Image

ഇന്നസെന്റേട്ടനില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് ആഷിഖ് അബു

Published on 25 July, 2017
ഇന്നസെന്റേട്ടനില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് ആഷിഖ് അബു


താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോഴും ഇന്നസെന്റിനെ പോലുള്ള നടന്മാരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് ആഷിഖ് അബു പറഞ്ഞു. നല്ല ഒരു നടനാണ് ഇന്നസെന്റെന്നും എന്നാല്‍ അത് കൊണ്ട് മാത്രം ഒരാളെ ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും, നല്ല രീതിയില്‍ പരിഹസിച്ച് സംസാരിക്കാന്‍ അറിയാവുന്ന വ്യക്തികൂടിയായ ഇന്നസെന്റില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും ആഷിഖ് അബു പറയുന്നു.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തോട് പെണ്‍കുട്ടികള്‍ എന്തിനാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്നായിരുന്നു ഇന്നസെന്റ് ആദ്യമായി പ്രതികരിച്ചത്. താനൊരിക്കലും ഇന്നസെന്റേട്ടനെ കുറ്റം പറയില്ലെന്നും കാരണം അദ്ദേഹം അതാണെന്ന് തനിക്കറിയാമെന്നും ആഷിഖ് അബു പറഞ്ഞു. എംപിയായി പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല, അദ്ദേഹം ഒരു ദുഷ്ടനുമല്ല മറിച്ച് വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതിന്റെ രാഷ്ട്രീയ ശരിക്കേട് അദ്ദേഹത്തിന് അറിയില്ല എന്നതാണ് വസ്തുതയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.

സാമൂഹികബോധം തീര്‍ത്തും കുറവായ ഒരു മേഖലയാണ് സിനിമയെന്നും ആഷിക്ക് അബു വ്യക്തമാക്കുന്നു. ഇതെകുറിച്ചുള്ള സംശയം എത്ര സിനിമാ സെറ്റുകളിലാണ് പത്രം വാങ്ങാറുള്ളതെന്ന കാര്യം അന്വേഷിച്ചാല്‍ തീരും. സിനിമാ മാസികകളല്ലാതെ മറ്റൊന്നും സിനിമാ സെറ്റുകളില്‍ കാണാന്‍ സാധിക്കില്ല. ഓരോ സിനിമാ പ്രവര്‍ത്തകരും പൊട്ടക്കിണറ്റില്‍ കിടന്ന് അവിടെ നിന്നുമുള്ള ആകാശം മാത്രം കാണുകയാണ് ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക