരിയായ നടി എവിടെയായിരുന്നു: ബാബുരാജ്

സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി സമര്‍പ്പിച്ച നടി ഇത്രയും കാലം എവിടെയായിരുന്നുവെന്ന് നടന്‍ ബാബുരാജ്. ഹണിബീ 2ന്റെ ചിത്രീകരണം കഴിഞ്ഞ് 8 മാസത്തിനിപ്പുറമാണ് ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നും കാട്ടി ചിത്രത്തില്‍ അഭിനയിച്ച ഒരു നടി പരാതി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ബാബുരാജ് ഈ ചോദ്യം ഉന്നയിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ബാബുരാജ്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നാണ് ബാബുരാജ് വ്യക്തമാക്കുന്നത്.

ജീനിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാകാനാണ് സാധ്യതയെന്നും ജീനിനെ തനിക്ക് വളരെ അടുത്ത് അറിയാമെന്നും ബാബുരാജ് പറഞ്ഞു. ജീനും കൂട്ടുകാരും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും ബാബുരാജ് പറഞ്ഞു വെക്കുന്നു. എല്ലാവര്‍ക്കും സിനിമാക്കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമാണ്. ദിലീപിന്റെ കാര്യങ്ങള്‍ അറിയാന്‍ എല്ലാവരും ടിവിയ്ക്ക് മുന്നില്‍ കുത്തിയിരിക്കുകയാണ്. ഇതിലൂടെ സീരിയല്‍ റേറ്റിങ് കുറഞ്ഞതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി. തെറ്റുപറ്റാത്തവര്‍ ആരാണുള്ളതെന്നും സിനിമയിലുള്ളവരും മനുഷ്യരല്ലേയെന്നും ബാബുരാജ് ചോദിക്കുന്നു. ഹണിബീ 2 ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങളായി, ഇത്രയും നാള്‍ ഈ നടി എവിടെയായിരുന്നു എന്ന് ബാബുരാജ് ചോദിക്കുന്നു. മാത്രമല്ല നടി അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക